അംബാനി മുതൽ പട്ടാഭിരാമൻവരെ ഉടമകൾ; ആസ്​റ്റൻ മാർട്ടിൻ ഡിബിഎക്​സ്​ അങ്ങിനെ കേരളത്തിലും എത്തി

ഇന്ത്യയിൽ ആകെയുള്ളത്​ നാല്​ കാറുകൾ, ആദ്യമായി സ്വന്തമാക്കിയത്​ ലോക കോടീശ്വരൻ അംബാനി, അവസാനം ബ്രിട്ടീഷ്​ സ്​പോർട്​സ്​ കാർ നിർമാതാക്കളായ ആസ്​റ്റൻ മാർട്ടി​െൻറ ആദ്യ എസ്​.യു.വി കേരളത്തിലും എത്തി. ഭീമ ജ്വല്ലറി ഉടമ ഡോ. ബി.ഗോവിന്ദനാണ് രാജ്യത്തെ നാലാമത്തെയും തെക്കേ ഇന്ത്യയിലെ രണ്ടാമത്തെയും കാർ സ്വന്തമാക്കിയിരിക്കുന്നത്. ജയിംസ് ബോണ്ട് സിനിമകളിലൂടെ പ്രശസ്​തമായ ബ്രിട്ടിഷ് ആഡംബര കാർ ബ്രാൻഡാണ്​​ ആസ്റ്റൻ മാർട്ടിൻ​. 2020 ഫെബ്രുവരിയിലാണ്​ ഡി.ബി.എക്​സ്​ ഇന്ത്യയിൽ അവതരിപ്പിച്ചത്​.

ആസ്​റ്റൻ മാർട്ടിൻ ഡി.ബി.എക്​സ്​

ലംബോർഗിനി ഉറൂസ്​, ബെൻറ്​ലെ ബെൻറയ്​ഗ, പോർഷെ കയേൻ തുടങ്ങിയ എണ്ണം പറഞ്ഞ സൂപ്പർ ലക്ഷ്വറി കാറുകളുടെ നിരയിലുള്ള വാഹനമാണ്​ ഡി.ബി.എക്​സ്​. 3.82 കോടി രൂപയാണ്​ വാഹനത്തിന്‍റെ അടിസ്​ഥാന വില. എന്നാൽ വിവിധ കൂട്ടിച്ചേർക്കലുകളുംകൂടി ഉൾപ്പെടുത്തു​േമ്പാൾ അഞ്ച്​ കോടിയോളം വിലവരും. 4.0 ലിറ്റർ, 550 എച്ച്പി വി 8 എഞ്ചിനാണ്​ ഡിബിഎക്സിന് കരുത്തുപകരുന്നത്​​. 4.5 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന്​ 100 കിലോമീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയാർജ്ജിക്കാൻ വാഹനത്തിനാവും.


അഞ്ച്​ മീറ്ററിലധികം നീളമുള്ള ഡിബിഎക്സ് സാമാന്യം വലിയ എസ്‌യുവിയാണ്. പോർഷെ കയേനെക്കാൾ നീളമുള്ളതും എന്നാൽ ബെന്‍റ്​ലെ ബെന്‍റയ്​ഗയുടെ അത്രയും വലുപ്പമില്ലാത്തതുമായ വാഹനമാണിത്​. 3,060 മിമി വീൽബേസ് കയേനെക്കാളും ബെന്‍റയ്ഗയേക്കാളും കൂടുതലാണ്​ എന്നതാണ് ശ്രദ്ധേയം. 190 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. കൂടാതെ അഡാപ്റ്റീവ് എയർ സസ്പെൻഷനും ലഭിക്കും. ​എസ്​.യു.വി എന്നാണ്​ പറയുന്നതെങ്കിലും ക്രോസോവറിന്‍റെ രൂപഭാവങ്ങളാണ്​ ഡി.ബി എക്​സിന്​. ൈഡ്രവ്​ മോഡുകളേയും ആന്‍റി-റോൾ സിസ്റ്റത്തെയും ആശ്രയിച്ച് ഡിബിഎക്സിനെ 45 എംഎം ഉയർത്താനോ 50 എംഎം താഴ്​ത്താനോ കഴിയും.

കാർബൺ സെറാമികിന്​ പകരം ഡിസ്ക് ബ്രേക്കുകൾ സ്റ്റീൽ ആണെന്നതും സവിശേഷതയാണ്​. എസ്‌യുവിക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത പുതിയ അലുമിനിയം പ്ലാറ്റ്‌ഫോമിലാണ്​ വാഹനം നിർമിച്ചിരിക്കുന്നത്​. 2.2 ടണ്ണിൽ കൂടുതൽ ഭാരവും ഡി.ബി.എക്​സിനുണ്ട്​. 22 ഇഞ്ച് വലിയ അലോയ്കൾ, ഫ്രെയിമില്ലാത്ത വാതിലുകൾ, പിന്നിൽ മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയ്‌ലർ, എൽഇഡി ടെയിൽ-ലൈറ്റുകൾ, പിന്നിലെ ബമ്പറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇരട്ട എക്‌സ്‌ഹോസ്റ്റുകൾ തുടങ്ങി അത്യാകർഷകമായ വാഹനമാണിത്​.


ഇന്‍റീരിയർ

ലോകോത്തര നിലവാരമുള്ളതാണ്​ ഈ സൂപ്പർ സ്​പോർട്​സ്​ എസ്​.യു.വിയുടെ ഉൾവശം. നാപ്പാ, അൽകന്‍റാര തുടങ്ങി ഉന്നത നിലവാരമുള്ള തുകൽ ഉപയോഗിച്ചാണ്​ ഇന്‍റീരിയർ ഫിനിഷ്​ ചെയ്​തിരിക്കുന്നത്​. ഡാഷ്‌ബോർഡിൽ ബെസ്‌പോക്ക് സ്വിച്ചുകളും നിയന്ത്രണങ്ങളും ഉണ്ട്. ഇൻഫോടെയ്ൻമെന്‍റ്​ സിസ്റ്റത്തിനായുള്ള 10.25 ഇഞ്ച് സ്‌ക്രീനിൽ ആപ്പിൾ കാർപ്ലേ സ്റ്റാൻഡേർഡാണ്​. 12.3 ഇഞ്ച് ടിഎഫ്ടി ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ്​ ഡിസ്പ്ലേ, പനോരമിക് സൺറൂഫ്​, 360 ഡിഗ്രി ക്യാമറ, ആംബിയന്‍റ്​ ലൈറ്റിങ്​ എന്നിവയും നൽകിയിട്ടുണ്ട്. ഡി‌ബി‌എക്സ് ഒരു അഞ്ച് സീറ്റർ വാഹനമാണ്​. നീളമുള്ള വീൽബേസ്​ കാരണം പിൻസീറ്റിലും ധാരാളം സ്ഥലമുണ്ട്. തങ്ങളുടെ സൂപ്പർ-എസ്‌യുവികൾ പ്രായോഗികമാകാൻ ആഗ്രഹിക്കുന്നവർക്ക് 632 ലിറ്റർ ബൂട്ടും ആസ്റ്റൻ നൽകിയിട്ടുണ്ട്​.

എതിരാളികൾ

ആസ്റ്റൺ മാർട്ടിൻ ഡിബിഎക്സിന് എതിരാളികളുടെ നീണ്ട നിരയാണുള്ളത്​. സ്പെക്ട്രത്തിന്‍റെ ഒരറ്റത്ത് പോർഷെ കയേനാണെങ്കിൽ തുടർന്ന്​ ബെന്‍റ്​ലെ ബെന്‍റയ്​ഗയും റോൾസ് റോയ്‌സ് കള്ളിനനും ലംബോർഗിനി ഉറൂസും, ഓഡി ആർ‌എസ് ക്യു 8ഉം മാസരെട്ടി ലെവാന്തെയുമൊക്കെവരും. ലോകത്തിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ്​ ഡിബിഎക്സ്​ എന്ന് പറയാം.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.