യാത്രകൾ ഇലക്ട്രിക് ആവുക എന്നാൽ രണ്ടുണ്ട് ഗുണം. പണവും ലാഭിക്കാം പ്രകൃതിയും സംരക്ഷിക്കാം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമങ്ങളിലൂടെ എന്നും നവീനമായ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നയാളാണ്. അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെ ലോകത്തിന് മുന്നില്‍ എത്തുന്ന നിരവധി കണ്ടുപിടിത്തങ്ങളുണ്ട്.
ഇപ്പോഴിതാ അത്തരമൊരു കണ്ടുപിടിത്തം അദ്ദേഹം വീണ്ടും പരിചയപ്പെടുത്തുകയാണ്. ആറ് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ഒരു ഇലക്ട്രിക് സൈക്കിള്‍ ഓട്ടോറിക്ഷ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന വാഹനമാണ് ആനന്ദ് മഹീന്ദ്രയുടെ ട്വിറ്ററിലെ താരം. ആഗോളതലത്തില്‍ പോലും സാധ്യതയുള്ള ഈ വാഹനം ഗ്രാമീണനായ യുവാവാണ് കണ്ടെത്തിയിരിക്കുന്നതെന്ന വിശേഷണത്തോടെയാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'ചെറിയ ഡിസൈൻ മാറ്റങ്ങളിലൂടെ ഈ ഉപകരണത്തിന് ആഗോളതലത്തിൽ ഉപകാരങ്ങൾ ഉണ്ടാക്കാൻ സാധിക്കും. തിരക്കുനിറഞ്ഞ യൂറോപ്യൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ടൂർ ബസ് ആയി ഉപയോഗിക്കാം. എല്ലായിപ്പോഴും നമ്മുക്ക് പ്രചോദനം നൽകുന്നതാണ് ഗ്രാമീണ യാത്രാ കണ്ടുപിടിത്തങ്ങൾ. ആവശ്യമാണ് അങ്ങിനുള്ള കണ്ടുപിടിത്തങ്ങളുടെ അടിസ്ഥാനം'-ആനന്ദ് മഹീന്ദ്ര കുറിച്ചു.
മുന്നില്‍ നിന്നുള്ള കാഴ്ചയില്‍ സൈക്കിളിനോട് സാമ്യമുള്ള വാഹനമാണിത്. സ്‌കൂട്ടറുകളില്‍ നല്‍കുന്നത് പോലെയുള്ള ചെറിയ ടയറാണ് മുന്നില്‍ നല്‍കിയിട്ടുള്ളത്. സ്‌കൂട്ടറുകളില്‍ ഉപയോഗിക്കുന്ന ചെറിയ സസ്‌പെന്‍ഷനും എല്‍.ഇ.ഡി ഹെഡ്‌ലാമ്പുമെല്ലാം മുന്നിലുണ്ട്. ഡ്രൈവർ ഉള്‍പ്പെടെ സൈക്കിളിന്റേതിന് സമാനമായ ആറ് സീറ്റുകളാണ് പിന്നിലേക്ക് വരിവരിയായി നല്‍കിയിരിക്കുന്നത്. എല്ലാ സീറ്റുകളിലും ഹാന്‍ഡിലുകളുമുണ്ട്. പിന്നിലും മുന്നിലേത് പോലെ ചെറിയ ഒരു ടയറാണ് നല്‍കിയിട്ടുള്ളത്.
താൻ നിർമിച്ച വാഹനത്തെപറ്റി യുവാവ് വിഡിയോയിൽ പറയുന്നുണ്ട്. ഒറ്റ ചാർജിൽ വാഹനം 150 കിലോമീറ്റർ സഞ്ചരിക്കുമെന്നും ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 8-10 രൂപ മാത്രമേ ചിലവ് വരികയുള്ളൂ എന്നുമാണ് ഇയാൾ പറയുന്നത്. ഇ.വി നിർമിക്കാൻ 12000 രൂപ മാത്രമാണ് ചിലവായതെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്.
With just small design inputs, (cylindrical sections for the chassis @BosePratap ?) this device could find global application. As a tour 'bus' in crowded European tourist centres? I'm always impressed by rural transport innovations, where necessity is the mother of invention. pic.twitter.com/yoibxXa8mx
— anand mahindra (@anandmahindra) December 1, 2022
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.