നോക്കി വച്ചോളൂ, ഈ ചൈനീസ് ഇലക്ട്രിക് കാർ ഇന്ത്യയിൽ വിപ്ലവം സൃഷ്ടിച്ചേക്കാം

ബദൽ ഇന്ധനം എന്നതായിരുന്നു ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന ഓട്ടോ എക്സ്​പോ 2023നെ ശ്രദ്ധേയമാക്കിയ ഘടകങ്ങളിൽ പ്രധാനം. ഇലക്ട്രിക്, ഫ്ലക്സ് ഫ്യൂവൽ, ഹൈബ്രിഡ്, ഹൈഡ്രജൻ സെൽ തുടങ്ങി നിരവധി സാധ്യതകളാണ് പരമ്പരാഗത ഇന്ധനങ്ങൾക്ക് ബദലായി എക്സ്​പോയിൽ അവതരിപ്പിക്കപ്പെട്ടത്. ഇതിൽ ഏറ്റവും പ്രധാനം വൈദ്യുതി തന്നെയാണ്. രാജ്യം ഇപ്പോഴും ഉറ്റുനോക്കുന്നത് ഒരു പീപ്പിൾസ് ഇലക്ട്രിക് കാറിനായാണ്. 500 കിലോമീറ്റർ റേഞ്ച് തരുന്ന, 10 ലക്ഷത്തിൽ താഴെ വിലകൊടുത്ത് വാങ്ങാവുന്ന, അഞ്ച് മണിക്കൂർകൊണ്ട് ഫുൾ ചാർജ് ചെയ്യാവുന്ന ഒരു ഹാച്ച് ബാക്കാണ് അത്.

2023 ഓട്ടോ എക്സ്​പോയിൽ നിരവധി ഇ.വികൾ അവതരിപ്പിക്കപ്പെട്ടെങ്കിലും അവയിൽ മിക്കതും വില കൂടിയവയാണ്. 15 ലക്ഷം മുതൽ 50ഉം 60ഉം ലക്ഷം വിലവരുന്ന വാഹനങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാലിതിൽ പീപ്പിൾസ് കാർ എന്ന വിഭാഗത്തിലേക്ക് മുതൽക്കൂട്ടാവുന്ന ഒരു കാറും ഉണ്ടായിരുന്നു. അതാണ് മോറിസ് ഗാരേജിന്റെ പേരിൽ അവതരിപ്പിക്കപ്പെട്ട എം.ജി 4.

സായിക് (SAIC)എന്ന ചൈനീസ് കോർപ്പറേറ്റിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബ്രാൻഡാണ് മോറിസ് ഗ്യാരേജ്. നിലവിൽ ഇ.വികളും എസ്.യു.വികളും കമ്പനി ഇന്ത്യയിൽ വിൽക്കുന്നുണ്ട്. ഈ നിരയിലേക്കാണ് ഇപ്പോൾ എം.ജി ഫോർ എത്തുന്നത്. ഈ വർഷം ജൂലൈയിൽ ആഗോള അരങ്ങേറ്റം നടത്തിയ ഈ കാർ മാതൃ കമ്പനിയായ സായികിന്റെ മോഡുലാർ സ്‌കേലബിൾ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു ബോൺ ഇലക്ട്രിക് വാഹനമാണ്. അതായത് ഈ ഹാച്ച്ബാക്ക് ജന്മനാ ​തന്നെ ഇ.വിയാണെന്നർഥം.


ക്രോസ്ഓവർ ഡിസൈനിലുള്ള സ്റ്റൈലിഷ് ഹാച്ച്ബാക്കാണ് എം.ജി ​4. 4,287 എം.എം നീളവും 1,836 എം.എം വീതിയും 1,506 എം.എം ഉയരവും 2,705 എം.എം വീൽബേസും ഉണ്ട്. 452 കിമീ വരെ റേഞ്ചുള്ള ഇൗ വാഹനത്തിന് 51kWh, 64kWh എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഒാപ്ഷനുകളുണ്ട് ആദ്യത്തേത് 168 ബിഎച്ച്പി കരുത്ത് കൊടുക്കുമ്പോൾ രണ്ടാമത്തേത് 201 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ടോർക്ക് 250 എൻഎം ആണ്. പിന്നിൽ ഒരു മോട്ടർ എന്ന നിലയ്ക്കാണ് രൂപകൽപന.

7kW എസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 7.5 മണിക്കൂർ കൊണ്ട് ബാറ്ററി ചാർജ് സചെയ്യാൻ കഴിയും. 150kW DC ചാർജർ ‌ആണ് ഉപയോഗിക്കുന്നതെങ്കിൽ 35 മിനിറ്റ് മാത്രം മതി ചാർജിങ്ങിന്. പുതിയ എംജി ഹെക്ടറിലുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്ന ഏറ്റവും ആധുനിക സുരക്ഷാ സംവിധാനം എംജി 4–ലും ഉണ്ട്.


അകത്തളത്തിലെ ഹൈലൈറ്റ് രണ്ട് ഫ്ലോട്ടിങ് സ്‌ക്രീനുകളാണ്. കേന്ദ്രീകൃതമായി ഘടിപ്പിച്ച 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ധാരാളം വിവരങ്ങളാണ് നൽകുന്നത്. എസി വെന്റുകൾ ഡാഷ്‌ബോർഡിൽ വൃത്തിയായി മറച്ചിരിക്കുമ്പോൾ റോട്ടറി ഡയലും വയർലെസ് ചാർജിങ് പാഡും ഉപയോഗിച്ച് സെന്റർ കൺസോൾ ആകർഷമാക്കി നിർത്താനും കമ്പനിക്കായി.

സെന്റർ കൺസോളിന് ചുറ്റും ധാരാളം സ്റ്റോറേജ് സ്പേസുകളും ഉണ്ടെന്നതും പ്രായോഗികത ഉയർത്തും. ഫീച്ചറുകളുടെ കാര്യത്തിൽ ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്‌പോട്ട് ഡിറ്റക്ഷൻ, റിയർ ക്രോസ് ട്രാഫിക് അലേർട്ട് എന്നിവ ഉൾക്കൊള്ളുന്ന ഒരു എഡാസ് സ്യൂട്ട് സാങ്കേതികവിദ്യയാണ് എം.ജി 4 ഇലക്ട്രിക് കാറിന് നൽകിയിരിക്കുന്നത്.

വിധി

ഒാട്ടോ എക്സ്പോയിൽ അവതരിപ്പിച്ചെങ്കിലും ഇൗ വാഹനം എന്ന് വിപണിയിലെത്തുമെന്ന കാര്യത്തിൽ എം.ജി ഒന്നും പറയുന്നില്ല. ഇതൊരു പ്രീമിയം ഹാച്ച്ബാക്ക് ആണെന്നാണ് ഫീച്ചറുകളിൽ നിന്ന് മനസിലാകുന്നത്. പീപ്പിൾസ് കാർ എന്ന വിഭാഗത്തിലേക്ക് ഇത്രയും ഫീച്ചറുകൾവച്ച് ഈ വാഹനം പരിഗണിക്കാനാവില്ല. കാരണം വില ഉയർന്നുപോകും എന്നതുതന്നെ. എന്നാൽ ഫീച്ചറുകളിൽ ചിലത് എടുത്തുമാറ്റിയും എഡാസ് പോലുള്ളവ ഒഴിവാക്കിയും കൂടുതൽ പ്രാദേശിക വത്കരിച്ചും വില നിയന്ത്രിക്കാനായാൽ ഇ.വി ഹാച്ച്ബാക്ക് വിഭാഗത്തിൽ വലിയൊരു ശതമാനം ഉപഭോക്താക്കളെ ആകർഷിക്കാൻ എം.ജിക്കാവും. അത് ഇന്ത്യൻ മധ്യവർഗത്തെ ഇ്.വികളിലേക്ക് കൂടുതൽ ആകർഷിക്കുകയും ചെയ്യും.

Tags:    
News Summary - Auto Expo 2023: MG Motor unveils its latest electric hatchback MG4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.