റോയൽ എൻഫീൽഡ് 350 സിസി മോട്ടോർസൈക്കിളിൽ നടത്തിയ അഭ്യാസ പ്രകടനങ്ങളിൽ മൂന്ന് ലോക റിക്കോർഡുകൾ സ്ഥാപിച്ച് ഇന്ത്യൻ ആർമി. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) മോട്ടോർസൈക്കിൾ സ്റ്റണ്ട് ടീം ആണ് പുതിയ റെക്കോർഡുകൾ സ്വന്തമാക്കിയത്. ഡിസംബർ 16ന് നടന്ന വിജയ് ദിവസ് ആഘോഷ ചടങ്ങുകളുടെ ഭാഗമായി ഡൽഹിയിലെ ബി.എസ്.എഫ് കാമ്പസിലാണ് അഭ്യാസ പ്രകടനങ്ങൾ നടന്നത്.
ബി.എസ്.എഫിന്റെ ജൻബാസ് ഡെയർഡെവിൾ മോട്ടോർസൈക്കിൾ ടീമിന്റെ ഇൻസ്പെക്ടർ അവധേഷ് കുമാർ സിങ്, ക്യാപ്റ്റൻ സുധാകർ എന്നിവരാണ് ആദ്യ റെക്കോർഡ് സ്ഥാപിച്ചത്. റോയൽ എൻഫീൽഡ് 350 സിസി മോട്ടോർസൈക്കിളിന് മുകളിൽ ഘടിപ്പിച്ച 12.9 അടി ഗോവണിക്ക് മുകളിൽ രണ്ട് വ്യക്തികളുടെ ഏറ്റവും ദൈർഘ്യമേറിയ സവാരി എന്ന റെക്കോർഡാണ് ഇവർ സൃഷ്ടിക്കുകയായിരുന്നു. 5 മണിക്കൂർ 26 മിനിറ്റ് കൊണ്ട് 174.1 കിലോമീറ്റർ ദൂരം ഇരുവരും ബൈക്കിൽ സഞ്ചരിച്ചു.
രണ്ടാമത്തെ റെക്കോർഡ് ബി.എസ്.എഫ് ജൻബാസ് ഡെയർഡെവിൾ മോട്ടോർസൈക്കിൾ ടീം അംഗമായ ഇൻസ്പെക്ടർ വിശ്വജീത് ഭാട്ടിയയാണ് സ്വന്തമാക്കിയത്. 2 മണിക്കൂർ 6 മിനിറ്റ് ഇടവേളയില്ലാതെ റോയൽ എൻഫീൽഡിന്റെ സീറ്റിൽ കിടന്നുകൊണ്ട് ബൈക്ക് ഓടിച്ചാണ് ഇദ്ദേഹം റെക്കോർഡ് സൃഷ്ടിച്ചത്. 70 കിലോമീറ്റർ ദൂരമാണ് ഇത്തരത്തിൽ ഭാട്ടിയ ബൈക്ക് ഓടിച്ചത്. കിടന്നുകൊണ്ടുള്ള ഏറ്റവും ദൈർഘ്യമേറിയ സവാരി എന്ന റെക്കോർഡ് നേരത്തേതന്നെ ഇദ്ദേഹത്തിന്റെ പേരിലായിരുന്നു. അത് പുതുക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.
ബി.എസ്.എഫിലെ സീമാ ഭവാനി ഓൾ വുമൺ മോട്ടോർസൈക്കിൾ ടീം ക്യാപ്റ്റൻ ഇൻസ്പെക്ടർ ഹിമാൻഷു സിരോഹിയാണ് മൂന്നാം റെക്കോർഡ് സ്ഥാപിച്ചത്. റോയൽ എൻഫീൽഡ് 350 സിസി മോട്ടോർസൈക്കിളിന്റെ സൈഡ് ബ്രാക്കറ്റിൽ നിന്നുകൊണ്ടുള്ള ഏറ്റവും ദൈർഘ്യമേറിയ സവാരി എന്ന നേട്ടമാണ് അവർ നേടിയത്. 6 മണിക്കൂറും 3 മിനിറ്റും കൊണ്ട് 178.6 കിലോമീറ്റർ ഈ പൊസിഷനിൽ സിരോഹി പിന്നിട്ടു.
റിപ്പബ്ലിക് ദിനത്തിൽ സൈന്യത്തിനായി ബൈക്ക് സ്റ്റണ്ടുകൾ നടത്തുന്ന ടീമാണ് ജാൻബാസ്. 1990ലാണ് ജാൻബാസ് രൂപീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.