ഉറുസിനും പോര്‍ഷെക്കും വെല്‍ഫയറിനും ഒപ്പം ഇനി മിനി കൺട്രിമാനും; ഗ്യാരേജ് വികസിപ്പിച്ച് ഫഹദ് ഫാസിൽ

ലംബോര്‍ഗിനി ഉറുസ്, പോര്‍ഷെ 911 കരേര, ടൊയോട്ട വെല്‍ഫയര്‍ തുടങ്ങിയ വമ്പന്മാർക്ക് പിന്നാ​ലെ പുതിയൊരു വാഹനം കൂടി ഗ്യാരേജിലെത്തിച്ച് നടൻ ഫഹദ് ഫാസിൽ. മിനിയുടെ കണ്‍ട്രിമാന്‍ ജെ.സി.ഡബ്ല്യു ഇന്‍സ്പയേഡ് എഡിഷനാണ് പുതുതായി ഫഹദ് വാങ്ങിയത്. കൊച്ചിയിലെ മിനി വിതരണക്കാരായ ഇ.വി.എം മിനിയില്‍ നിന്നാണ് ഫഹദ് ഫാസില്‍ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള വാഹന കമ്പനിയാണ് മിനി. ചെറുവാഹന വിഭാഗമായ മിനിയില്‍ നിന്ന് പുറത്തിറങ്ങുന്ന നാല് ഡോര്‍ ഹാച്ച്ബാക്ക് ശ്രേണിയിലാണ് കണ്‍ട്രിമാന്‍ മോഡലിന്റെ സ്ഥാനം.

സബ്കോംപാക്റ്റ് ലക്ഷ്വറി ക്രോസ്ഓവർ എസ്‍യുവിയാണ് കൺട്രിമാൻ. മിനി വാഹന നിരയിലെ ഏറ്റവും കരുത്തന്‍ വാഹനമാണ് കണ്‍ട്രിമാൻ. കണ്‍ട്രിമാന്‍ കൂപ്പര്‍ എസ്, കണ്‍ട്രിമാന്‍ കൂപ്പര്‍ എസ് ജെ.സി.ഡബ്ല്യു എന്നീ രണ്ട് വകഭേദങ്ങളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് യഥാക്രമം 42 ലക്ഷം രൂപയും 46 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. ഏകദേശം 58 ലക്ഷം രൂപയാണ് ഓൺറോഡ് വില. മിനിയുടെ സിഗ്‌നേച്ചര്‍ ഗ്രില്ല്, വലിയ എയര്‍ഡാം എന്നിവയാണ് മുൻവശത്തിന് മാറ്റുകൂട്ടുന്നത്. ചുവപ്പ് അക്ഷരത്തില്‍ എസ്. ബാഡ്ജിങ്ങും ഗ്രില്ലില്‍ നല്‍കിയിട്ടുണ്ട്.

പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, യൂണിയന്‍ ജാക്ക് ഡിസൈനിലുള്ള എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ് എന്നിവയാണ് ഈ വാഹനത്തിന് അഴകേകുന്നത്. ആറ് നിറങ്ങളില്‍ എത്തുന്ന കണ്‍ട്രിമാന്റെ സെയ്ജ് ഗ്രീന്‍ നിറത്തിലുള്ള മോഡലാണ് ഫഹദ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. രണ്ടു ലീറ്റർ നാലു സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 192 എച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. ഏഴ് സ്പീഡ് ഡബിൾ ഡ്യുവൽ ക്ലച്ച് സ്റ്റെപ്ട്രോണിക് സ്പോർട്സ് ട്രാൻസ്മിഷൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.5 സെക്കൻഡ് മതി.

Tags:    
News Summary - After Lamborghini Urus, actor Fahadh Faasil buys a Mini Cooper Countryman luxury hatchback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.