ബൈക്ക് ടാക്സി നിരോധനം; ജീവിതം കൂടുതൽ ദുരിതത്തിലാകുമെന്ന് ഉപഭോക്താക്കൾ

കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ ബൈക്ക് ടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഊബര്‍, ഒല, റാപിഡോ തുടങ്ങിയ ബൈക്ക് ടാക്‌സികള്‍ക്ക് വലിയ തിരിച്ചടിയായി ഇതുമൂലം ഉണ്ടായിരിക്കുന്നത്. കമ്പനികൾക്ക് മാത്രമല്ല ​ചിലവുകുറഞ്ഞ ബൈക്ക് ടാക്സികൾ ഉപയോഗിച്ചിരുന്ന സാധാരണക്കാരായ വലിയൊരു വിഭാഗം ഉപഭോക്താക്കൾക്കും തീരുമാനം ഇരുട്ടടിയാണ്.

1988 ലെ മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണ് ബൈക്ക് ടാക്സികൾ എന്നും നിയമലംഘനം നടത്തുന്നവരിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നുമാണ് ഡൽഹി ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഇരുചക്ര വാഹനങ്ങൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമ ലംഘനമാണെന്നും സ്വകാര്യ റജിസ്‌ട്രേഷനുള്ള വാഹനങ്ങളിൽ യാത്രികരുമായി പോകുന്നത് മോട്ടര്‍ വാഹന നിയമത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

നിരോധന ലംഘനം പിടിക്കപ്പെട്ടാൽ ആദ്യ തവണ 5000 രൂപ പിഴ ഈടാക്കും. വീണ്ടും പിടിക്കപ്പെടുകയാണെങ്കില്‍ പിഴ 10,000 രൂപയായി ഉയരുകയും തടവുശിക്ഷ വരെ ലഭിക്കുകയും ചെയ്യും. ഡ്രൈവറുടെ ലൈസന്‍സ് മൂന്നു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുമെന്നും ഡല്‍ഹി മോട്ടര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ബൈക്ക് ടാക്‌സി ഓടിക്കുന്നവര്‍ മാത്രമല്ല കമ്പനികളും കുരുക്കിലാകും. ബൈക്ക് ടാക്‌സി സര്‍വീസ് നടത്തിയാല്‍ കമ്പനികള്‍ക്ക് ഒരു ലക്ഷം രൂപ പിഴയാണ് കാത്തിരിക്കുന്നത്.

പരുങ്ങലിലാകുന്നത് സാധാരണക്കാർ

ഡൽഹി സർക്കാർ ബൈക്ക് ടാക്‌സി സർവീസിന് ബ്രേക്ക് ഇട്ടതോടെ തങ്ങൾ ബുദ്ധിമുട്ടിലാണെന്ന് നതാഷ തിവാരി, നിശാന്ത് രഞ്ജൻ എന്നീ ഡൽഹി നിവാസികൾ പറയുന്നു. ഇരുവരും എന്നും ബൈക്ക് ടാക്സിയിലാണ് യാത്ര ചെയ്തിരുന്നത്. തിരക്കേറിയ ബസുകളിലോ, ഓട്ടോറിക്ഷകളിലോ ആണ് തങ്ങൾ ഇനി സഞ്ചരിക്കേണ്ടതെന്നും ഇരുവരും പറയുന്നു. ഓഫീസിലേക്കും തിരിച്ച് വീട്ടിലേക്കും പോകുന്ന വഴിയിലെ തിരക്ക് ഒരുപരിധിവരെ മറികടന്നിരുന്നത് ബൈക്ക് ടാക്സി വഴിയാണ്.

‘ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ, എന്റെ റൂട്ടിൽ അത്ര എളുപ്പത്തിൽ ലഭ്യമല്ലാത്ത ഓട്ടോറിക്ഷയ്ക്ക് പകരം ഞാൻ സാധാരണയായി ബൈക്ക് ടാക്സി ആണ് ബുക്ക് ചെയ്യാറ്. ഓട്ടോ ഡ്രൈവർമാരുമായുള്ള വിലപേശലിന്റെ പ്രശ്‌നവും റോഡിലെ തിരക്കും ഒഴിവാക്കാൻ ഇത് സഹായിക്കും. സുരക്ഷിതമായി യാത്ര ചെയ്യാനും ഇതിലൂടെ കഴിയും’-നതാഷ തിവാരി പറയുന്നു.

ഡൽഹി ഗതാഗത വകുപ്പിന്റെ ഏറ്റവും പുതിയ നീക്കം തന്റെ പ്രതിമാസ ചെലവുകളെ വലിയ തോതിൽ ബാധിക്കുമെന്ന് 26 കാരനായ നിശാന്ത് രഞ്ജൻ പറഞ്ഞു. തന്റെ പ്രതിദിന യാത്രാ ചെലവ് "ഏകദേശം 260 രൂപയിൽ നിന്ന് കുറഞ്ഞത് 350 രൂപയായി" ഉയരുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. ചിത്തരഞ്ജൻ പാർക്കിൽ നിന്ന് ചാണക്യപുരിയിലെ മാൽച്ച മാർഗിലേക്ക് ജോലിക്കായി ദിവസവും യാത്ര ചെയ്യുന്ന രഞ്ജൻ ഇപ്പോൾ പോക്കറ്റ് ഫ്രണ്ട്‌ലിയും സമയം ലാഭിക്കുന്നതുമായ ഒരു ബദൽ കണ്ടെത്താൻ പാടുപെടുകയാണ്.


Tags:    
News Summary - Brakes on bike taxi service: working professionals already ‘missing’ pocket-friendly ride

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.