'ആണുങ്ങളിൽ ആണായ' എസ്.യു.വി പ്രമാണി, ആസ്റ്റൻ മാർട്ടിൻ ഡി.ബി.എക്‌സ് 707 ഇന്ത്യയിൽ; വില 4.15 കോടി

'ആണുങ്ങളിൽ ആണായ'എന്ന പ്ര​യോഗമൊക്കെ പൊളിറ്റിക്കലി ഇൻകറക്ട് ആയ കാലത്താണ് നാം ജീവിക്കുന്നത്. ഒരാവേശത്തിന് പറഞ്ഞതാണെങ്കിലും ആസ്റ്റൻ മാർട്ടിൻ ഡി.ബി.എക്‌സ് 707 എന്ന വാഹനത്തെക്കുറിച്ച് അറിയുമ്പോൾ ഇങ്ങിനൊരു വിശേഷണം അതിശയോക്തിപരമല്ല എന്ന് മനസിലാകും. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ ആഡംബര എസ്.യു.വി. എന്ന വിശേഷണം ആസ്റ്റണ്‍ മാര്‍ട്ടിൻ ഡി.ബി.എക്‌സ് 707നാണ്. കേവലം 3.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയുള്ള വാഹനമാണിത്. 4.63 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്റെ വാഹന നിരയിലെ കരുത്തന്‍ മോഡലാണ് ഡി.ബി.എക്‌സ്.707. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇന്ത്യയില്‍ എത്തിക്കുന്ന വാഹനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള മോഡൽകൂടിയാണിത്. സാധാരണ ഡി.ബി.എക്‌സ് മോഡലിനെക്കാള്‍ 48 ലക്ഷം രൂപ അധികമാണ് ഈ മോഡലിനെന്നതും പ്രത്യേകതയാണ്. 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് ഡി.ബി.എക്‌സിന് കരുത്തേകുന്നത്. 707 പി.എസ്. പവറും 900 എന്‍.എം. ടോര്‍ക്കുമാണ് എഞ്ചിൻ ഉത്പാദിപ്പിക്കുന്നത്. റെഗുലര്‍ ഡി.ബി.എക്‌സ്നെക്കാള്‍ 155 ബി.എച്ച്.പി. അധിക പവറും 200 എന്‍.എം. അധിക ടോര്‍ക്കും വാഹനത്തിനുണ്ട്.ഒമ്പത് സ്പീഡ് വെറ്റ് ക്ലെച്ച് ഓട്ടോമാറ്റികാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ലോകത്ത് ഇന്ന് നിലവിലുള്ള ഏത് ഗിയര്‍ബോക്‌സുകളേക്കാളും വേഗതയിൽ ഇവ ജോലി ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.


മറ്റൊരു സവിശേഷത ബ്രേക്കുകളുടേതാണ്. കാര്‍ബണ്‍ സെറാമിക് ബ്രേക്കുകളാണ് ഡി.ബി.എക്‌സിന്. മുന്നില്‍ 420 എം.എമ്മും പിന്നില്‍ 390 എം.എമ്മും വലിപ്പമുള്ള ഡിസ്‌ക്കുകളും സിക്‌സ് പിസ്റ്റണ്‍ കാലിപ്പറുകളും സുരക്ഷയുടെ മാറ്റ് കൂട്ടുന്നുണ്ട്. ബ്രേക്ക് കൂളിങ്ങ് ഉറപ്പാക്കുന്നതിനായി വാഹനത്തിലെ പ്രധാനപ്പെട്ട കൂളിങ്ങ് ഇന്‍ ടേക്കില്‍ നിന്നും ഫ്‌ളോറിന് താഴെ നിന്നും എയര്‍ സ്വീകരിക്കും. ഫ്രിക്ഷന്‍ ഫ്രീ ബ്രേക്കിങ്ങിനായി ഹൈ പെര്‍ഫോമെന്‍സ് ബ്രേക്ക് പാഡുകളാണ് നല്‍കിയിട്ടുള്ളത്.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX- എസ്.യു.വിക്ക് സമാനമായ ഡിസൈനിലാണ് ഈ വാഹനവും ഒരുക്കിയിട്ടുള്ളത്. മുഖം പൂര്‍ണമായും കവര്‍ ചെയ്യുന്ന ഡി.ബി.ഗ്രില്ല്, ബോണറ്റിലേക്ക് ഉള്‍വലിഞ്ഞിരിക്കുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെഡ്ലാമ്പ്, സ്പോര്‍ട്സ് വാഹനങ്ങളോട് കിടപിടിക്കുന്ന ബംബര്‍, ഡി.ആര്‍.എല്‍, പവര്‍ ലൈനുകള്‍ നല്‍കി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള ബോണറ്റ്, 22 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീലുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഡിസൈന്‍.


റീട്യൂൺ ചെയ്ത എയർ സസ്‌പെൻഷൻ, സ്റ്റിയറിങ് സിസ്റ്റം, ബലപ്പെടുത്തിയ ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ എന്നിവയും ആസ്റ്റൺ മാർട്ടിൻ 707ൽ സജ്ജീകരിച്ചിട്ടുണ്ട്. സൂപ്പര്‍ എസ്.യു,വി എന്ന വിശേഷണമുള്ള ഡി.ബി.എക്‌സ് 707 ന്റെ എതിരാളികൾ ലംബോർഗിനി ഉറുസ്, പോർഷെ കയെൻ ടർബോ ജിടി, മസെരാട്ടി ലെവന്റെ ട്രോഫിയോ തുടങ്ങിയ വാഹനങ്ങളാണ്. വരാനിരിക്കുന്ന ഫെരാരി പുരോസാങ്, ലംബോർഗിനി ഉറുസ് പെർഫോമന്റെ, ബെന്റ്‌ലി ബെന്റയ്‌ഗ സ്പീഡ് എന്നിവരും ഡി.ബി.എക്സിന് വരും നാളുകളിൽ വെല്ലുവിളി ഉയർത്തും.


Tags:    
News Summary - Aston Martin DBX 707 launched at Rs 4.63 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.