തീപിടിത്തം പഴങ്കഥയാക്കി ഒല; ഇത്തവണ മുൻ ഭാഗം ഒടിഞ്ഞുകുത്തി -പുതിയൊരു ഇ.വി ദുരന്തകഥകൂടി

വാഹനമേഖലക്ക് അപമാനമായി വീണ്ടുമൊരു ഇ.വി ദുരന്തം. മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒലയുടെ എസ് വൺ പ്രോ മോഡലാണ് ഇത്തവണ വാർത്തകളിൽ ഇടംപിടിച്ചത്. ഒല സ്‍കൂട്ടറുകള്‍ അടുത്തകാലത്തായി നിരവധി ഇ.വി ദുരന്തങ്ങളിൽ ഭാഗഭാക്കായിരുന്നു. സോഫ്റ്റ്‌വെയര്‍ പ്രശ്‌നം, തീപിടിത്തം, ഹെഡ്‌ലാമ്പ് പ്രശ്‌നങ്ങൾ, പൊരുത്തമില്ലാത്ത റൈഡിങ് റേഞ്ച്, ഫോർവേഡ് മോഡിൽ സ്‌കൂട്ടർ തനിയെ റിവേഴ്സ് ഓടുക മുതലായ പ്രശ്നങ്ങളാണ് ഒലയിൽ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാലിത്തവണ വ്യത്യസ്തമായൊരു പ്രശ്നമാണ് സ്കൂട്ടറിന് സംഭവിച്ചത്. സ്കൂട്ടറിന്റെ മുൻഭാഗം ഒടിഞ്ഞുതൂങ്ങുകയായിരുന്നെന്ന് ഉടമ പറയുന്നു.

ഒല എസ്1 പ്രോ ഉടമ സഞ്ജീവ് ജെയിൻ എന്നയാളാണ് തന്റെ കദനകഥ സമൂഹമാധ്യമങ്ങളിൽ വിവരിച്ചത്. ഡെലിവറി എടുത്ത് ആറ് ദിവസത്തിനുള്ളിൽ സ്‍കൂട്ടറിന്റെ മുൻവശത്തെ ഫോർക്ക് തകർന്നതായി ഇയാൾ പറയുന്നു. വിവിധ ദേശീയ മാധ്യമങ്ങല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒല ഇലക്ട്രിക് പബ്ലിക് ഗ്രൂപ്പിലെ ഫേസ്ബുക്ക് പോസ്റ്റിലാണ് സഞ്ജീവ് തകര്‍ന്ന സ്‍കൂട്ടറിന്‍റെ ചിത്രങ്ങളും കുറിപ്പും പങ്കുവെച്ചത്. തകർന്ന ഫ്രണ്ട് സസ്‌പെൻഷനോടെ ചുവന്ന നിറത്തിലുള്ള അദ്ദേഹത്തിന്റെ പുതിയ എസ്1 പ്രോയുടെ ചിത്രങ്ങൾ വൈറലായി. സ്കൂട്ടറിന്റെ സസ്‌പെൻഷൻ യൂനിറ്റ് പൂർണ്ണമായും തകർന്നതായാണ് ചിത്രങ്ങളിൽ കാണുന്നത്.

ഗുണനിലവാരവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾ രാജ്യത്ത് പുറത്തിറങ്ങുന്ന ഇ.വി സ്കൂട്ടറുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒലയും ഇതിനകം നിരവധി വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ വിപ്ലവത്തിന്റെ തുടക്കമായാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ വരവിനെ പലരും വിശേഷിപ്പിച്ചിരുന്നത്. ലക്ഷകണക്കിന് ബുക്കിംഗുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നേടി വാഹനം തരംഗമായിരുന്നു. എന്നാല്‍, നിരത്തിലെത്തിയതോടെ അതുവരെ ഉണ്ടാക്കിയെടുത്ത എല്ലാ ജനപ്രീതിയും തകിടം മറിഞ്ഞു. നിരവധി ഒല സ്കൂട്ടറുകൾക്ക് രാജ്യത്തുടനീളം തീപിടിത്തവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Brand New Ola S1 Pro Electric Scooter's breaks down, front suspension collapses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.