കൂടുതൽ ‘പത്രാസിൽ’ എയർ ഇന്ത്യ ജീവനക്കാർ; യൂനിഫോം ഡിസൈൻ ചെയ്തത്​ മനീഷ്​ മൽഹോത്ര​

ന്യൂഡല്‍ഹി: പൈലറ്റുമാർക്കും കാബിൻ ക്രൂ അംഗങ്ങൾക്കും പുതിയ യൂനിഫോം നൽകി എയർ ഇന്ത്യ. 60 വർഷത്തെ എയർ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ജീവനക്കാരുടെ യൂനിഫോം മാറ്റുന്നത്. ബോളിവുഡ്​ താരങ്ങളുടെ പ്രിയ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ് പുതിയ യൂനിഫോം രൂപകൽപ്പന ചെയ്തത്.

എയർലൈനിലെ ക്യാബിന്‍ ക്രൂ അംഗങ്ങളായ വനിതകൾ മോഡേൺ രീതിയിലുള്ള ഓംബ്രെ സാരിയും പുരുഷൻമാർ ബന്ദ്ഗാലയുമാകും ഇനി മുതല്‍ ധരിക്കുക. പൈലറ്റുമാർക്ക് കറുത്ത നിറത്തിലുള്ള സ്യൂട്ടുകളാണ് ഒരുക്കിയത്. വനിതാ കാബിൻ ക്രൂ അംഗങ്ങളുടെ യൂണിഫോമിൽ ഝരോഖ പാറ്റേണുകളുള്ള റെഡി-ടു-വെയർ ഓംബ്രെ സാരിയും ബ്ലൗസും ബ്ലേസറും ഉൾപ്പെടുന്നു.



‘പൈലറ്റിന്റെയും ക്യാബിൻ ക്രൂവിന്റെയും പുതിയ യൂണിഫോം ഞങ്ങൾ പുറത്തുവിടുന്നു. എയർ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിന്റെ അടയാളവും ശോഭനമായ ഭാവിയുടെ വാഗ്ദാനവുമാണ് ഈ വസ്ത്രങ്ങൾ. ഇന്ത്യയിലെ പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്ര വിഭാവനം ചെയ്ത ഈ യൂനിഫോമുകളിൽ ചുവപ്പ്, ഡാർക്ക് പർപ്പിൾ ഗോൾഡൻ എന്നീ നിറങ്ങളാണ് ചേരുന്നത്. ഇവ ആത്മവിശ്വാസമുള്ളതും ഊർജസ്വലവുമായ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു’ -പുതിയ യൂണിഫോം പങ്കുവച്ച് എയർലൈൻ അധികൃതർ എക്‌സിൽ കുറിച്ചു.


ജീവനക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ റെഡി-ടു-വെയർ സാരികൾ പാന്റിനൊപ്പവും ധരിക്കാം. പുരുഷൻമാരുടെ സ്യൂട്ടുകളിൽ ഗോൾഡൻ ബട്ടൻ നൽകിയിട്ടുണ്ട്. വസ്ത്രത്തിൽ എയർ ഇന്ത്യയുടെ പുതിയ ലോഗോയായ വിസ്തയും ചേർത്തിട്ടുണ്ട്. എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 ന്റെ സർവീസ് ആരംഭിക്കുന്നതോടെയാണ് ജീവനക്കാർ പുതിയ യൂനിഫോമിലേക്ക് മാറുക.


എയർ ഇന്ത്യയുടെ യൂനിഫോം രൂപകൽപന ചെയ്യാനുള്ള അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഡിസൈനർ മനീഷ് മൽഹോത്ര പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യവും സത്തയും ഉൾക്കൊള്ളുന്ന വസ്ത്രം ഡിസൈൻ ചെയ്യാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Air India's New Uniform For Pilot, Crew Designed By Manish Malhotra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.