ഡ്രൈവറില്ലാ കാറിനായി അമേരിക്കൻ ടെക് ഭീമൻ ആപ്പിളും കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായും കൈകോർക്കും. 2021മാർച്ചോടെ ഡ്രൈവറില്ലാത്ത വൈദ്യുത കാറുകൾ നിർമിക്കുന്നതിന് ആപ്പിളും ഹ്യൂണ്ടായും പങ്കാളിത്ത കരാർ ഒപ്പിടാനും 2024ൽ അമേരിക്കയിൽ ഉത്പാദനം ആരംഭിക്കാനും പദ്ധതിയിടുന്നതായി കൊറിയൻ പ്രാദേശിക പത്രമായ ഐടി ന്യൂസ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. 2027ൽ കാർ നിരത്തിൽ ഇറക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നതെന്ന് മറ്റൊരു പ്രാദേശിക മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാർത്ത പുറത്തുവന്നതോടെ കൊറിയയിൽ ഹ്യൂണ്ടായ് ഓഹരികളുടെ വില 20 ശതമാനം വർധിച്ചു. ജോർജിയയിലെ കിയ മോട്ടോഴ്സ് ഫാക്ടറിയിൽ കാറുകൾ നിർമ്മിക്കാനോ അല്ലെങ്കിൽ അമേരിക്കയിൽ സംയുക്തമായി പുതിയ ഫാക്ടറി നിർമിക്കാനോ ആണ് ഇരു കമ്പനികളുടേയും പദ്ധതിയെന്ന് വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു. 2024 ൽ ഒരു ലക്ഷം വാഹനങ്ങൾ നിർദ്ദിഷ്ട പ്ലാന്റിൽ ഉത്പാദിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. 400,000 വാഹനങ്ങളുടെ വാർഷിക ശേഷി നിലവിലെ കിയ ഫാക്ടറിക്കുണ്ട്. ഹ്യുണ്ടായ് മോട്ടോഴ്സിന്റെ അനുബന്ധ സ്ഥാപനമാണ് കിയ മോട്ടോഴ്സ്. അടുത്ത വർഷം ആപ്പിൾ കാറുകളുടെ ബീറ്റ പതിപ്പ് പുറത്തിറക്കാൻ ഹ്യുണ്ടായിയും ആപ്പിളും പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്.
പ്രോജക്റ്റ് ടൈറ്റൻ
വർഷങ്ങളായി പ്രോജക്റ്റ് ടൈറ്റൻ എന്ന പേരിൽ സ്വയം ഓടുന്ന കാറുകളിൽ ഗവേഷണം നടത്തുകയാണ് ആപ്പിൾ. നൂതന ഹെഡ്ലൈറ്റുകൾ, ഓട്ടോമാറ്റിക് ഡ്രൈവിങ് സിസ്റ്റം, ഡിസ്പ്ലേ-ഇൻ-വിൻഡോകൾ തുടങ്ങി വാഹനവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾക്കായി നിരവധി പേറ്റന്റുകൾ ആപ്പിൾ എടുത്തിരുന്നു. വിശ്വസനീയമായ ഉറവിടങ്ങൾ അനുസരിച്ച് 2014 മുതൽ ആപ്പിൾ പ്രോജക്റ്റ് ടൈറ്റനിൽ പ്രവർത്തിക്കുന്നുണ്ട്. വിവിധ സവിശേഷതകളോടെയാണ് പുതിയ വാഹനം വരുന്നത്. പ്രധാനമായും ബാറ്ററികളിലാണ് പരിഷ്കരണം വരിക. ബാറ്ററിയുടെ വില കുറയ്ക്കാനും വാഹനത്തിന്റെ പരിധി വർദ്ധിപ്പിക്കാനും കഴിയുന്ന വിപ്ലവകരമായ ബാറ്ററി ഡിസൈനാണ് വാഹനത്തിനെന്നാണ് സൂചന.
ആപ്പിൾ കാറിനൊപ്പം കമ്പനി തികച്ചും വ്യത്യസ്തമായൊരു വ്യവസായത്തിലേക്ക് പ്രവേശിക്കും. കുറഞ്ഞ സമയംകൊണ്ട് കാറുകൾ നിർമിക്കുന്നതിനും സുഗമമായ വിതരണ ശൃംഖല സൃഷ്ടിക്കുന്നതിനും പരിപാലിക്കുന്നതും ആപ്പിൾ പോലുള്ള കമ്പനിക്ക് കഴിയുമെന്നാണ് കരുതപ്പെടുന്നത്. 'അതിനുള്ള വിഭവങ്ങളുള്ള ഒരു കമ്പനി ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അത് മിക്കവാറും ആപ്പിൾ ആയിരിക്കും. അതേസമയം ഇത് ഒരു സെൽഫോണല്ല' - പ്രോജക്ട് ടൈറ്റനിൽ പ്രവർത്തിച്ച ഒരാൾ റോയിട്ടേഴ്സിനോട് പറഞ്ഞു.
പുതുപുത്തൻ ബാറ്ററി
പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആപ്പിൾ കാറിൽ അസാധാരണമായ 'മോണോസെൽ' ഡിസൈനുള്ള ബാറ്ററി അവതരിപ്പിക്കും. ഈ രൂപകൽപ്പന ബാറ്ററിയുടെ വ്യക്തിഗത സെല്ലുകളെ കുറച്ചുകൂടി വിപുലമാക്കുകയും ബാറ്ററി മെറ്റീരിയലുകൾ അടങ്ങിയ മൊഡ്യൂളുകളും പൗച്ചുകളും നീക്കംചെയ്യുകയും ബാറ്ററിയുടെ ഭാരം കുറക്കുകയും ചെയ്യും. ഇതോടൊപ്പം ഐഫോൺ നിർമ്മാതാവ് ബാറ്ററിയ്ക്കായി പുതിയ കെമിസ്ട്രിയും പരീക്ഷിക്കുന്നുണ്ട്.
എൽഎഫ്പി എന്നാണിത് അറിയപ്പെടുന്നത്. ലിഥിയം അയൺ ഫോസ്ഫേറ്റ് എന്നാണ് എൽഎഫ്പിയുടെ പൂർണരൂപം. ഇത്തരം ബാറ്ററികൾ അമിതമായി ചൂടാകാനുള്ള സാധ്യത കുറവാണ്. നിലവിലെ ലിഥിയം അയൺ ബാറ്ററികളേക്കാൾ വളരെ സുരക്ഷിതവുമാണ്. ബാറ്ററിക്ക് പുറമേ ലിഡാർ സെൻസറുകൾ പോലെ തങ്ങളുടെ കാറിനായി മറ്റ് ഘടകങ്ങൾ നിർമ്മിക്കുന്നതിന് ആപ്പിൾ പങ്കാളികളെയും തിരയുന്നുണ്ട്. ഈ സെൻസറുകൾ കാറിനെ അതിന്റെ ചുറ്റുപാടുകളുടെ ത്രിമാന കാഴ്ച നേടാനും സ്വയം നാവിഗേറ്റുചെയ്യാനും പ്രാപ്തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.