'പവർ ഇൻ സ്റ്റൈൽ': ഫോർവീൽ ലെജൻഡർ അവതരിപ്പിച്ച്​ ടൊയോട്ട

ബംഗളൂരു: ലെജൻഡർ എസ്‌.യു.വിയുടെ ഫോർവീൽ പതിപ്പുമായി ടൊയോട്ട. ഫോർച്യൂണറിനൊപ്പം അവതരിപ്പിച്ച ലെജൻഡർ ഡീസൽ വേരിയന്റിലാണ് ഫോർവീൽ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്​. മികച്ച പെർഫോമൻസ് ഇഷ്​ടപ്പെടുന്നവരുടെയും ആഡംബര എസ്‌.യു.വി തേടുന്നവരുടെയും വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന്​ ലെജൻഡർ 'പവർ ഇൻ സ്റ്റൈൽ' ആയാണ് പുറത്തിറക്കിയിരിക്കുന്നതെന്ന്​ കമ്പനി പറയുന്നു.


സ്റ്റാൻഡേർഡ് ഫോർച്യൂണറും ലെജൻഡറും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ രൂപത്തിലാണ്. പുതിയ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്​ലൈറ്റുകളും മുൻ ബമ്പറും, പുതിയ 18 ഇഞ്ച് വീലുകളും സ്ലിമ്മർ എൽഇഡി ടെയിൽ ലൈറ്റുകളും ലെജൻഡറിൽ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന്​ വളരെ വ്യത്യസ്തമാണ്. സ്പ്ലിറ്റ് ഗ്രില്ലും എൽഇഡി ഹെഡ്​ലൈറ്റുകളും ഡിആർഎല്ലുകൾക്ക്​ സവിശേഷമായ രൂപകൽപ്പനയും ലജൻഡറിനുണ്ട്​. സീക്വൻഷൽ ടേൺ ഇൻഡിക്കേറ്ററുകൾ, ഡ്യുവൽ ടോൺ 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ലഭിക്കും. മറ്റൊരു വ്യത്യാസം നിറത്തിലാണ്. സ്റ്റാൻഡേർഡ് ഫോർച്യൂണറിന് എട്ട് വ്യത്യസ്ത പെയിന്‍റ്​ ഷേഡുകൾ നൽകുന്നുണ്ട്​. പക്ഷേ ഡ്യുവൽ-ടോൺ കളറുകളൊന്നും ഇവയിലില്ല. അതേസമയം ലെജൻഡറിന് ഇരട്ട-ടോൺ പെയിന്‍റ്​ സ്കീം മാത്രമാണുള്ളത്​. പേൾ വൈറ്റും കറുപ്പുമാണ്​ ലെജൻഡറിന്‍റെ ഒരേ​യൊരു നിറം.


ഇന്‍റീരിയർ

ഫോർച്യൂണറിലെ പരിഷ്​കാരങ്ങളെല്ലാം ലെജൻഡറിനും ലഭിക്കും. കണക്റ്റഡ്​ കാർ ടെക്കിനൊപ്പം 8.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ്​ സിസ്റ്റവും ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്​ഡ്​ ഓട്ടോ എന്നിവയുമുണ്ട്​. സ്റ്റാൻഡേർഡ് ഫോർച്യൂണറും ലെജൻഡറും തമ്മിലുള്ള പ്രധാന വ്യത്യാസം ഉള്ളിലെ നിറത്തിലാണ്​. സ്റ്റാൻഡേർഡ് ഫോർച്യൂണറിന് കറുപ്പ് അല്ലെങ്കിൽ ബീജ്​ ഇന്‍റീരിയർ ആണുള്ളത്​. ലെജൻഡറിനുള്ള ഒരേയൊരു കളർ സ്കീം കറുപ്പും മെറൂണുമാണ്. മെറൂണിലെ കോൺട്രാസ്റ്റ് സ്റ്റിച്ചിങും പ്രത്യേകതയാണ്​. ഇൻസ്ട്രുമെന്‍റ്​ ക്ലസ്റ്ററിനുള്ള ബ്ലാക്ക് ഡയലുകൾ (സ്റ്റാൻഡേർഡ് ഫോർച്യൂണറിൽ നീല), റിയർ യുഎസ്ബി ചാർജിങ്​ പോർട്ട്, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിങ്​, ആംബിയന്‍റ്​ ലൈറ്റിങ്​, ഓട്ടോ-ഡിമ്മിംഗ് ഇന്‍റീരിയർ റിയർ വ്യൂ മിറർ, ഹാൻഡ്സ് ഫ്രീ ടെയിൽ-ഗേറ്റ് ഓപ്പണിംഗ്, 11 സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം എന്നിവയും ലെജൻഡറിലുണ്ട്​.

എഞ്ചിൻ

സ്റ്റാൻ‌ഡേർഡ് ഫോർ‌ച്യൂണറും ലെജൻഡറും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം അവരുടെ പവർ‌ട്രെയിൻ ഓപ്ഷനുകളിലാണ്. ഫോർച്യൂണറാണ്​ എഞ്ചിന്‍റെ കാര്യത്തിൽ സമ്പന്നൻ എന്ന്​പറയാം. പഴയ 2.7 ലിറ്റർ പെട്രോൾ എഞ്ചിൻ മാറ്റമില്ലാതെ തുടരുന്നുണ്ട്​. ഇത് 166 എച്ച്പി കരുത്തും 245 എൻഎം ടോർക്കും ഉത്​പാദിപ്പിക്കും. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിൽ വാഹനം ലഭ്യമാണ്. അപ്ഡേറ്റ് ചെയ്ത 2.8 ലിറ്റർ ഡീസൽ എഞ്ചിനും ഫോർച്യൂണറിലുണ്ട്​. 204 എച്ച്പി കരുത്തുള്ള ഈ എഞ്ചിൻ 6 സ്പീഡ് മാനുവലുമായി ചേരുമ്പോൾ 420 എൻഎം ടോർക്കും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി ചേരുമ്പോൾ 500 എൻഎം ടോർക്കും സൃഷ്ടിക്കുന്നു.

സ്റ്റാൻഡേർഡ് ഫോർച്യൂണറിന് രണ്ട്, നാല്-വീൽ ഡ്രൈവ് പതിപ്പുകൾ ഉണ്ടായിരിക്കും. ലെജൻഡർ 2.8 ലിറ്റർ ഡീസൽ എഞ്ചിനിൽ 6 സ്പീഡ് ഓട്ടോമാറ്റിക്ക്​ ഗിയർബോക്​സുമായി രണ്ട്​വീൽ, ഫോർവീൽ ഡ്രൈവിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. ലെജൻഡർ 2.8 ലി 4 ഡബ്‌ള്യു ഡി (ഡീസൽ) എക്‌സ് ഷോറൂം വില 42,33,000 രൂപയാണ്​.

Tags:    
News Summary - Toyota Fortuner Legender 4x4 SUV launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.