ഭാവിയിൽനിന്നൊരു ക്ലാസിക്; ബി.എസ്.എ ഗോൾഡ് സ്റ്റാർ തരംഗമാകുന്നുജാവ, യെസ്ഡി തുടങ്ങിയ ക്ലാസിക്കുകൾ വിപണിയിൽ എത്തിയതിന് പിന്നാലെ മറ്റൊരു താരംകൂടി മണ്ണിലിറങ്ങുന്നു. ബി.എസ്.എ (Birmingham Small Arms) ഗോൾഡ് സ്റ്റാറാണ് ആ അവതാരം. കഴിഞ്ഞ ദിവസം ബി.എസ്.എ ഗോൾഡ് സ്റ്റാറിന്റെ ചിത്രം ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. നിലവിൽ ഇന്ത്യയിൽ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഗോൾഡ് സ്റ്റാർ 650 അന്താരാഷ്‌ട്ര വിപണികളെ ഉദ്ദേശിച്ചുള്ളതാണ്. സമീപ ഭാവിയിൽ വാഹനം ഇന്ത്യയിലെത്തുമോ എന്നതുസംബന്ധിച്ച് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടുമില്ല.
ബ്രിട്ടീഷ് മോട്ടോർസൈക്കിളുകൾക്കിടയിലെ ഐതിഹാസികമായ പേരാണ് ബി.എസ്.എ ഗോൾഡ് സ്റ്റാർ. ജാവ, യെസ്‌ഡി ബ്രാൻഡുകൾ പുനരുജ്ജീവിപ്പിച്ച ക്ലാസിക് ലെജൻഡ്‌സ് എന്ന ഇന്ത്യൻ കമ്പനിക്കാണ് ഇന്ത്യയിലും വിദേശത്തും ബി.എസ്.എ ബ്രാൻഡഡ് മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനുമുള്ള അവകാശമുള്ളത്. ക്ലാസിക് ലെജൻഡ് കമ്പനിയുടെ 60% ഓഹരികളും മഹീന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്.ഉയിർത്തെഴുന്നേറ്റ ബി.എസ്.എ ബ്രാൻഡിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യത്തെ മോട്ടോർസൈക്കിൾ ഗോൾഡ് സ്റ്റാർ ആയിരിക്കും, ഏകദേശം 50 വർഷം മുമ്പ് ഉൽപ്പാദനം അവസാനിപ്പിച്ച മോട്ടോർസൈക്കിളാണിത്.
ആദ്യകാലത്ത് ഗോൾഡ് സ്റ്റാർ 350 സിസി, 499 സിസി എഞ്ചിനുകൾ ഉപയോഗിച്ചാണ് വിറ്റത്. 100 മൈൽ (161 കിലോമീറ്റർ) വേഗമെടുക്കാൻ കഴിയുന്ന ഈ ബൈക്കുകൾ അക്കാലത്തെ ഏറ്റവും വേഗതയേറിയ ഇരുചക്ര വാഹനങ്ങളിൽ ഒന്നായിരുന്നു. ഒരുകാലത്ത് ട്രയംഫ് ബി.എസ്.എയുടെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് പതിറ്റാണ്ടുകളായി കമ്പനി പ്രവർത്തനരഹിതമായി തുടർന്നു. 2016ൽ 28 കോടി രൂപക്കാണ് കമ്പനിയെ ക്ലാസിക് ലെജൻഡ്സ് ഏറ്റെടുത്തത്.
ക്ലാസിക് ലെജൻഡ്‌സ് ഇപ്പോൾ പുതിയ ഗോൾഡ് സ്റ്റാറുമായി രംഗത്തുവരികയാണ്. എഞ്ചിൻ സ്പെഷ്യലിസ്റ്റായ റോട്ടാക്സ് വികസിപ്പിച്ചെടുത്ത 650സി.സി മോട്ടോർ 45 ബിഎച്ച്പി കരുത്തും 55 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. മോട്ടോറിന് ഇരട്ട ഓവർഹെഡ് ക്യാംഷാഫ്റ്റുകൾ, നാല് വാൽവ് ഹെഡ്, ലിക്വിഡ് കൂളിങ്, ഫ്യൂവൽ ഇഞ്ചക്ഷൻ, ഇരട്ട സ്പാർക്ക്പ്ലഗ് ഇഗ്നിഷൻ എന്നിവ ലഭിക്കും. അഞ്ച് സ്പീഡ് യൂനിറ്റാണ് ഗിയർബോക്‌സ്. രണ്ട് ചക്രങ്ങളിലും ഡ്യുവൽ ചാനൽ എ.ബി.എസ് ഉള്ള ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കുകൾ വാഹനത്തിന് ഉണ്ട്. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഇരട്ട റിയർ ഷോക്ക് അബ്സോർബറുകളുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്.
2022 ബി.എസ്.എ ഗോൾഡ് സ്റ്റാർ 650 ന് 213 കിലോഗ്രാം ഭാരമുണ്ട്. വിദേശത്തുള്ള ആധുനിക-റെട്രോ മോട്ടോർസൈക്കിൾ വിപണിയെ ലക്ഷ്യമിട്ടാണ് വാഹനം പുറത്തിറക്കുന്നത്. റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650-ൽ നിന്നായിരിക്കും വാഹനം കൂടുതൽ മത്സരം നേരിടുക. ഗോൾഡ് സ്റ്റാർ ഇന്ത്യയിൽ നിർമ്മിക്കുന്നത്, മധ്യപ്രദേശിലെ പിതാംപൂരിലുള്ള മഹീന്ദ്ര ടൂ വീലർ ഫാക്ടറിയിലാണ്. 2021 ഡിസംബർ നാലിനായിരുന്നു ബി. എസ്. എ ഗോൾഡ് സ്റ്റാർ 650 ന്റെ ആഗോള ലോഞ്ചിങ് നടന്നത്. യു.കെയിലെ ബെർമിങ്ഹാമിലായിരുന്നു ലോഞ്ചിങ് പരിപാടികൾ അരങ്ങേറിയത്. ഇന്ത്യൻ രൂപ ആറ് ലക്ഷം ആണ് യു.കെയിൽ ഇതിന്റെ വില വരുന്നത്. ഇന്ത്യക്കാർക്കായി ഗോൾഡ് സ്റ്റാർ ഉടനൊന്നും നിർമിക്കില്ല എന്നാണ് ക്ലാസിക് ലെജൻഡ്സ് നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.