ഏതൊരു വാഹന പ്രേമിയുടേയും സ്വപ്നമാണ് ഒരു സൂപ്പർ കാർ സ്വന്തമാക്കുക എന്നത്. അതും ലംബോർഗിനിപോലുള്ള ഒന്നാണെങ്കിൽ ഏറെ സന്തോഷം. അതുകൊണ്ടുതന്നെ അത്തരമൊരു കാർ തുരുമ്പെടുത്ത് നശിക്കുന്നത് കാണുന്നത് അത്ര സന്തോഷമുള്ള കാര്യമല്ല. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രത്തിൽ ലംബോർഗിനി മെഴ്സിയലാഗോ തുരുമ്പെടുത്ത് കിടക്കുന്ന കാഴ്ച്ചയാണ് ഉണ്ടായിരുന്നത്. ആരുടെ കാറാണത് എന്ന അന്വേഷണം എത്തിനിന്നതാകട്ടെ ഒരു സെലിബ്രിറ്റിയിലും.
ലംബോർഗിനിയുടെ മെഴ്സിയലാഗോ ഒരു വർക്‌ഷോപ്പിന്റെ മൂലയിൽ കിടന്ന് തുരുമ്പടിച്ച് നശിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കാറിന്റെ ആദ്യ ഉടമ സാക്ഷാൽ അമിതാഭ് ബച്ചൻ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നപ്പോഴല്ല കാറിന് ഈ ഗതിവന്നത്. ബച്ചനിൽ നിന്ന് കാർ വാങ്ങിയ ആളിന്റെപക്കലിരുന്നപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. അതിനുശേഷം വാഹനം റിപ്പയർ ചെയ്യാൻ ഉടമ താൽപ്പര്യം കാണിച്ചില്ല.
വാഹനം റിപ്പയർ ചെയ്യാൻ കഴിയുമെങ്കിലും, വർഷങ്ങൾക്കുമുമ്പ് നിർത്തലാക്കിയ വാഹനത്തിന്റെ പാർട്സുകൾ കണ്ടെത്തുന്നത് തലവേദന പിടിച്ച പണിയാണ്. വാഹനത്തിന്റെ ഏതാനും യൂനിറ്റുകൾ മാത്രമുള്ള ഇന്ത്യയിൽ സ്‌പെയർ പാർട്‌സ് കണ്ടെത്തുന്നത് ദുഷ്കരമാണ്. അതുകൊണ്ടാണ് ഉടമ വാഹനം അതേപടി ഉപേക്ഷിച്ചതെന്നാണ് സൂചന.
ബച്ചന്റെ കാർ ഭ്രമം
കുറച്ച് വർഷങ്ങൾക്ക് മുമ്പ് അമിതാഭ് ബച്ചൻ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിൽ, കൗണ്ടാക്, ഗല്ലാർഡോ, ഡിയാബ്ലോ തുടങ്ങിയ ലംബോർഗിനികൾ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്നെന്ന് പറഞ്ഞിരുന്നു. ഓടിക്കാൻ പറ്റിയ സ്ഥലം ഇല്ലാത്തതിനാൽ ഈ സൂപ്പർകാറുകളെല്ലാം വിറ്റെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തിരുന്നു.
അമിതാഭ് ബച്ചന്റെ കാറുകളോടും എസ്‌യുവികളോടുമുള്ള ഇഷ്ടം പ്രശസ്തമാണ്. നിലവിൽ, മെർസിഡീസ് ബെൻസ് എസ് ക്ലാസ്, ലെക്സസ് എൽഎക്സ് 470, മെർസിഡീസ് ബെൻസ് GLS, ലാൽഡ് റോവർ റേഞ്ച റോവർ, മിനി കൂപ്പർ എസ്, ടൊയോട്ട ക്യാമറി ഹൈബ്രിഡ്, ബെൻ്റ്ലി കോണ്ടിനെൻ്റൽ ജിടി, ബെൻസ് എസ് ക്ലാസ് തുടങ്ങിയ കാറുകൾ ബച്ചന്റെ പക്കലുണ്ട്.
മുൻകാലങ്ങളിൽ, മെഴ്‌സിഡസ്-ബെൻസ് എസ്എൽ-ക്ലാസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മുൻ തലമുറയിലെ ലെക്‌സസ് എൽഎക്‌സ്, ബിഎംഡബ്ല്യു എക്‌സ്5, മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ്, പോർഷെ കേമാൻ, അടുത്തിടെ വിറ്റ റോൾസ് റോയ്‌സ് ഫാന്റം തുടങ്ങിയ കാറുകളും ബച്ചന്റെ ഉടമസ്ഥതയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.