എഫ്‌.ജെ ക്രൂയിസറിന്‍റെ മിനി പതിപ്പ്; കുഞ്ഞൻ എസ്.യു.വി അവതരിപ്പിക്കാൻ ടൊയോട്ട

വിപണി കീഴടക്കാന്‍ കുഞ്ഞന്‍ എസ്.യു.വി അവതരിപ്പിക്കാനുള്ള തയാറെടുപ്പുമായി ടൊയോട്ട. താൽക്കാലികമായി മിനി എസ്.യു.വി എന്ന് പേരിട്ടിരിക്കുന്ന വാഹനം ടൊയോട്ടയുടെ ആഗോള മോഡല്‍ ആയ എഫ്‌.ജെ ക്രൂയിസറിന്‍റെ മിനി പതിപ്പായിരിക്കും എന്നാണ് സൂചന. ഫോര്‍ച്യൂണറിനെക്കാള്‍ ചെറുതും വിലകുറവുള്ളതുമായ മോഡല്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഫോര്‍ച്യൂണര്‍ എഫ്‌.ജെ എന്നോ ലാന്‍ഡ് ക്രൂയിസര്‍ എഫ്‌.ജെ എന്നോ പേരിടാനാണു സാധ്യത.

ഫോര്‍ച്യൂണറിനും ഹൈക്രോസ് ടോപ്പ് എന്‍ഡ് മോഡലിനും ഇടയില്‍ നിലവില്‍ ടോയോട്ടയ്ക്ക് വാഹനമില്ല. ആ വിടവ് നികത്താനാണ് ഈ വാഹനത്തിലൂടെ ടോയോട്ട ശ്രമിക്കുന്നത്. നവംബറില്‍ നിര്‍മാണം ആരംഭിക്കുന്ന എസ്.യുവി തുടക്കത്തില്‍ തായ്‌ലന്‍ഡിലായിരിക്കും വില്‍പനക്കെത്തുക. ലാഡര്‍ ഫ്രെയിം ഷാസിയില്‍ നിര്‍മിക്കുന്ന വാഹനം ഫോര്‍ച്യൂണറിന്‍റെ ചെറുരൂപമായിരിക്കും എന്നാണു കരുതുന്നത്. ഐ.എം.വി പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ വാഹനം എത്തുക. ഹൈലെക്‌സ്, ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ, ഹൈലക്‌സ് ചാമ്പ് തുടങ്ങിയ വാഹനങ്ങളും ഇതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണു നിര്‍മിക്കുന്നത്.

ക്രിസ്റ്റക്കും ഫോര്‍ച്യൂണറിനും സമാനമായ 2750 എം.എം വീല്‍ബേസ് പുതിയ എസ്.യു.വിക്കുണ്ടാകും 4.5 മീറ്ററില്‍ താഴെയായിരിക്കും വാഹനത്തിന്‍റെ നീളം. 2.4 ലിറ്റര്‍, 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളും 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും വാഹനത്തിനുണ്ടാകും. ഇന്ത്യന്‍ വിപണിക്കായി പരിഗണിച്ചിരുന്ന സി.എസ്.യു.വിയുടെ പദ്ധതി ടൊയോട്ട ഉപേക്ഷിച്ചതിനാല്‍ മിനി ഫോര്‍ച്യൂണര്‍ വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് വാഹന പ്രേമികൾ പ്രതീക്ഷിക്കുന്നത്.  

Tags:    
News Summary - Toyota to Launch New SUV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.