ആഗോളതലത്തിൽ സുസുക്കി സ്വിഫ്റ്റിന്‍റെ പുതിയൊരു വേരിയന്‍റുകൂടി പുറത്തിറക്കി. ചാംപ്യൻഷിപ്പ് എഡിഷൻ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് വില അൽപ്പം കൂടുതലാണ്. 20,900 യൂറോ അഥവാ 18.44 ലക്ഷം രൂപയാണ് പുതിയ സ്വിഫ്റ്റിന്‍റെ വില. മോട്ടോജിപി ചാമ്പ്യൻഷിപ്പിലെ സുസുക്കിയുടെ വിജയം ആഘോഷിക്കാനാണ് പുതിയ വേരിയന്‍റ് പുറത്തിറക്കിയിരിക്കുന്നത്. ഇത് നമ്മുടെ നാട്ടിൽ കാണുന്ന സാധാരണ സ്വിഫ്റ്റ് അല്ല. സ്വിഫ്റ്റിന്‍റെ സ്പോർട് ഹൈബ്രിഡ് വാഹനമാണിത്. ചാംപ്യൻഷിപ്പ് എഡിഷൻ തൽക്കാലം ഇന്ത്യയിൽ എത്താനിടയില്ല.
സുസുക്കിയുടെ മോട്ടോ ജി.പി ബൈക്കായ ജിഎസ്എക്സ്-ആർആർ റേസ് ബൈക്കിനെ ഓർമിപ്പിക്കുന്ന എക്സ്ക്ലൂസീവ് പെയിന്‍റും സ്റ്റിക്കർ വർക്കുമാണ് വാഹനത്തിന് ലഭിക്കുന്നത്. ടു-ടോൺ പെയിന്‍റ് സ്കീമാണ് വാഹനത്തിന്. മെറ്റാലിക് ബ്ലൂ പ്രധാന നിറമാണ്. ഒപ്പം സിൽവറും ഉണ്ട്. മൂന്ന് റേസിംഗ് സ്ട്രിപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉള്ളിലും ചില്ലറ മാറ്റങ്ങളുണ്ട്. ഡ്രൈവർ, പാസഞ്ചർ ആംറെസ്റ്റുകൾ, ഡാഷ്‌ബോർഡ്, ട്രാൻസ്മിഷൻ ടണൽ എന്നിവയിൽ സ്പോർട്ടി രൂപത്തിലുള്ള ഫ്ലൂറസെന്‍റ് മഞ്ഞ ട്രിം ഉപയോഗിച്ചിട്ടുണ്ട്.
മോട്ടോജിപി ചാമ്പ്യൻ ജോവാൻ മിറിന്‍റെ കയ്യൊപ്പ് ഡാഷ്ബോർഡിൽ നൽകിയിട്ടുണ്ട്. 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. 48 വി മൈൽഡ്-ഹൈബ്രിഡ് സജ്ജീകരണവും ഇതിനൊപ്പം പ്രവർത്തിക്കുന്നു. 129 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കാൻ സ്വിഫ്റ്റിനാകും. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് വാഹനത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.