ബി.എച്ച് വാഹന രജിസ്ട്രേഷൻ: ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി

കൊച്ചി: വാഹന രജിസ്ടേഷൻ സംബന്ധിച്ച ഇടക്കാല ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ട്രാൻസ്​പോർട്ട് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് ഹൈകോടതി. വാഹനങ്ങൾക്ക് ഭാരത് സീരീസ് (ബി.എച്ച് സീരീസ്) രജിസ്ട്രേഷൻ നൽകണമെന്ന മാർച്ച് 29ലെ ഉത്തരവ് മേയ് 17നകം പാലിച്ചില്ലെങ്കിൽ ട്രാൻസ്​പോർട്ട് സെക്രട്ടറി, ട്രാൻസ്​പോർട്ട് കമീഷണർ, എറണാകുളം ആർ.ടി.ഒ എന്നിവർ മേയ് 20ന് നേരിട്ട് ഹാജരാകണമെന്നാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.

കാലടിയിലെ മേരിസദൻ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്​ മാനേജിങ്​ ഡയറക്ടർ ബിബി ബേബി നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഉത്തരവ്. ഹരജിക്കാരന്റെ വാഹനങ്ങൾക്ക് ബി.എച്ച് സീരീസ് രജിസ്ട്രേഷൻ നൽകാനുള്ള ഇടക്കാല ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഇപ്പോഴത്തെ ഉത്തരവ്.

ബി.എച്ച് രജിസ്ട്രേഷൻ ആവശ്യപ്പെട്ട് ഹരജിക്കാർ നൽകിയ അപേക്ഷ സർക്കാർ നിരസിച്ചതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ബി.എച്ച് സീരീസ് രജിസ്ട്രേഷനിൽ ലഭിക്കുന്ന സൗകര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

എന്താണ് ഭാരത് സീരീസ്

വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും ഇവയിലെ ജീവനക്കാരുടെയും വാഹനങ്ങൾ അഖിലേന്ത്യാടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യാനാണ് കേന്ദ്ര സർക്കാർ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി ബി.എച്ച് രജിസ്ട്രേഷൻ ഏർപ്പെടുത്തിയത്. ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഉപയോഗിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും നികുതി പ്രശ്നങ്ങളും ബി.എച്ച് രജിസ്ട്രേഷൻ സംവിധാനത്തിൽ ഒഴിവാകും.

വാഹന നികുതിയിലും ഇളവുണ്ട്. ഭാരത് സീരീസ് രജിസ്ട്രേഷനു ചില മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിക്കാനിടയുള്ള കേന്ദ്ര-പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെയും വാഹനങ്ങൾക്കടക്കം ഇത്തരം രജിസ്ട്രേഷൻ ലഭിക്കും.

Tags:    
News Summary - BH Series Registration: High Court directs officials to appear in person if order is not complied with

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.