മദ്യപിച്ച് വാഹനമോടിക്കലും അതിവേഗതയും മത്സരയോട്ടവും അപകടകരമായ ഡ്രൈവിങ്ങും ഹെൽമെറ്റ് ധരിക്കാതിരിക്കലുമടക്കം നിരന്തരം ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവർക്ക് മുട്ടൻ പണിയുമായി ഗതാഗത വകുപ്പ്. പരിഷ്‌കരിച്ച കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ അനുസരിച്ച്, സംസ്ഥാന ഗതാഗത വകുപ്പുകൾ ഇനിമുതൽ അവരുടെ വെബ് പോർട്ടലുകളിൽ ആവർത്തിച്ചുള്ള ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന വ്യക്തികളുടെ ഒരു പട്ടിക പ്രസിദ്ധീകരിക്കും.
ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടം സൃഷ്ടിക്കുന്നത് തടയാനും ഉത്തരവാദിത്തമുള്ള ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പേര് പരസ്യപ്പെടുത്തി നാണക്കേടിലാക്കുന്ന നടപടി വകുപ്പ് കൈകൊള്ളുന്നത്. ഒരു മാസത്തിനകം കുറ്റവാളി അപ്പീലിനായി പോകുന്നില്ലെങ്കിലോ അപ്പീൽ അതോറിറ്റി അവരുടെ അപ്പീൽ നിരസിച്ചാലോ പേരുകൾ പരസ്യപ്പെടുത്തും.
ഗതാഗത വകുപ്പുകൾ അവരുടെ പോർട്ടലിൽ "ആക്ടിന്‍റെ സെക്ഷൻ 19 ലെ ഉപവിഭാഗം (1 എ) പ്രകാരം ഡ്രൈവിങ് ലൈസൻസ് അസാധുവാക്കൽ" എന്ന പേരിൽ ഒരു പ്രത്യേക വിഭാഗം സൃഷ്ടിക്കും, അത് പൊതുജനങ്ങൾക്ക് ലഭ്യമാക്കാനായി അച്ചടിക്കാവുന്നതും പങ്കിടാവുന്നതുമായ പി.ഡി.എഫ് രൂപത്തിൽ ആയിരിക്കും നൽകുക.
നിയമത്തിലെ പുതിയ മാറ്റങ്ങൾ ഓൺലൈനിലായതിനാൽ ആളുകൾക്ക് ഗതാഗത സംബന്ധിയായ സേവനങ്ങൾ എളുപ്പം ലഭ്യമാക്കുന്നതിന് സൗകര്യപ്രദമാകും. അപേക്ഷ സമർപ്പിക്കുന്നതും ലൈസൻസ് നൽകുന്നതും മുതൽ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതും സറണ്ടർ ചെയ്യുന്നതും ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതുമടക്കമുള്ള സേവനങ്ങളാണ് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.