ലോകത്തെ മുൻനിര ബ്രാൻഡുകളായ ടൊയോട്ടയും ആപ്പിളും വാഹന നിർമാണത്തിൽ സഹകരിക്കുമെന്ന് റിപ്പോർട്ടുകൾ. കുറച്ചുനാളത്തെ ഇടവേളക്കുശേഷമാണ് വീണ്ടും ആപ്പിൾ-ടൊയോട്ട കൂട്ടുകെട്ട് വാർത്തകളിൽ ഇടംപിടിക്കുന്നത്. ഇരു കമ്പനികളും ചേർന്ന് സ്വയം ഒാടുന്ന കാറുകൾ നിർമിക്കുമെന്നും ഇതിനായി ബാറ്ററി തയ്യാറാക്കുന്ന ഗവേഷണങ്ങളിലാണെന്നുമാണ് സൂചന. വാർത്തകൾ ശരിയാണെങ്കിൽ ആപ്പിളിെൻറ വാഹനലോകത്തേക്കുള്ള അരങ്ങേറ്റം അധികം വൈകില്ല.
പ്രോജക്ട് ടൈറ്റൻ
വാഹന നിർമാണ ഗവേഷണങ്ങൾക്കായി ആപ്പിൾ രൂപംകൊടുത്ത രഹസ്യ പദ്ധതിയാണ് പ്രോജക്റ്റ് ടൈറ്റൻ. ഏറെ നാളുകളായി ഇതിനുകീഴിൽ വാഹന മേഖലയിൽ ഗവേഷണം നടത്തുകയാണ് ആപ്പിൾ. നൂതന ഹെഡ്ലൈറ്റുകൾ, ഓട്ടോമാറ്റിക് ഡ്രൈവിങ് സിസ്റ്റം, ഡിസ്പ്ലേ-ഇൻ-വിൻഡോകൾ തുടങ്ങി വാഹനവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾക്കായി നിരവധി പേറ്റന്‍റുകൾ ആപ്പിൾ എടുത്തിരുന്നു. 2024 മുതൽ ആപ്പിൾ സെൽഫ് ഡ്രൈവിങ് വാഹനം നിർമിക്കാൻ തുടങ്ങുമെന്ന് അടുത്തിടെ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. വിശ്വസനീയമായ ഉറവിടങ്ങൾ അനുസരിച്ച് 2014 മുതൽ ആപ്പിൾ പ്രോജക്റ്റ് ടൈറ്റനിൽ പ്രവർത്തിക്കുന്നുണ്ട്. വിവിധ സവിശേഷതകളോടെയാകും പുതിയ വാഹനം വരുന്നത്.
പ്രധാനമായും ബാറ്ററികളിലാണ് പരിഷ്കരണം വരിക. ബാറ്ററിയുടെ വില കുറയ്ക്കാനും വാഹനത്തിന്‍റെ പരിധി വർധിപ്പിക്കാനും കഴിയുന്ന വിപ്ലവകരമായ ബാറ്ററി ഡിസൈനാണ് വാഹനത്തിനെന്നാണ് സൂചന. ഏറ്റവും പുതിയ വിവരമനുസരിച്ച് ആപ്പിൾ പ്രതിനിധികൾ ടൊയോട്ടയുമായി വാഹന വികസന സാധ്യതയുള്ള പങ്കാളിത്തത്തെക്കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. ആപ്പിളോ ടൊയോട്ടയോ ഒൗദ്യോഗികമായി ഇതുസംബന്ധിച്ച് പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. ഓട്ടോമൊബൈൽ ലോകത്ത് നിന്നുള്ള പങ്കാളികളുമായി ആപ്പിൾ സഹകരിക്കുന്നത് ആദ്യമല്ല. ഈ വർഷം ആദ്യം ഹ്യുണ്ടായ് മോട്ടോഴ്സുമായി കമ്പനി ചർച്ച നടത്തിയിരുന്നു. ഇത് ഹ്യുണ്ടായ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അടുത്തിടെ നിസ്സാൻ, എസ്കെ ഗ്രൂപ്പ്, എൽജി ഇലക്ട്രോണിക്സ് എന്നിവയുമായി ആപ്പിൾ ചർച്ച നടത്തിയിരുന്നു.
ആപ്പിൾ കാർ
വാർത്തകൾ ശരിയാണെങ്കിൽ ആപ്പിൾ കാറിനൊപ്പം കമ്പനി തികച്ചും വ്യത്യസ്തമായൊരു വ്യവസായത്തിലേക്ക് പ്രവേശിക്കും. കുറഞ്ഞ സമയംകൊണ്ട് കാറുകൾ നിർമിക്കുന്നതിനും സുഗമമായ വിതരണ ശൃംഖല സൃഷ്ടിക്കുന്നതിനും പരിപാലിക്കുന്നതും ആപ്പിൾ പോലുള്ള കമ്പനിക്ക് കഴിയുമെന്നാണ് കരുതപ്പെടുന്നത്. 'അതിനുള്ള വിഭവങ്ങളുള്ള ഒരു കമ്പനി ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അത് മിക്കവാറും ആപ്പിൾ ആയിരിക്കും. അതേസമയം ഇത് ഒരു സെൽഫോണല്ല' - പ്രോജക്ട് ടൈറ്റനിൽ പ്രവർത്തിച്ച ഒരാൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ആപ്പിൾ കാറിൽ 'മോണോസെൽ' ഡിസൈനുള്ള ബാറ്ററി അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഈ രൂപകൽപ്പന ബാറ്ററിയുടെ വ്യക്തിഗത സെല്ലുകളെ കുറച്ചുകൂടി വിപുലമാക്കുകയും ബാറ്ററി മെറ്റീരിയലുകൾ അടങ്ങിയ മൊഡ്യൂളുകളും പൗച്ചുകളും നീക്കംചെയ്യുകയും ബാറ്ററിയുടെ ഭാരം കുറക്കുകയും ചെയ്യും. ഇതോടൊപ്പം ഐഫോൺ നിർമ്മാതാവ് ബാറ്ററിയ്ക്കായി പുതിയ കെമിസ്ട്രിയും പരീക്ഷിക്കുന്നുണ്ട്. എൽഎഫ്‌പി എന്നാണിത് അറിയപ്പെടുന്നത്. ലിഥിയം അയൺ ഫോസ്ഫേറ്റ് എന്നാണ് എൽഎഫ്പിയുടെ പൂർണരൂപം. ഇത്തരം ബാറ്ററികൾ അമിതമായി ചൂടാകാനുള്ള സാധ്യത കുറവാണ്.
നിലവിലെ ലിഥിയം അയൺ ബാറ്ററികളേക്കാൾ വളരെ സുരക്ഷിതവുമാണ്. ബാറ്ററിക്ക് പുറമേ ലിഡാർ സെൻസറുകൾ പോലെ തങ്ങളുടെ കാറിനായി മറ്റ് ഘടകങ്ങൾ നിർമിക്കുന്നതിന് ആപ്പിൾ പങ്കാളികളെയും തിരയുന്നുണ്ട്. ഈ സെൻസറുകൾ കാറിനെ അതിന്‍റെ ചുറ്റുപാടുകളുടെ ത്രിമാന കാഴ്ച നേടാനും സ്വയം നാവിഗേറ്റുചെയ്യാനും പ്രാപ്‌തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.