മാരുതി സുസുകിയുടെ ജനപ്രിയ മോഡലായ എർട്ടിഗയുടെ ബാഡ്ജ് എഞ്ചിനീയറിങ് പതിപ്പുമായി ടൊയോട്ട. റൂമിയോൺ എന്ന് പേരിട്ടിരിക്കുന്ന പുതിയ വാഹനം ദക്ഷിണാഫ്രിക്കൻ വിപണിയിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു. എം.പി.വിയുടെ അവതരണം മാത്രമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. വില പിന്നീട് പുറത്തുവിടുമെന്ന് ടൊയോട്ട അറിയിച്ചു.
റൂമിയോൺ നിർമിക്കുന്നതും വിതരണം ചെയ്യുന്നതും മാരുതി സുസുകിയാണ്. ‘ബേബി ക്രിസ്റ്റ’ എന്നാണ് ടൊയോട്ട റൂമിയോണിനെ വിശേഷിപ്പിക്കുന്നത്. ആദ്യ കാഴ്ച്ചയിൽ എർട്ടിഗയേക്കാൾ രൂപഭംഗി റൂമിയോണിന് തോന്നാനിടയുണ്ട്. ക്രിസ്റ്റയെ ഓർമപ്പെടുത്തുന്ന ഫ്രണ്ട് ഗ്രില്ലാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. പുതിയ ഫോഗ് ലാമ്പ് സറൗണ്ടുകൾ,ഡ്യുവൽ-ടോൺ അലോയ് വീലുകൾ, മിനുക്കിയ ബമ്പർ എന്നിവയെല്ലാം ടൊയോട്ട ഫീൽ നൽകുന്നു.
ഇന്റീരിയറിൽ വുഡ് പോലെയുള്ള ഇൻസേർട്ടുകളുള്ള ബ്ലാക്ക്ഡ്-ഔട്ട് ഡാഷ്ബോർഡാണ് ടൊയോട്ട റൂമിയോണിന് സമ്മാനിച്ചിരിക്കുന്നത്. എർട്ടിഗയ്ക്ക് സമാനമായി ബീജ് നിറത്തിലുള്ള അപ്ഹോൾസറിയുമുണ്ട്. മറ്റ് ഫീച്ചറുകൾ എർട്ടിഗയ്ക്ക് സമാനമാണ്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോൾ സഹിതമുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീൽ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് പ്രധാന ഹൈലൈറ്റ്.
1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായാണ് റൂമിയോൺ നിരത്തിലെത്തുന്നത്. എഞ്ചിൻ 103 bhp പവറും 137 Nm ടോർക്കും ഉത്പ്പാദിപ്പിക്കും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ്. പെട്രോൾ പതിപ്പിന് 20.51 കിലോമീറ്റർ മൈലേജ് വരെയുണ്ടെന്ന് ടൊയോട്ട അവകാശപ്പെടുന്നു. പെട്രോളിന് പുറമെ 26.11 കിലോമീറ്റർ ഇന്ധനക്ഷമതയുള്ള സി.എൻ.ജി വേരിയന്റും അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.