ജീവനക്കാരന് സമ്മാനമായി 50 ലക്ഷം രൂപയുടെ ബെൻസ്; ഇത് അപൂർവ്വമായൊരു ആത്മബന്ധത്തിന്റെ കഥ

ചെയ്യുന്ന ജോലിക്ക് കൂലി കൊടുക്കുക എന്നതൊരു നാട്ടുനടപ്പാണ്. എന്നാൽ ചില തൊഴിലാളി മുതലാളി ബന്ധങ്ങൾ അതിനപ്പുറവും വളരാറുണ്ട്. അപ്പോഴതൊരു ഹൃദ്യമായ സാഹോദര്യ ബന്ധമായി മാറും. ഇനി പറയുന്ന സംഭവം അതുപോലുള്ളതാണ്. 25 വർഷമായി തന്നോടൊപ്പമുള്ള ജീവനക്കാരന് 50 ലക്ഷം വിലമതിക്കുന്ന ബെൻസ് കാറാണ് മുതലാളി സമ്മാനമായി നൽകിയത്.


ഡിജിറ്റൽ ഉപകരണങ്ങളുടെ റീട്ടെയിൽ വ്യാപാര രംഗത്തെ മുൻനിരക്കാരായ മൈ ജിയുടെ ചെയർമാനും എംഡിയുമായ എ.കെ.ഷാജിയാണ് ഇവിടത്തെ മുതലാളി. മൈ ജി ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫിസർ കോഴിക്കോട് സ്വദേശി സി.ആർ.അനീഷിനാണ് ബെൻസിന്റെ എസ്‍യുവി ജിഎൽഎ സമ്മാനമായി ലഭിച്ചത്. കാൽനൂറ്റാണ്ടോളമായി ഷാജിയോടൊപ്പം നടത്തിയ ആത്മാർത്ഥമായ പ്രവർത്തനങ്ങളാണ് അനീഷിനെ സമ്മാനാർഹനാക്കിയത്. കഴിഞ്ഞ ദിവസം റിസോർട്ടിൽ നടന്ന ജീവനക്കാരുടെ കുടുംബ സംഗമത്തിൽ അപ്രതീക്ഷിതമായാണ് അനീഷിനെ തേടി കാർ എത്തിയത്.


മൈ ജി എന്ന ബ്രാൻഡ് ആരംഭിക്കും മുമ്പുതന്നെ ഷാജിക്കൊപ്പം ഉണ്ടായിരുന്നയാളാണ് അനീഷ്. മാര്‍ക്കറ്റിങ്, പ്രൊജക്റ്റ് ആന്‍ഡ് മെയിന്റനെന്‍സ് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന അനീഷ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത് മുതലുള്ള എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം വഹിക്കുന്ന വ്യക്തിയാണ്.

ബ്രാൻഡിന്റെ വളർച്ചയിൽ ഒപ്പം ഉണ്ടായിരുന്ന വ്യക്തിയോടുള്ള കരുതൽ എന്ന നിലയിലാണ് സഹപ്രവർത്തകർ ഷാജിക്ക എന്നു വിളിക്കുന്ന ഷാജി സമ്മാനം നൽകിയത്.

നേരത്തേ ആറ് ജീവനക്കാര്‍ക്ക് ഒരുമിച്ചു കാറുകള്‍ സമ്മാനമായി വാങ്ങി നല്‍കി മൈജി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. വിദേശയാത്രകള്‍ ഉള്‍പ്പടെ നിരവധി ഓഫറുകള്‍ എല്ലാ വര്‍ഷവും മൈജിയിലെ സ്റ്റാഫിന് നല്‍കുന്നുണ്ട്. അതിനോടൊപ്പം കേരളത്തിലെയും ഇന്ത്യയിലെയും പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും മൈജി തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നു. ലോകത്തെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിയ കൊറോണ മഹാമാരി പടര്‍ന്നു പിടിച്ച ഇക്കാലത്തും മൈജി ജീവനക്കാരെ കൈവിട്ടില്ല. പല വന്‍കിട സ്ഥാപനങ്ങള്‍ വരെ സ്റ്റാഫിനെ പിരിച്ചു വിടുകയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്‌തപ്പോള്‍ മൈജി അവരെ ചേര്‍ത്ത് പിടിക്കുകയാണ് ചെയ്‌തത്. ഷോറൂമുകള്‍ അടച്ചിട്ട ലോക്‌ഡൗണ്‍ നാളുകളില്‍ ഫുഡ് കിറ്റുകളും മറ്റും ജീവനക്കാരുടെ വീടുകളിലെത്തിക്കാന്‍ ചെയര്‍മാന്‍ തന്നെ മുന്നിട്ടിറങ്ങി. ഫുഡ് കിറ്റുകളുടെ വിതരണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ബെൻസ് ജിഎൽഎ

ബെൻസ് നിരയിലെ ഏറ്റവും ചെറിയ എസ്‍യുവിയായ ജിഎൽഎയുടെ 220 ഡിയാണ് അനീഷിന് സമ്മാനമായി ലഭിച്ചത്. 1950 സിസി ഡീസൽ എൻജിൻ ഉപയോഗിക്കുന്ന കാറിന് 190 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 7.4 സെക്കൻഡ് മാത്രം മതി. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്.

പനോരമിക് സൺറൂഫ്, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വോയ്‌സ് കൺട്രോൾ, പാർക്കിങ് ക്യാമറ, എൽഇഡി ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിങ് വൈപ്പറുകൾ, ആംബിയന്റ് തുടങ്ങിയ സവിശേഷതകൾ ജിഎൽഎയ്ക്ക് ലഭിക്കുന്നു. പവർഡ് ടെയിൽഗേറ്റ്, ബർമെസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, വയർലെസ് മൊബൈൽ ചാർജിംഗ്, ടു സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവയും നൽകിയിട്ടുണ്ട്.


Tags:    
News Summary - Benz worth Rs 50 lakh as gift to worker; This is the story of a rare intimacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.