പെട്രോൾ-ഡീസൽ വാഹനങ്ങൾ നിരോധിച്ച് അമേരിക്കൻ സംസ്ഥാനം; ലോകത്ത് ഇതാദ്യം

കാലിഫോർണിയ: പെട്രോൾ-ഡീസൽ വാഹനങ്ങളുടെ ഉത്പ്പാദനവും വിൽപ്പനയും നിരോധിച്ച് അമേരിക്കൻ സംസ്ഥാനം. 2035 മുതലാകും നിരോധനം പ്രാബല്യത്തിൽ വരിക. ലോകത്ത് ആദ്യമായാണ് ഏതെങ്കിലും ഒരു ഭരണകൂടം ഇത്തരമൊരു തീരുമാനം എടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തോടുള്ള പോരാട്ടം ശക്തമാക്കാനാണ് തീരുമാനമെന്നാണ് കാലിഫോർണിയ സംസ്ഥാന ഭരണകൂടം പറയുന്നത്.

കാലിഫോർണിയ എയർ റിസോഴ്‌സ് ബോർഡ് ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. 2035 മുതൽ ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് (ചാർജ് ചെയ്യാവുന്ന ബാറ്ററിയോടുകൂടിയ) വാഹനങ്ങൾ മാത്രമാകും കാലിഫോർണിയയിൽ വിൽക്കുക. അഡ്വാൻസ്ഡ് ക്ലീൻ കാർസ് രണ്ട് പ്ലാൻ പ്രകാരമാണ് തീരുമാനം. 'ഇത് കാലിഫോർണിയയ്ക്കും ഞങ്ങളുടെ പങ്കാളി സംസ്ഥാനങ്ങൾക്കും ലോകത്തിനും ഒരു ചരിത്ര നിമിഷമാണ്, ഞങ്ങൾ സീറോ എമിഷൻ ഭാവിയിലേക്കുള്ള ഈ പാത മുന്നോട്ട് വയ്ക്കുന്നു'-ബോർഡ് ചെയർ ലിയാൻ റാൻഡോൾഫ് പറഞ്ഞു.

'ഇലക്‌ട്രിക് വാഹനങ്ങളുടെ വിലയെക്കുറിച്ചും റേഞ്ചുമായി ബന്ധപ്പെട്ടും ചില ആശങ്കകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ക്രമേണ ഈ ആശങ്കകൾ മാറും. അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുന്നത് ഇ.വി വാഹനങ്ങൾ വേഗത്തിലും സൗകര്യപ്രദമായ സ്ഥലങ്ങളിലും ചാർജ് ചെയ്യാൻ സഹായിക്കും. കൂടാതെ, ഇവിയും പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹന വിൽപ്പനയും മാത്രമേ പാടുള്ളൂ എന്ന കാലിഫോർണിയയുടെ തീരുമാനം മറ്റ് അമേരിക്കൻ സംസ്ഥാനങ്ങളേയും ബാധിക്കും. ഇത് അടിസ്ഥാന സൗകര്യ വികസനത്തിന് പ്രചോദനം നൽകും'-അദ്ദേഹം പറഞ്ഞു.

മറ്റ് അമേരിക്കൻ സംസ്ഥാനങ്ങളേക്കാളും ഫെഡറൽ ഗവൺമെന്റിനെക്കാളും വേഗത്തിൽ ക്ലീൻ-എനർജി മൊബിലിറ്റി ഓപ്ഷനുകൾ പ്രോത്സാഹിപ്പിക്കുന്ന സ്റ്റേറ്റ് ആണ് കാലിഫോർണിയ. 2026ഓടെ സംസ്ഥാനത്തെ മൊത്തം വിൽപ്പനയുടെ 35 ശതമാനവും ഇ.വികൾ, പ്ലഗ്-ഇൻ ഹൈബ്രിഡുകൾ അല്ലെങ്കിൽ ഹൈഡ്രജൻ-പവർ ടെക്‌നോളജി എന്നിവയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്ലീൻ എനർജി വാഹനങ്ങളുടെ മാത്രം വിൽപ്പന അനുവദിക്കാനുള്ള തീരുമാനം ടെസ്‌ല, റിവിയൻ തുടങ്ങിയ ഇവി നിർമ്മാതാക്കൾക്ക് ഉണർവ്വേകും. അതേസമയം തന്നെ ഇവികളിലേക്ക് തിരിഞ്ഞ പരമ്പരാഗത വാഹന നിർമ്മാതാക്കൾക്കും പുതിയ തീരുമാനം ഗുണംചെയ്യും. എന്നാൽ തീരുമാനം ഏകകണ്ഠമാണെങ്കിലും, അത് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ബൈഡൻ ഭരണകൂടത്തിന്റെ അംഗീകാരം ആവശ്യമാണ്.

Tags:    
News Summary - California is world's first government to ban petrol-powered cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.