സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലിയും പിന്നിട്ടിട്ടാണ് ഇന്ത്യാ മഹാരാജ്യം ആ സ്വപ്നം സാക്ഷാത്കരിച്ചത്. കൃത്യമായി പറഞ്ഞാൽ സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 51 വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു, ആ നല്ല നാളിനായി. പറഞ്ഞുവരുന്നത് നമ്മുടെ സ്വന്തം പാസഞ്ചർ കാറിനെപ്പറ്റിയാണ്, ടാറ്റ മോട്ടോഴ്സിന്റെ ഇൻഡിക്കയെപറ്റിയാണ്. 1998 ജനുവരി 15ന് ഇന്ദ്രപ്രസ്ഥത്തിലെ പ്രഗതി മൈതാനിയിലാണ് ഇൻഡിക്ക ടാറ്റ അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ പൂർണമായി വികസിപ്പിച്ച് ഉത്പാദിപ്പിച്ച പ്രഥമ കാർ ആയിരുന്നു ഇൻഡിക്ക.
കഴിഞ്ഞ ദിവസമാണ് ഇൻഡിക്കയുടെ 25ാം വർഷം അനുസ്മരിച്ച് രത്തൻ ടാറ്റ സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ചത്. നിലവിൽ രാജ്യത്തെ മൂന്നാമത്തെ വലിയ കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോർസിന്റെ അധ്യക്ഷനായ രത്തൻ ടാറ്റയുടെ സ്വപ്ന പദ്ധതിയായിരുന്നു ഇൻഡിക്കയുടേത്. ഇൻഡിക്ക പിന്നീട് രാജ്യത്തിന്റെ വാഹന ചരിത്രംതന്നെ മാറ്റിയെഴുതി.
മധ്യവർഗത്തിന്റെ സ്വപ്ന വാഹനം
വാഹനം അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ ഇൻഡിക്കയുടെ അവിശേഷതകളെക്കുറിച്ച് ടാറ്റ മോട്ടോഴ്സിനും ചെയർമാനായ രത്തൻ ടാറ്റക്കും കൃത്യമായ പദ്ധതികളുണ്ടായിരുന്നു. വിശാലമായ ക്യാബിനും ഡീസൽ വാഹനത്തിന്റെ ഇന്ധനക്ഷമതയും വേണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. പുറത്തിറങ്ങിയ വാഹനം ചെയർമാൻ വാഗ്ദാനം ചെയ്തതെല്ലാം ശരി വയ്ക്കുന്നതായാരുന്നു. കൂടാതെ മുമ്പ് വിലകൂടിയ ആഡംബര വാഹനങ്ങളിൽ മാത്രം ലഭ്യമായിരുന്ന എയർ കണ്ടീഷനിങ്, പവർ വിൻഡോകൾ എന്നിവ പോലുള്ള സൗകര്യങ്ങളും വാഹനം വാഗ്ദാനം ചെയ്തു.
എതിരാളികളായ ഫിയറ്റ് യുനോ, മാരുതി 800, മാരുതി സെൻ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, സൗകര്യങ്ങളിൽ ഇൻഡിക്ക ഏറെ മുന്നിലായിരുന്നു. അന്നത്തെ പീപ്പിൾസ് കാറായ മാരുതി 800 നേക്കാൾ മികച്ച സ്റ്റോറേജ്, ഇന്റീരിയറുകൾക്ക് മികച്ച ഫിനിഷുകളും പ്രായോഗിക രൂപകൽപ്പനയും ഇൻഡിക്കയെ വേറിട്ടുനിർത്തി. അംബാസിഡറിന്റെ സ്ഥലസൗകര്യം കൂടിയായപ്പോൾ പുറത്തിറക്കലിന്റെ അടുത്ത ദിനങ്ങളിൽ ബുക്കിങ് 1.10 ലക്ഷം പിന്നിട്ടു. ആദ്യ ഇൻഡിക്കയുടെ വില 2.6 ലക്ഷം രൂപയായിരുന്നു.
ഡീസൽ എഞ്ചിൻ
ഡീസൽ എൻജിനുകൾ ബസിനും ട്രക്കിനും പിന്നെ അംബാസഡറിനും മാത്രമുള്ള അവസ്ഥയിലാണ് ഇൻഡിക്ക നിരത്തിലെത്തുന്നത്. ഡീസൽ എൻജിനുമായെത്തിയ ഇൻഡിക്ക സാധാരണക്കാരന്റെ കാർ മോഹങ്ങൾ അതിവേഗം പൂവണിയിച്ചു. അക്കാലത്ത് കേട്ടു കേൾവി പോലുമില്ലാതിരുന്ന 20 കീ.മിയിലധികം മൈലേജ് വാഹനത്തിന് ലഭിച്ചത് ഈ ഡീസൽ എഞ്ചിൻ കാരണമാണ്. കുടുംബങ്ങളും പ്രഫഷണലുകളും മുതൽ ടാക്സി ഓപ്പറേറ്റർമാർ വരെ ഇൻഡിക്ക വാങ്ങി. 2018 ൽ ഉത്പാദനം അവസാനിപ്പിക്കുമ്പോൾ ലോകത്തെമ്പാടുമായി 15 ലക്ഷത്തിലധികം ഇൻഡിക്കകൾ വിറ്റഴിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.