നമ്മുടെ റോഡുകളില്‍ വാഹനമോടിക്കാന്‍ ആവശ്യമായ സുപ്രധാന രേഖയാണ് ഡ്രൈവിങ് ലൈസന്‍സ്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ പിഴ ലഭിക്കുകയും ചെയ്യും. ലെസന്‍സില്ലാത്ത ഡ്രൈവർ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷമായിരിക്കും. അപകട സമയത്ത് ഇന്‍ഷൂറന്‍സ് ക്ലെയിം സാധുതയുള്ളതാകാനും ലൈസൻസ് അനിവാര്യമാണ്. എന്നാല്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞ ഒരാള്‍ ഓടിക്കുന്ന വാഹനം അപകടത്തില്‍ പെട്ടാല്‍ ഇരയായ വ്യക്തിയുടെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് കമ്പനി നഷ്ട പരിഹാരം കൊടുക്കുമോ എന്ന കാര്യത്തില്‍ ചിലര്‍ക്ക് സംശയം ഉണ്ടാകും. അത്തരം കേസുകളുമായി ബന്ധപ്പെട്ട് സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ബോംബെ ഹൈക്കോടതി.
അപകട സമയത്ത് വാഹനം ഓടിക്കുന്നയാൾ ഡ്രൈവിങ് ലൈസൻസ് പുതുക്കിയിട്ടില്ലെങ്കിലും ഇൻഷുറൻസ് ലഭിക്കാൻ അർഹതയുണ്ടെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ലൈസന്‍സ് പുതുക്കാത്തത് ഒരാളെ വിദഗ്ധനല്ലാത്ത ഡ്രൈവര്‍ ആക്കില്ലെന്നും കോടതി പറഞ്ഞു. 2011-ല്‍ നടന്ന അപകടവുമായി ബന്ധപ്പെട്ട കേസിലായിരുന്നു വിധി.
അപകടത്തില്‍ മരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപകടം വരുത്തിവെച്ച വാഹന ഉടമയില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനിക്ക് നഷ്ടപരിഹാര തുക പിന്നീട് ഈടാക്കാമെന്ന് കോടതി പറഞ്ഞു. നിയമലംഘനം നടത്തിയ വാഹനം ഓടിച്ച ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് കാലഹരണപ്പെട്ടതിനാല്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനിയെ ഒഴിവാക്കിക്കൊണ്ട് മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് മരിച്ച സ്ത്രീയുടെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയുടെ സുപ്രധാന വിധി. ‘അപകടസമയത്ത് വാഹനമോടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അപകട സമയത്ത് ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ല എന്ന കാരണം കൊണ്ട് അയാള്‍ വിദഗ്ധനായ ഡ്രൈവര്‍ ആയിരുന്നില്ല എന്ന് പറയാന്‍ സാധിക്കില്ല’ -വിധിയില്‍ പറയുന്നു.
അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറുടെ പക്കല്‍ അത്യാഹിതം നടന്ന സമയത്ത് സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് ഇല്ലെങ്കില്‍, ഇന്‍ഷുറന്‍സ് കമ്പനി ആദ്യം നഷ്ടപരിഹാരം നല്‍കണം എന്നത് നിയമത്തിന്റെ സുസ്ഥിരമായ തത്വമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇരയായ വ്യക്തിയുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയ ശേഷം അപകടമുണ്ടാക്കിയ ആളില്‍ നിന്ന് ഇന്‍ഷൂറന്‍സ് കമ്പനി അത് ഈടാക്കുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു.
ട്രൈബ്യൂണല്‍ ഈ ഘടകം പരിഗണിച്ചിട്ടില്ലെന്നും നഷ്ടപരിഹാരം നിരസിച്ചുകൊണ്ടുള്ള ഉത്തരവ് യാന്ത്രികമായി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.