പാവപ്പെട്ടവെൻറ പജീറോ എന്നാണ് മഹീന്ദ്ര സ്കോർപ്പിയോ അറിയപ്പെടുന്നത്. സിനിമയിൽ വില്ലൻമാർക്കും നായകർക്കും സ്കോർപ്പിയോ അകമ്പടി നിർബന്ധമായിരുന്ന കാലമുണ്ടായിരുന്നു. വളഞ്ഞും തിരിഞ്ഞും കുതിച്ചുവന്ന് ടയറുകൾ നിരത്തിലുരച്ച് നിൽക്കുന്ന സ്കോർപ്പിയോയിൽ നിന്ന് ചാടിയിറങ്ങുന്ന പ്രതിനായകന്മാർ ഇടികൊണ്ട് ചോരതുപ്പും.സ്കോർപ്പിയോ ആകാശത്തിലുടെ പറത്തിവിടുന്നതായിരുന്നു ചില സ്റ്റണ്ട് മാസ്റ്റർമാരുടെ പ്രധാന ഹോബി.
പിന്നീട് സ്കോർപ്പിയോ ഒരുപാട് മാറി. പ്രായമായതിനൊപ്പം കുടുംബങ്ങൾക്കനുയോജ്യമായ രൂപത്തിൽ മഹീന്ദ്ര തങ്ങളുടെ തെമ്മാടിപ്പയ്യനെ പരിഷ്കരിച്ചു. 2022ൽ പുത്തൻ സ്കോർപ്പിയോയെ പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. ഇതോടെ ആരാധകൾ തങ്ങളുടെ ഭാവനക്ക് അനുയോജ്യമായരീതിയിൽ സ്കോർപ്പിയോകൾ വരച്ചുണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിൽ പല ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അവതരണം 2022ൽ
അടുത്ത വർഷത്തെ പ്രധാന കാർ ലോഞ്ചുകളിൽ ഒന്നാണ് പുതിയ തലമുറ സ്കോർപിയോ. ജൂണിൽ മഹീന്ദ്ര വാഹനം നിരത്തിലെത്തിക്കുമെന്നാണ് പ്രതീക്ഷ. സമഗ്രമായ മാറ്റങ്ങൾ വാഹനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. 2.0 എൽ, 4-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായി വാഹനം വരുമെന്നാണ് റിപ്പോർട്ടുകൾ നല്‍കുന്ന സൂചന. ഉയർന്ന വേരിയന്റുകൾക്ക് 160/170 ബിഎച്ച്പിയും താഴ്ന്ന വേരിയന്റുകൾക്ക് 130 ബിഎച്ച്പിയും കരുത്തുണ്ടാകും. 2.0 എൽ, 4-സിലിണ്ടർ എം ഹോക് ഡീസൽ എഞ്ചിനും പ്രതീക്ഷിക്കുന്നുണ്ട്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് വാഹനത്തിന് ഉണ്ടായിരിക്കും. ഉയർന്ന ട്രിമ്മുകൾ ഫോർവീൽ സിസ്റ്റത്തിനൊപ്പം മാത്രമായി ഓഫർ ചെയ്യപ്പെടുമ്പോൾ ടു വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി വരും.
അത്വെറും ഭാവന
നിലവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്കോർപ്പിയോ ചിത്രങ്ങളെല്ലാം ഭാവനാ സൃഷ്ടികളാണ്. തൽക്കാലം വാഹനത്തിെൻറ പരിഷ്കരിച്ച രൂപത്തെപറ്റി മഹീന്ദ്ര സൂചനയൊന്നും നലകിയിട്ടില്ല. ബോഡി-ഓൺ-ഫ്രെയിം ലാഡർ ഷാസിയെ അടിസ്ഥാനമാക്കിയാവും 2022 സ്കോർപിയോ എത്തുക. നിലവിലെ തലമുറയേക്കാൾ വലുതും വിശാലവുമായിരിക്കും വാഹനം. എൽഇഡി ഹെഡ്‌ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്‌റ്റഡ് കാർ സവിശേഷതകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, സൺറൂഫ്, പുഷ് ബട്ടൺ സ്റ്റാർട്ട് തുടങ്ങിയ പരിഷ്കരണങ്ങളും പ്രതീക്ഷിക്കപ്പെടുന്നു.
ചരിത്രം
2002 ജൂൺ 20-നാണ് മഹീന്ദ്ര സ്കോർപിയോ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്. മോഡൽ വൻ വിജയമായതോടെ പ്ലഷ് സീറ്റുകൾ, റിയർ സെന്റർ ആംറെസ്റ്റ്, ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ എന്നിവ ഉൾപ്പെടുത്താനുള്ള ചെറിയ അപ്ഡേറ്റ് നൽകി. മഹീന്ദ്ര ഗോവ എന്ന പേരിൽ യൂറോപ്പിൽ ഈ വാഹനം വിറ്റു. 2003-ൽ ഇറ്റലിയിൽ ആദ്യ വിൽപ്പന നടത്തി. 2006-ൽ, റഷ്യയിലും വിൽപ്പന ആരംഭിച്ചു.2006 ഏപ്രിലിൽ, സ്കോർപിയോയുടെ ആദ്യ ഫെയ്‌സ്‌ലിഫ്റ്റ് മഹീന്ദ്ര പുറത്തിറക്കി. ഓൾ-ന്യൂ സ്കോർപ്പിയോ എന്ന പേരിലായിരുന്നു അവതരണം.
ഡൽഹിയിൽ നടന്ന 2006 ഓട്ടോ എക്‌സ്‌പോയിൽ, മഹീന്ദ്ര, സിആർഡിഇ എഞ്ചിനുള്ള ഹൈബ്രിഡ് സ്‌കോർപിയോയും പിക്കപ്പ് ട്രക്കിനെ അടിസ്ഥാനമാക്കിയുള്ള സ്‌കോർപ്പിയോയും പ്രദർശിപ്പിച്ചു. സ്കോർപിയോയുടെ പിക്കപ്പ് ട്രക്ക് പതിപ്പ് 2007 ജൂണിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇത് സ്കോർപിയോ ഗെറ്റ്അവേ എന്നറിയപ്പെടുന്നു. 2008 സെപ്തംബർ 21-ന്, സ്കോർപിയോ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് പരിഷ്കരിച്ചു.
സ്കോർപിയോയുടെ രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റ് 2009-2014 കാലത്തായിരുന്നു. വലിയ തോതിൽ സൗന്ദര്യവർധക മാറ്റങ്ങളായിരുന്നു അന്ന് വരുത്തിയത്. ഹെഡ്‌ലൈറ്റ് ഹൗസിംഗുകൾ, ബോണറ്റ്, ബമ്പർ ഡിസൈനുകൾ എന്നിവയുൾപ്പെടെ മാറി. എഞ്ചിൻ ശക്തിയിലും ടോർക്കിലും ചെറിയ വർധനവുണ്ടായി.
2009-ന്റെ മധ്യത്തിൽ ഓസ്‌ട്രേലിയയിൽ മഹീന്ദ്ര സ്‌കോർപ്പിയോ ഗെറ്റ്‌വേ പുറത്തിറക്കി. അവിടെ മഹീന്ദ്ര പിക്-അപ്പ് എന്ന പേരിലായിരുന്നു വിൽപ്പന. മൂന്നാമത്തെ ഫെയ്‌സ്‌ലിഫ്റ്റ് വാഹനം 2015 ൽ പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.