മോളിവുഡിലെ, ആദ്യ ഫെരാരി ദുൽഖർ സൽമാൻ സ്വന്തമാക്കിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫെരാരിയുടെ 296 ജിടിബി സ്പോർട്സ് കാറാണ് ദുൽഖർ വാങ്ങിയത്. ഇപ്പോഴിതാ ഈ കാറിൽ റോഡിൽ കറങ്ങുന്ന നടന്‍റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചെന്നൈയിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.
നഗരത്തിരക്കിലൂടെ പോവുന്ന ചുവന്ന ഫെരാരിയാണ് ചിത്രങ്ങളിൽ ഉള്ളത്. വാഹനം ഓടിക്കുന്നത് ആരെന്ന് വ്യക്തമല്ല. വ്യത്യസ്തമായൊരു ചുവപ്പ് നിറത്തിലുള്ള ഫെരാരിയാണ് ചിത്രങ്ങളിൽ കാണുന്നത്. റോസോ റൂബിനോ മെറ്റാലിസാറ്റോ എന്ന ഷെയ്ഡാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് വിവരം. പതിവിന് വിപരീദമായി കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ 369 അല്ല എന്നത് ആരാധകരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ദുൽഖറിന്‍റെ വാഹനമല്ല എന്ന് വാദിക്കുന്നവരും ഉണ്ട്.
ഏകദേശം 5.40 കോടി രൂപ മുതലാണ് ഫെരാരിയുടെ എക്സ്ഷോറൂം വിലവരുന്നത്. മിഡ് എന്‍ജിന്‍, റിയര്‍വീല്‍ ഡ്രൈവ് സൂപ്പര്‍ കാറാണ് 296 ജി.ടി.ബി. ഏറെ നാളുകൾക്ക് ശേഷം ഫെരാരി പുറത്തിറക്കുന്ന വി 6 പ്രൊഡക്ഷൻ കാറാണ് 296 ജിടിബി. മുൻപ് ഫെരാരി ഡിനോ ബ്രാൻഡുകളിൽ മാത്രമാണ് വി6 എൻജിൻ ഉപയോഗിച്ചിരുന്നത്. ദ റിയല്‍ ഫെരാരി വിത്ത് ജസ്റ്റ് സിക്‌സ് സിലിണ്ടേഴ്‌സ് എന്നായിരുന്നു ഈ വാഹനത്തിന് നിര്‍മാതാക്കള്‍ നല്‍കിയിരുന്ന വിശേഷണം.. 2022 ലാണ് ഫെരാരി 296 ജിടിബി വിപണിയിൽ എത്തിച്ചത്.
ഉപയോക്താവിന്റെ ഇഷ്ടത്തിന് കസ്റ്റമൈസേഷന്‍ വരുത്താനുള്ള ഓപ്ഷനും വാഹനത്തിൽ ഫെരാരി നല്‍കുന്നുണ്ട്. ഇത് കൂടി ആകുന്നതോടെ വാഹനത്തിന്റെ വില ഉയരും. റുബിനോ മെറ്റാലിസാറ്റോ എന്ന നിറത്തിലുള്ള ഫെരാരിയാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിട്ടുള്ളതെന്നാണ് സൂചന. എന്നാല്‍, കസ്റ്റമൈസേഷനുകളെ കുറിച്ച് വ്യക്തതയില്ല.
3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇതിനൊപ്പം 6.0 കിലോവാട്ട് ബാറ്ററിയുടെ പിന്തുണയിലുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കിയിട്ടുണ്ട്. ഇവ രണ്ടും കൂടി 819 ബി.എച്ച്.പി. പവറും 740 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 2.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 330 കിലോമീറ്ററാണ് പരമാവധി വേഗത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.