ടൊയോട്ട ഹൈറൈഡർ, മാരുതി ഗ്രാൻഡ് വിറ്റാര, മഹീന്ദ്ര സ്കോർപ്പിയോ തുടങ്ങിയ പുതുക്കക്കാരും കിയ സെൽറ്റോസ്, സ്കോഡ കുഷാക്, ഫോക്സ്‍വാഗൻ ടൈഗൂൺ തുടങ്ങിയ പുത്തൻകൂറ്റുകാരും നിരത്തുവാഴുന്ന കാലത്ത് ടാറ്റയെ സംബന്ധിച്ച് വെല്ലുവിളികൾ ഏറെയാണ്. ടാറ്റയുടെ തുറുപ്പുശീട്ടായ ഹാരിയർ പുതിയ വാഹനങ്ങളുടെ തള്ളിക്കയറ്റത്തോടെ അൽപ്പം പ്രതിസന്ധിയിലുമാണ്.
നിലവിൽ രാജ്യത്ത് ഏറ്റവും അധികം മത്സരം നേരിടുന്ന വാഹന വിഭാഗം കോമ്പാക്റ്റ് എസ്.യു.വിയാണ്. ഈ പ്രതിസന്ധിയെ നേരിടാൻ ഹാരിയറിനെ പരിഷ്കരിക്കുകയാണ് ടാറ്റ. വാഹനത്തിന്റെ ഔദ്യോഗിക പുറത്തിറക്കൽ സമയം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2023 ന്റെ തുടക്കത്തിൽ വാഹനം നിരത്തിലെത്തുമെന്നാണ് റിപ്പോർട്ടുകള്‍. ഡിസൈൻ, ഇന്റീരിയർ, എഞ്ചിൻ തുടങ്ങിയ വിഭാഗങ്ങളിലെല്ലാം മാറ്റങ്ങളോടെയാവും പുതിയ ഹാരിയർ എത്തുക.
ഓൺലൈനിൽ പ്രചരിക്കുന്ന ചില ചിത്രങ്ങൾ അനുസരിച്ച് സാക്ഷാൽ റേഞ്ച് റോവറിന്റെ ഡിസൈൻ എലമെന്റുകൾ ഹാരിയറിൽ വരാൻ സാധ്യതയുണ്ട്. എന്നാലിത് നിലവിൽ വെറും അഭ്യൂഹങ്ങൾ മാത്രമാണ്. വാഹനപ്രേമികൾ തങ്ങളുടെ ഭാവനക്കനുസരിച്ച് ഹാരിയറിന്റെ നിരവധി ചിത്രങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. രൂപം മാറ്റിനിർത്തിയാൽ ഏറ്റവും വലിയ അപ്‌ഡേറ്റുകളിലൊന്ന് പെട്രോൾ എഞ്ചിന്റെ രൂപത്തിൽ വരാം. പുതിയ 1.5L ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന്റെ വരവ് പ്രതീക്ഷിക്കാവുന്നതാണ്. ഈ എഞ്ചിൻ കുറച്ച് കാലമായി പരീക്ഷണത്തിലാണ്. ഇത് പ്രധാനമായും 1.2L റെവോട്രോണ്‍ എഞ്ചിന്റെ കാലിബ്രേറ്റഡ് പതിപ്പാണ്. ഓട്ടോമാറ്റിക് ഗിയർബോക്‌സ്, പാഡിൽ ഷിഫ്റ്ററുകൾ, ഒന്നിലധികം ഡ്രൈവ് മോഡുകൾ എന്നിവയ്‌ക്കൊപ്പമാവും ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന്റെ വരവ്.
- മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള നിലവിലുള്ള ഡീസൽ 170 ബിഎച്ച്പി, 2.0 എൽ ക്രിയോടെക് ഡീസൽ എഞ്ചിൻ തുടരും.വാഹനത്തിലെ സുഖസൗകര്യങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കമ്പനി അതിന്റെ സസ്പെൻഷൻ യൂനിറ്റുകൾ ട്യൂൺ ചെയ്തേക്കാം. രണ്ടാമത്തെ പ്രധാന അപ്ഡേറ്റ് ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ആയിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഓട്ടോണമസ് എമർജൻസി ബ്രേക്കിങ് എന്നിവ അഡാസ് പാക്കേജിൽ ഉൾപ്പെടും.
പാർക്കിങ് അനായാസമാക്കാൻ എസ്‌യുവിക്ക് 360 ഡിഗ്രി ക്യാമറ ലഭിച്ചേക്കാം. ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അപ്‌ഡേറ്റ് ചെയ്യാൻ സാധ്യതയുണ്ട്. പൂർണമായും ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിങ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും ഉണ്ടായിരിക്കും. പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളും ടെയിൽലാമ്പുകളും പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.