ഒരു കാലത്ത് ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ പ്രശസ്തമായിരുന്നൊരു പേരാണ് എൽ.എം.എൽ എന്നത്. പിന്നീടിവർ വാഹന നിർമാണത്തിൽനിന്ന് പിന്മാറുകയായിരുന്നു. അടുത്തിടെയാണ് എൽ.എം.എൽ വീണ്ടും വിപണിയിൽ സജീവമായത്. ഇത്തവണ ഇലക്ട്രിക് ആയാണ് കമ്പനി തിരിച്ചെത്തിയത്.
എൽ.എം.എൽ, 2023 ഓട്ടോ എക്സ്പോയിൽ തങ്ങളുടെ സ്റ്റാർ ഇവിയെ പുറത്തിറക്കി. ഓട്ടോ എക്‌സ്‌പോയുടെ രണ്ടാം ദിനമാണ് കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായ സ്റ്റാർ പ്രദർശിപ്പിച്ചത്. പുതിയ ഇവിക്കായുള്ള ബുക്കിങ് ഇന്ത്യയിൽ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. കമ്പനിയുടെ മോഡൽ നിരയിലേക്ക് വരാനിരിക്കുന്ന മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ആദ്യത്തേതാണ് സ്റ്റാർ.
തികച്ചും ഫ്യൂച്ചറിസ്റ്റിക് ഡിസൈനുമായാണ് വാഹനം വരുന്നത്. ബോഡിയിൽ റെഡ് ആക്സന്റുകളോടൊപ്പം കറുപ്പും വെളുപ്പും ചേർന്ന ഡ്യുവൽ-ടോൺ കളർ ഓപ്ഷനാണ് ഇ.വിക്ക് നൽകിയിരിക്കുന്നത്. എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലാമ്പുകൾക്കൊപ്പം എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്‌ലാമ്പും ലഭിക്കും.
360 ഡിഗ്രി ക്യാമറയും ആംബിയന്റ് ലൈറ്റും
രാജ്യത്ത് ആദ്യമായിട്ടാകും ഒരു ഇരുചക്ര വാഹനത്തിന് 360 ഡിഗ്രി കാമറയും ആംബിയന്റ് ലൈറ്റിങും പോലുള്ള സവിശേഷതകൾ ലഭിക്കുന്നത്. മുഴുവൻ എൽ.ഇ.ഡി ലൈറ്റിങ്ങാണ് വാഹനത്തിന്. ഒരു ഇന്ററാക്ടീവ് ഡിസ്‌പ്ലേയും ഇ.വിക്ക് എൽ.എം.എൽ ഒരുക്കിയിട്ടുണ്ട്. അത് കസ്റ്റമൈസ് ചെയ്യാവുന്നതാണ്. ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകൾ, ബാക്ക്‌ലൈറ്റുകൾ, കണക്റ്റഡ് ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയും ലഭിക്കും.
സ്റ്റാർ മോഡലിനെ ഇന്ത്യൻ വിപണിയിൽ മാത്രമല്ല, യൂറോപ്പ്, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ വികസിത വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് ബ്രാൻഡ് ഉദ്ദേശിച്ചിക്കുന്നത്. എബിഎസ്, റിവേഴ്‌സ് പാർക്ക് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും പ്രത്യേകതകളാണ്.
ഫുട്‌ബോർഡിൽ സ്ഥാപിച്ചിട്ടുള്ള നീക്കം ചെയ്യാവുന്ന ബാറ്ററിയാണ് സ്കൂട്ടറിൽ. മികച്ച ഇൻ-ക്ലാസ് ബൂട്ട് സ്‌പേസും ഇതുകാരണം ലഭിക്കും. എൽ.എം.എൽ-ന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് സ്റ്റാർ ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.