അമേരിക്കൻ വാഹന വ്യവസായത്തിന് പുതിയ ദിശ പകർന്നുനൽകിയ കോടീശ്വരനാണ് ഇലോൺ മസ്ക്. ടെസ്‌ല എന്ന ഇലക്ട്രിക് വാഹന കമ്പനിയിലൂടെയാണ് മസ്ക് പ്രശസ്തനായത്. ഇന്ത്യക്കാരുടെ വാഹന സ്വപ്നങ്ങൾക്ക് ചിറകുനൽകിയവരിൽ പ്രധാനിയതാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. വിദേശ കമ്പനികളുടെ സഹായമില്ലാതെ സ്വന്തം നിലക്ക് വാഹനവും എഞ്ചിനുമെല്ലാംവികസിപ്പിച്ച ഇന്ത്യക്കാരുടെ സ്വന്തം നിർമാതാവാണ് മഹീന്ദ്ര.
ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌കിൽ നിന്ന് താൻ പഠിച്ച പാഠം പങ്കുവെച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. ഇ.വി ലോകത്ത് ടെസ്‌ലയുടെ ആധിപത്യത്തെയും ഇലോൺ മസ്‌കിന്റെ സ്ഥിരോത്സാഹത്തെയും ആനന്ദ് മഹീന്ദ്ര പ്രശംസിച്ചിട്ടുമുണ്ട്. മസ്ക് തന്നെ പഠിപ്പിച്ച ഏറ്റവുംവലിയ പാഠം 'ഒരിക്കലും തോൽക്കരുത്' എന്നതാണെന്ന് ആനന്ദ് മഹീന്ദ്ര പറയുന്നു.
'മൂന്ന് വർഷങ്ങൾക്കുമുമ്പ് ഇലോൺ മസ്കിന് ധൈര്യം പകരുന്ന ഒരു സന്ദേശം അയക്കണമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. അന്ന് അദ്ദേഹം നിരാശനും മോശമായതെന്തോ വരാനുണ്ടെന്ന് വിശ്വസിക്കുന്നയാളുമായിരുന്നു. എന്നാലിപ്പോൾ 300 ബില്യൺ ഡോളർ സമ്പത്തുമായി ലോകത്തെ ഏതൊരു സമ്പന്നനേക്കാളും മുന്നിലാണ് അദ്ദേഹം. ഇതിലെ പാഠം ഒരിക്കലും തോൽക്കരുത്, നിങ്ങളെപറ്റി ആത്മവിശ്വാസം ഉള്ളവരാവുക എന്നതാണ്'-ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
മൂന്ന് വർഷം മുമ്പ് ടെസ്‌ല പ്രതിസന്ധി നേരിട്ടപ്പോൾ ആനന്ദ് മഹീന്ദ്ര മസ്കിന് ആശ്വാസ വാക്കുകൾ ട്വിറ്ററിൽ കുറിച്ചിരുന്നു. 'പിടിച്ചുനിൽക്കുക ഇലോൺ മസ്ക്. നിങ്ങളെപ്പോലുള്ള പ്രചോദനം നൽകുന്ന നവീകരണ വാദികൾ ആവശ്യമാണ്' -എന്നാണ് അന്ന് മഹീന്ദ്ര കുറിച്ചത്.
ടെസ്‌ലയുടെ കുതിച്ചുയരുന്ന ഓഹരി വിലകളും സമ്പത്തും മുകേഷ് അംബാനിയുടെ മൂന്നിരട്ടി സമ്പത്ത് ഉള്ളയാളായി മസ്കിനെ മാറ്റിയിരുന്നു. കഴിഞ്ഞ ആഴ്ച ആദ്യം, ടെസ്‌ലയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഒരു ട്രില്യൺ ഡോളർ പിന്നിട്ടു. ആപ്പിൾ, ആമസോൺ, മൈക്രോസോഫ്റ്റ് പോലുള്ള ബ്രാൻഡുകളുള്ള എലൈറ്റ് ക്ലബിൽ ചേരുന്ന ആദ്യത്തെ കാർ നിർമ്മാതാവായും ഇതോടെ ടെസ്‌ല മാറി.
അടുത്തിടെ ഇന്ത്യയിലും ടെസ്‌ല പ്രവർത്തനം ആരംഭിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് കാർ കമ്പനി ഉടൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ ഉയർന്ന നികുതി കുറക്കണമെന്നും മസ്ക് മോദി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.