വാഹനങ്ങളിലെ സുരക്ഷ ഇന്ത്യക്കാരെ സംബന്ധിച്ച് അടുത്തകാലംവരെ ഒരു പ്രാധാന്യവും ഇല്ലാത്ത കാര്യമായിരുന്നു. നാല് വീലും എഞ്ചിനും സീറ്റും പെട്രോളടിക്കാൻ കാശുമെന്നതായിരുന്നു ശരാശരി ഭാരതീയന്‍റെ വാഹന സങ്കൽപ്പം. എന്നാലിപ്പോൾ അതല്ല സ്ഥിതി. വാഹനം വാങ്ങാൻ പോകുന്ന വലിയൊരു വിഭാഗം സേഫ്റ്റി സ്റ്റാർ റേറ്റിങ് എത്ര എന്നൊക്കെ ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതും കൂടാതെ രാജ്യത്തിന്‍റെ സ്വന്തം ക്രാഷ് ടെസ്റ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ ഇപ്പോൾ.
ഇതുവരെ ഗ്ലോബല്‍ എൻ.സി.എ.പിയിലെ സ്‌കോര്‍ നോക്കി കാര്‍ വാങ്ങിയിരുന്ന ഇന്ത്യക്കാർക്ക് സ്വന്തമായി ഒന്ന് വരാന്‍ പോകുകയാണ്. ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമിന് (ഭാരത് എൻ.സി.എ.പി) കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ചൊവ്വാഴ്ച്ച ഔദ്യോഗികമായി തുടക്കം കുറിക്കും. ഭാരത് എൻ.സി.എ.പിലൂടെ രാജ്യം റോഡ് സുരക്ഷയില്‍ സമൂലമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണെന്നാണ് മന്ത്രി പറയുന്നത്. 3.5 ടണ്‍ വരെ ഭാരമുള്ള മോട്ടോര്‍ വാഹനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാനും അതുവഴി ഇന്ത്യന്‍ റോഡുകള്‍ സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംരംഭം.
3.5 ടണ്ണില്‍ താഴെ ഭാരമുള്ള M1 വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് ഭാരത് എൻ.സി.എ.പി ബാധകമാകുമെന്ന് ജൂണില്‍ കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. M1 വിഭാഗത്തില്‍ പരമാവധി 3.5 ടണ്‍ ഭാരമുള്ള 8 സീറ്റ് വരെയുള്ള കാറുകളായിരിക്കും ക്രാഷ് ടെസ്റ്റ് നടത്താനാവുക. ഭാരത് എൻ.സി.എ.പി നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ വാഹനങ്ങള്‍ ഇവിടെ തന്നെ പരീക്ഷിക്കാനാകും.
ക്രാഷ് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ റേറ്റിങ്ങ് നല്‍കുന്നതിലൂടെ വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ കയറ്റുമതി യോഗ്യത വര്‍ധിപ്പിക്കാനും സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. ഈ സംവിധാനം പ്രാബല്യത്തില്‍ വരുത്തുന്നതോടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വാഹന നിര്‍മാതാക്കള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരം ഉറപ്പാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.