ഗിയർലെസ് സ്‌കൂട്ടർ രംഗത്ത് രാജ്യത്ത് വിപ്ലവം സൃഷ്ടിച്ച വാഹനമാണ് ഹോണ്ട ആക്ടീവ. രാജ്യമാകെ ഇലക്ട്രിക്കിലേക്ക് മാറുമ്പോഴും ലക്ഷങ്ങളുടെ പ്രതിമാസ വിൽപ്പനയുമായി ഇന്നും മുന്നിലാണ് ഈ സ്കൂട്ടർ. ആക്ടീവയുടെ ആറാംതലമുറയാണ് നിലവിൽ പുറത്തിറങ്ങുന്നത്. ആദ്യ കാലത്ത് 100 സിസി എഞ്ചിനുമായി ഓടിത്തുടങ്ങിയ ആക്‌ടിവ പിന്നീട് 110 സിസിയിലേക്കും 125 സിസിയിലേക്കും പരിഷ്‍കരിക്കപ്പെട്ടു.
ആക്‌ടിവ 6 ജിയിൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് കമ്പനി എച്ച്-സ്മാർട്ട് എന്നൊരു പതിപ്പ് അവതരിപ്പിച്ചിരുന്നു. ഫിസിക്കൽ കീ ഉപയോഗിക്കാതെ സ്‌കൂട്ടർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്മാർട്ട് കീ റൈഡറെ അനുവദിക്കുന്ന സംവിധാനമായിരുന്നു ഇത്. ഇതാവട്ടെ ജനങ്ങൾക്കിടയിൽ നിന്നും വലിയ സ്വീകാര്യത നേടുകയും ചെയ്‌തു. ഇതു കണക്കിലെടുത്ത് ഹോണ്ട ഈ സാങ്കേതികവിദ്യ 125 സിസി വേരിയന്റിലേക്കും ഉൾപ്പെടുത്താൻ പോകുന്നതായാണ് സൂചന.
ആക്ടിവ 6 ജിക്ക് ഡിജിറ്റൽ ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ കൂടുതൽ ഫീച്ചറുകൾ ലഭിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് 125 മോഡലിലേക്ക് പുതിയ സജ്ജീകരണങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ സൂചനകൾ നൽകുന്ന പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ ഡീലർഷിപ്പ് വൃത്തങ്ങൾ പുറത്തുവിട്ടിട്ടുമുണ്ട്. സ്മാർട്ടിവ എന്ന വിശേഷണവുമായാണ് ആക്‌ടിവ 125 H-സ്മാർട്ട് പതിപ്പിന്റെ പുതിയ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സ്മാർട്ട് ഫൈൻഡ്, സ്‌മാർട്ട് അൺലോക്ക്, സ്‌മാർട്ട് സ്റ്റാർട്ട്, സ്‌മാർട്ട് സേഫ് തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയ പുതിയ സ്‌മാർട്ട് കീയുടെ ലഭ്യതയായിരിക്കും സ്കൂട്ടറിലേക്കുള്ള പ്രധാന കൂട്ടിച്ചേർക്കൽ. സ്‌മാർട്ട് കീയിലെ ആൻസർ ബാക്ക് സിസ്റ്റം വാഹനം എളുപ്പത്തിൽ കണ്ടെത്തുന്നതിനും സഹായകരമാവും. ആൻസർ ബാക്ക് ബട്ടൺ അമർത്തുമ്പോൾ നാല് ടേൺ സിഗ്നലുകളും മിന്നിമറയുന്ന രീതിയിലാണ് ഈ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. വലിയ പാർക്കിംഗ് ഏരിയിലെല്ലാം സ്കൂട്ടർ കണ്ടുപിടിക്കുന്നതിന് ഇത് സഹായകരമാവും.
ഫിസിക്കൽ കീ ഉപയോഗിക്കാതെ വാഹനം ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്മാർട്ട് കീ സഹായിക്കുന്നുവെന്നതും പ്രത്യേകതയാണ്. ഇത്തരത്തിൽ ആക്ടിവേഷൻ കഴിഞ്ഞ് 20 സെക്കൻഡിൽ ഒരു പ്രവർത്തനവും സിസ്റ്റം കണ്ടെത്തുന്നില്ലെങ്കിൽ സ്കൂട്ടർ സ്വയമേവ ഓഫാവുന്ന രീതിയും ഹോണ്ട കോർത്തിണക്കിയിട്ടുണ്ട്. സ്‌കൂട്ടറിന്റെ 2 മീറ്റർ പരിധിയിലാണ് സ്‌മാർട്ട് കീ ഉള്ളതെങ്കിൽ ലോക്ക് മോഡിലെ നോബ് ഇഗ്‌നിഷൻ പൊസിഷനിലേക്ക് തിരിക്കുകയും കീ പുറത്തെടുക്കാതെ സ്റ്റാർട്ട് ബട്ടൺ അമർത്തുകയും ചെയ്‌ത് റൈഡർക്ക് സുഗമമായി വാഹനം ഓടിച്ചുപോവാം.
ഈ ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നത് മാറ്റിനിർത്തിയാൽ ആക്‌ടിവ 125 പതിപ്പിന് മറ്റ് ഡിസൈൻ, മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും വരാൻ സാധ്യതയില്ല. സിംഗിൾ പീസ് സീറ്റ്, ഗ്രാബ് ഹാൻഡിൽ, ഫ്രണ്ട് ഏപ്രോണിൽ ഘടിപ്പിച്ചിരിക്കുന്ന ടേൺ ഇൻഡിക്കേറ്ററുകൾക്കിടയിലുള്ള ക്രോം ട്രിം, ചെറിയ ബ്ലാക്ക് ഫ്ലൈസ്‌ക്രീൻ, എൽഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് ഫംഗ്‌ഷൻ, അപ്-റൈറ്റ് ഹാൻഡിൽബാർ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിഗ്‌നേച്ചർ സൈഡ് ബോഡി വർക്ക്, ബ്ലാക്ക് അലോയ് വീലുകൾ, റിയർവ്യൂ മിററുകൾ തുടങ്ങിയവ സവിശേഷതകളെല്ലാം സ്കൂട്ടറിൽ അതേപടി തുടരും.
ആക്ടിവ 125 H-സ്മാർട്ട് വേരിയന്റിന് സ്റ്റാൻഡേർഡ് പതിപ്പുകളെ അപേക്ഷിച്ച് 3,000 മുതൽ 4,000 രൂപ വരെ അധികം മുടക്കേണ്ടി വന്നേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.