'ജീവൻ പണയം വെച്ചുള്ള മത്സരയോട്ടം ഒഴിവാക്കൂ'; തൃശൂരിലെ അപകടത്തിൽ പൊലിഞ്ഞത് നിരപരാധിയുടെ ജീവൻ

തൃശൂർ കൊട്ടേക്കാട് മദ്യലഹരിയിൽ മത്സരയോട്ടത്തിനിടെ നടന്ന അപകടത്തിൽ മുന്നറിയിപ്പുമായി പൊലീസ്. അപകടത്തിനു ശേഷം നിറുത്താതെ പോയ ബി.എം.ഡബ്ല്യു കാർ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ മഹീന്ദ്ര ഥാർ കാർ ഡ്രൈവർ പൊലീസ് കസ്റ്റഡിയിലാണ്. അപകടത്തിൽ ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കർ മരണപ്പെട്ടിരുന്നു. സംഭവത്തോട് അനുബന്ധിച്ച് വിയ്യൂർ പൊലീസ് കേസെടുത്തു. ജീവൻ പണയം വെച്ചുള്ള മത്സരയോട്ടം ഒഴിവാക്കണമെന്നാണ് പൊലീസ് പറയുന്നത്.

മത്സരയോട്ടം നടത്തിയ ആഡംബര വാഹനങ്ങളിലൊന്ന് ടാക്‌സി കാറിലിടിച്ച് ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിലെ ഒരാളാണ് മരിച്ചത്. പാടൂക്കാട് രമ്യ നിവാസില്‍ രവിശങ്കര്‍ (67) ആണ് മരിച്ചത്. കൊട്ടേക്കാട് സെന്ററില്‍ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. ഥാര്‍, ബി.എം.ഡബ്‌ള്യു വാഹനങ്ങളാണ് മത്സരിച്ചോടിയതെന്ന് പോലീസ് പറയുന്നു.

എതിര്‍ദിശയില്‍ നിന്നുവന്ന ഥാര്‍ കാറില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ രവിശങ്കറെ ദയ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന രവിശങ്കറിന്റെ ഭാര്യ മായ (61), മകള്‍ വിദ്യ (35), പേരക്കുട്ടി നാലു വയസ്സുകാരി ഗായത്രി, കാര്‍ ഡ്രൈവര്‍ ഇരവിമംഗലം മൂര്‍ക്കാട്ടില്‍ രാജന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ വിദ്യയുടെയും മായയുടെയും പരിക്ക് ഗുരുതരമാണ്.


അപകടത്തിന് പിന്നാലെ ബി.എം.ഡബ്‌ള്യു കാര്‍ നിര്‍ത്താതെ പോയി. ഥാറില്‍ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. തൃശ്ശൂര്‍ അയ്യന്തോള്‍ സ്വദേശി ഷെറിന്‍ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വൈദ്യപരിശോധനക്ക് വിധേയനാക്കിയതില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Tags:    
News Summary - 'Avoid the race of life'; An innocent life was lost in the accident in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.