ഗരിമ കാക്കാൻ റോണിൻ; ഇന്ത്യക്കാർക്കായി പുതിയൊരു ബൈക്കുകൂടി

ടി.വി.എസ് കുടുംബത്തിൽ നിന്ന് പുതിയൊരു വാഹനംകൂടി നിരത്തിലെത്തുന്നു. ജൂലൈ ആറിന് പുറത്തിറങ്ങുന്ന വാഹനത്തിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചു. ടി.വി.എസ് ബൈക്കുകൾ മികച്ച അഭിപ്രായം തേടി മുന്നേറുന്നതിനിടെയാണ് പുതിയൊരു അംഗം കൂടി എത്തുന്നത്.


സ്‌ക്രാംബ്ലറിനും കഫേ റേസറിനും ഇടയിൽ വരുന്ന രൂപമാണ് റോണിന്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, വെള്ളത്തുള്ളിയുടെ ആകൃതിയിലുള്ള ഇന്ധന ടാങ്ക്, ഫ്ലാറ്റ് സൈഡ് പാനൽ, ബ്രൗൺ സിംഗിൾ പീസ് സീറ്റ്, പിന്നിൽ ട്യൂബുലാർ ഗ്രാബ്-റെയിൽ എന്നിവ ബൈക്കിലുണ്ട്. ടെയിൽ-ലൈറ്റും ഇൻഡിക്കേറ്ററുകളും സീറ്റിന് താഴെയായി സ്ഥിതിചെയ്യുന്നു. വളഞ്ഞ ഫെൻഡറുകൾ, ഡ്യുവൽ-ടോൺ പെയിന്റ്, ബ്ലാക്ക്ഡ്-ഔട്ട് എഞ്ചിൻ എന്നിവയാണ് മറ്റ് ഡിസൈൻ ഘടകങ്ങൾ.


വലിയ എക്സ്ഹോസ്റ്റിന് കറുത്തനിറമാണ്. എക്സ്ഹോസ്റ്റിന്റെ അറ്റത്ത് ക്രോം ഫിനിഷുമുണ്ട്. മൊത്തത്തിൽ, റോണിന്റെ ഡിസൈൻ പരമ്പരാഗത ടിവിഎസ് ബൈക്കുകളിൽനിന്ന് വ്യത്യസ്തമാണ്.ടി.വി.എസിന്റെ സ്മാർട്ട് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റം റോണിനിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഇൻകമിംഗ് കോളുകൾ, എസ്.എം.എസ്, ഇ-മെയിൽ അലേർട്ടുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ സിസ്റ്റം പ്രദർശിപ്പിക്കും. പുതിയ ഷാസിയിലാവും വാഹനം നിർമിച്ചിരിക്കുന്നത് എന്നാണ് സൂചന.


മുന്നിൽ സ്വർണ്ണ നിറത്തിലുള്ള യു.എസ്.ഡി ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് സസ്​പെൻഷൻ ഡ്യൂട്ടി നിർവ്വഹിക്കുന്നത്. ഡ്യുവൽ പർപ്പസ് ടയറുകളുള്ള മൾട്ടി-സ്‌പോക്ക് അലോയ് വീലുകളിലാണ് ബൈക്ക് ഓടുന്നത്. ബ്രേക്കിങ് ഡ്യൂട്ടിക്കായി രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ നൽകിയിട്ടുണ്ട്. ഇരട്ട-ചാനൽ എബിഎസും വാഹനത്തിലുണ്ട്. എഞ്ചിനെ സംബന്ധിച്ചുള്ള വിവരങ്ങൾ പൂർണമായും പുറത്തുവന്നിട്ടില്ല. ടി.വി.എസിന്റെ എയർ-ഓയിൽ-കൂൾഡ് യൂനിറ്റാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടിവിഎസ് അപ്പാച്ചെ RTR 200 4V യേക്കാൾ ഉയർന്ന ക്യൂബിക് കപ്പാസിറ്റി എഞ്ചിന് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ബൈക്കിന്റെ ബുക്കിങ് ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.