വാഹന കേമ്പാളത്തിൽ തൽക്കാലം നികുതിയിളവ് വേണ്ടെന്ന് മാരുതി സുസുകി. ഡിസംബറിന് ശേഷമുള്ള ഡിമാൻഡിൽ വൻ ഇടിവ് വരാൻ സാധ്യതയുണ്ടെന്ന മേഖലയിലെ വിദഗ്ധരുടെ മുന്നറിയിപ്പ് നിലനിൽക്കെയാണ് മാരുതിയുടെ നിലപാട്. വിൽപ്പന വർധിപ്പിക്കുന്നതിന് കാറുകളുടെ നികുതിയോ ചരക്ക് സേവന നികുതിയോ (ജി.എസ്.ടി) വെട്ടിക്കുറയ്ക്കേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കൾ പറയുന്നത്.
കൊറോണ കാരണം സാമ്പത്തിക പ്രവർത്തനങ്ങൾ നിലച്ചതിനെത്തുടർന്ന് വിൽപ്പന വർധിപ്പിക്കുന്നതിന് കാറുകളുടെ നികുതി നിരക്ക് താൽക്കാലികമായി 10% കുറയ്ക്കാൻ നിരവധി വാഹന നിർമാതാക്കൾ സർക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് മാരുതി വിപരീദ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഉൽപ്പാദനം വർധിപ്പിക്കുന്നതിലെ തടസങ്ങൾ വിൽപ്പനയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഡിമാൻഡിൽ യഥാർഥ മാന്ദ്യമില്ലെന്നുമാണ് മാരുതി ചെയർമാൻ ആർ.സി. ഭാർഗവ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
മാരുതി സുസുകി ത്രൈമാസ ലാഭത്തിൽ ഒരു ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.'ഉൽപാദിപ്പിക്കുന്ന വാഹനങ്ങൾ ആവശ്യകത ഒട്ടും കുറയാത്തതിനാൽ നികുതിയിളവ് നൽകുന്നത് അനാവശ്യമായിരിക്കും'-ഭാർഗവ പറഞ്ഞു.
വ്യക്തിഗത ഗതാഗത ആവശ്യകത വർധിച്ചതും ഉത്സവ സീസണും കാരണം ഒക്ടോബർ മുതൽ ഡിസംബർ വരെ മികച്ച വിൽപ്പന ലഭിക്കുമെന്നും ഭാർഗവ പറഞ്ഞു. നവംബർ പകുതിയോടെ അവസാനിക്കുന്ന ദീപാവലി ഉത്സവകാലത്തെ വളരെ പ്രതീക്ഷയോടെയാണ് വാഹന കമ്പനികൾ കാണുന്നത്. എന്നിരുന്നാലും ജനുവരി മുതൽ വിൽപ്പന എന്താകുമെന്ന് പ്രവചിക്കാൻ പ്രയാസമാണെന്നും കാറുകളുടെ ഹ്രസ്വകാല ആവശ്യം അപ്പോഴേക്കും നിറവേറ്റപ്പെടുമെന്നും അദ്ദേഹം പറയുന്നു. സെപ്റ്റംബർ 30 ന് അവസാനിച്ച മൂന്ന് മാസങ്ങളിൽ 1372 കോടി രൂപയുടെ അറ്റാദായമാണ് മാരുതി രേഖപ്പെടുത്തിയത്. ചെറുകിട കാറുകളുടെ ഡിമാൻഡ് വർധിച്ചതോടെ ആഭ്യന്തര കാർ വിൽപ്പന 18.6 ശതമാനം ഉയർന്ന് 370,619 യൂനിറ്റായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.