എം-ടൗണിലേക്ക് വീണ്ടും ഡിഫൻഡർ; ലാന്‍ഡ് റോവറിന്റെ കരുത്തനെ ഗ്യാരേജിലെത്തിച്ച് കു​ഞ്ചാക്കോ ബോബർ

മമ്മൂട്ടി, ജോജു ജോര്‍ജ്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡർ സ്വന്തമാക്കി നടൻ കുഞ്ചാക്കോ ബോബന്‍. ഡിഫന്‍ഡറിന്റെ ഉയര്‍ന്ന വകഭേദമാണ് കുഞ്ചാക്കോ ബോബന്‍ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്. താരത്തിന്റെ ഇഷ്ട പ്രകാരം കസ്റ്റമൈസ് ചെയ്ത ഡിഫൻഡറാണ് ഇത്.

ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലായ ഡിഫന്‍ഡറിന് ഏകദേശം 1.35 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഓഫ് റോഡ് യാത്രയ്ക്ക് അനുയോജ്യമായ വാഹനമാണ് ഡിഫൻഡർ. ഭാര്യ പ്രിയ്‌യ്ക്കും മകൻ ഇസയ്ക്കും അമ്മയ്ക്കുമൊപ്പമാണ് ചാക്കോച്ചൻ വാഹനം സ്വന്തമാക്കാൻ എത്തിയത്. താരങ്ങളായ രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ഗായത്രി ശങ്കർ, ഹരിശങ്കർ, പ്രശാന്ത് അലക്സ് തുടങ്ങിയവർ കമന്റ് ബോക്സിൽ നടന് ആശംസകളറിയിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകളുടെ പരമ്പര്യമുള്ള ഈ വാഹനം ഒരിടവേളയ്ക്ക് ശേഷം 2019-ലാണ് രാജ്യാന്തര വിപണിയില്‍ തിരിച്ചെത്തിയത്. തൊട്ടുപിന്നാലെ തന്നെ ഈ വാഹനം ഇന്ത്യയിലും എത്തുകയായിരുന്നു. മൂന്ന് ഡോര്‍ പതിപ്പായ ഡിഫന്‍ഡര്‍ 90, അഞ്ച് ഡോര്‍ പതിപ്പായ ഡിഫന്‍ഡര്‍ 110 എന്നീ രണ്ട് മോഡലുകളാണ് ഇപ്പോള്‍ ലാന്‍ഡ് റോവര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്.


ലാന്‍ഡ് റോവറിന്റെ പുതുതലമുറ ഡി7എക്സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് ഡിഫന്‍ഡര്‍ ഒരുങ്ങിയിരിക്കുന്നത്. ബെയ്സ്, എസ്, എസ്.ഇ, എച്ച്.എസ്.ഇ, ഫസ്റ്റ് എഡിഷന്‍ എന്നീ അഞ്ച് വകഭേദങ്ങളിലാണ് ഈ എസ്.യു.വി വിപണിയില്‍ എത്തിയിരിക്കുന്നത്. 5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസുമാണുള്ളത്. ഐതിഹാസിക മോഡലിലെ ബോക്‌സി രൂപം നിലനിര്‍ത്തിയിട്ടുള്ളതും സവിശേഷതയാണ്. പത്ത് ഇഞ്ച് വലിപ്പത്തിലുള്ള പുതിയ പിവി പ്രോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും നൽകിയിട്ടുണ്ട്.

3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. 2996 സി.സി. ശേഷിയുള്ള ഈ എന്‍ജിന്‍ 296 ബി.എച്ച്.പി. പവറും 650 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഫോര്‍ വീല്‍ സംവിധാനത്തിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. കേവലം ഏഴ് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഡിഫന്‍ഡര്‍ 110-ന് സാധിക്കും.

Tags:    
News Summary - Actor Kunchacko Boban buys Land Rover Defender SUV, Kunchacko Boban, Land Rover Defender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.