ന്യൂഡൽഹി: വാഹന നിർമാതാക്കൾ വിലവർധന പ്രഖ്യാപിച്ചതിനാൽ എൻട്രി ലെവൽ ഹാച്ച്ബാക്കുകൾ മുതൽ ഉയർന്ന ആഡംബര ഓഫറുകൾ വരെയുള്ള വിവിധ കാർ മോഡലുകളുടെ വിലകൾ ഉയരാൻ ഒരുങ്ങുകയാണ്. വർധിച്ചു വരുന്ന ഇൻപുട്ട് ചെലവുകളും പ്രവർത്തന ചെലവുകളും ചൂണ്ടിക്കാണിച്ചാണ് അടുത്ത മാസം മുതൽ വില വർധന നടപ്പാക്കാൻ കാർ നിർമാതാക്കൾ മുതിരുന്നത്.
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ജനുവരി മുതൽ വാഹന വില 4 ശതമാനം വരെ വർധിപ്പിക്കാൻ പദ്ധതിയിടുന്നു. എൻട്രി ലെവൽ ആൾട്ടോ കെ10 മുതൽ മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ ഇൻവിക്ടോ വരെയുള്ള മോഡലുകൾ വിൽക്കുന്ന കമ്പനി, ഇൻപുട്ട് ചെലവുകളുടെയും പ്രവർത്തനച്ചെലവുകളുടെയും വെളിച്ചത്തിൽ വില വർധിപ്പിക്കുകയാണെന്ന് പറഞ്ഞു.
എതിരാളിയായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും ജനുവരി 1 മുതൽ മോഡൽ ശ്രേണിയുടെ വില 25,000 രൂപ വരെ വർധിപ്പിക്കാൻ നോക്കുന്നു. പ്രതികൂലമായ വിനിമയ നിരക്ക്, ലോജിസ്റ്റിക്സ് ചെലവുകളിലെ വർധനവ് എന്നിവ മൂലമാണ് വില വർധന ആവശ്യമായി വന്നതെന്ന് ‘വെർണ’യുടെയും ‘ക്രെറ്റ’യുടെയും നിർമാതാക്കൾ പറഞ്ഞു.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ എസ്.യുവികളുടെയും വാണിജ്യ വാഹനങ്ങളുടെയും വില ജനുവരി മുതൽ 3 ശതമാനം വരെ വർധിപ്പിക്കും. പണപ്പെരുപ്പവും ചരക്ക് വില വർധിച്ചതും മൂലമുള്ള ഭാരിച്ച ചെലവുകൾക്ക് മറുപടിയായാണ് ഈ ക്രമീകരണമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചു. JSW MG മോട്ടോർ ഇന്ത്യ അതിന്റെ മുഴുവൻ മോഡൽ ശ്രേണിയുടെയും വില അടുത്ത മാസം മുതൽ 3 ശതമാനം വരെ വർധിപ്പിക്കുമെന്ന് അറിയിച്ചു.
ഹോണ്ട കാർസ് ഇന്ത്യയും വില വർധനവ് പരിഗണിക്കുന്നുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ആഡംബര കാർ വിപണിയിലെ മുൻനിരക്കാരായ മെഴ്‌സിഡസ് ബെൻസ് ഇന്ത്യ വില 3 ശതമാനം വരെ വർധിപ്പിക്കാൻ പദ്ധതിയിടുന്നു. വർധിച്ചുവരുന്ന ചരക്ക് വിലകളും നിരന്തരമായ പണപ്പെരുപ്പ സമ്മർദ്ദങ്ങളാൽ നയിക്കപ്പെടുന്ന ഉയർന്ന ലോജിസ്റ്റിക് ചെലവുകളും കമ്പനിയുടെ മൊത്തത്തിലുള്ള പ്രവർത്തന ചെലവിൽ കാര്യമായ സമ്മർദ്ദം ചെലുത്തുന്നുവെന്ന് മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ പ്രസ്താവിച്ചു. മെഴ്‌സിഡസ്-ബെൻസ് കാറുകളുടെ വില ജി.എൽ.സിക്ക് 2 ലക്ഷം രൂപ മുതൽ ഏറ്റവും മികച്ച Mercedes-Maybach S 680 ആഡംബര ലിമോസിന് 9 ലക്ഷം രൂപ വരെയാണ്.
ഇൻപുട്ട്, ഗതാഗത ചെലവ് എന്നിവയിലെ വർധനവ് കാരണം ഔഡി ഇന്ത്യ മോഡൽ ശ്രേണിയിൽ 3 ശതമാനം വരെ വില വർധിപ്പിക്കും. സുസ്ഥിരമായ വളർച്ച ഉറപ്പാക്കാൻ ഔഡി ഇന്ത്യക്കും തങ്ങളുടെ ഡീലർ പങ്കാളികൾക്കും ഈ തിരുത്തൽ അനിവാര്യമാണെന്ന് ഔഡി ഇന്ത്യാ മേധാവി ബൽബീർ സിങ് ധില്ലൺ പറഞ്ഞു. ബി.എം.ഡബ്ല്യു ഇന്ത്യയും അതിന്റെ മോഡൽ ശ്രേണിയുടെ വില 3 ശതമാനം വരെ വർധിപ്പിക്കാൻ നോക്കുന്നു.
സാധാരണ എല്ലാ വർഷവും ഡിസംബറിൽ വാഹന കമ്പനികൾ വർഷത്തിന്റെ അവസാന മാസത്തിലുള്ള വിൽപ്പന വർധിപ്പിക്കുന്നതിനായി ഈ വ്യായാമം നടത്താറുണ്ട്. പുതിയ വർഷം നിർമിച്ച യൂണിറ്റുകൾ ലഭിക്കുന്നതിന് ഉപഭോക്താക്കൾ വാങ്ങലുകൾ പിന്നീടുള്ള മാസങ്ങളിലേക്ക് മാറ്റിവെക്കുന്നതിനാലാണിത്.
‘ഇന്ത്യയിൽ വാഹന വിലക്കയറ്റത്തിന്റെ ചില സൈക്കിളുകൾ ഞങ്ങൾ കണ്ടിട്ടുണ്ട്. കലണ്ടർ വർഷത്തിന്റെയും സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിലാണ് സാധാരണയായി ഇത് സംഭവിക്കുക. എന്നാൽ, കുറച്ച് ഒ.ഇ.എമ്മുകൾ ( വാഹനോപകരണ നിർമാതാക്കൾ) അവരുടെ ആസൂത്രിത ലോഞ്ചുകൾ അടിസ്ഥാനമാക്കി സമയം തിരഞ്ഞെടുക്കുന്നു’- ഡിലോയിറ്റ് ഇന്ത്യ പാർട്ണർ രജത് മഹാജൻ പറഞ്ഞു. വിലവർധനവിന് ഒന്നിലധികം ഘടകങ്ങൾ ഉണ്ടാകാമെങ്കിലും രണ്ടാം പാദത്തിൽ ഏതാനും വലിയ ഓട്ടോ ഒ.ഇ.എമ്മുകളുടെ ലാഭക്ഷമതയിലുണ്ടായ ഇടിവാണ് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്സവ സീസണായതിനാൽ വില പരിഷ്‌കരണങ്ങൾ അവരൊന്നും നടത്തിയിട്ടില്ല. അതിനാൽ, നാലാം പാദത്തിന്റെ തുടക്കത്തിൽ ഇത് പ്രതീക്ഷിക്കുന്നു.
സാമഗ്രികളുടെ വർധിച്ചുവരുന്ന ചെലവുകൾ, വിപുലമായ ഫീച്ചറുകളിലേക്ക് ഉപഭോക്തൃ മുൻഗണനകൾ മാറുന്നത്, അതേസമയം പണമടക്കാനുള്ള കുറഞ്ഞ സന്നദ്ധത, ഉത്സവകാല കിഴിവുകൾക്കിടയിലും ഉയർന്ന സാമഗ്രികൾ വഹിക്കുന്നതിനുള ചെലവ് നികത്താൻ ഡീലർമാരുടെ സമ്മർദം തുടങ്ങിയവ ലാഭക്ഷമതയെ ബാധിക്കുന്നുവെന്നും മഹാജൻ പറഞ്ഞു.
പണപ്പെരുപ്പ സമ്മർദവും ചരക്ക് വിലയും കാരണം പ്രവർത്തന ചെലവ് വർധിക്കുന്നതുപോലുള്ള ഘടകങ്ങൾ നികത്താൻ വാഹന നിർമാതാക്കൾ പൊതുവെ കലണ്ടർ വർഷത്തിന്റെ തുടക്കത്തിൽ വില വർധിപ്പിക്കാറുണ്ടെന്ന് ‘ഇക്ര’ വൈസ് പ്രസിഡന്‍റ് രോഹൻ കൻവർ ഗുപ്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.