പുതുവർഷത്തിൽ പടക്കത്തിനുപകരം കാറുകൾ കത്തിക്കുന്നവരുടെ നാട്​; ഈ വിചിത്ര രീതിക്ക്​ പിന്നിലെ കാരണം ഇതാണ്​

വിചിത്രമായ നിരവധി ആചാരങ്ങളുള്ള നാടുകൾ ലോകത്ത്​ എമ്പാടുമുണ്ട്​. ആഘോഷ വേളകളിലും മരണം പോലുള്ള ദുഃഖങ്ങളുടെ സന്ദർഭങ്ങളിലു​മാണ്​ ഇത്തരം ആചാരങ്ങളിലധികവും നടക്കാറുള്ളത്​. യൂറോപ്യൻ രാജ്യമായ ​ഫ്രാൻസ്​ ഇത്തരത്തിലുള്ള ആഘോഷത്തിന്‍റെ പേരിൽ വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്​. പുതുവർഷത്തെ വരവേൽക്കാനാണ്​ ഫ്രഞ്ചുകാർ വിചിത്രമായ ആചാരം സംഘടിപ്പിച്ചത്​.


പുതുവർഷത്തിൽ കരിമരുന്ന് പ്രയോഗം സാധാരണയാണ്​. എന്നാൽ ഫ്രാൻസിൽ പടക്കങ്ങൾ മാത്രമല്ല കാറുകളും പുതുവർഷത്തെ ആഘോഷത്തിന്റെ ഭാഗമായി കത്തിച്ചു. ഇത്തവണ കത്തിച്ചത് കോടിക്കണക്കിന് രൂപ വില വരുന്ന 874 കാറുകളാണെന്നാണ്​ റിപ്പോർട്ടുകൾ പറയുന്നത്​. ഫ്രാൻസിന്‍റെ നഗര പ്രാന്തങ്ങളിലാണ്​ കാർ കത്തിക്കൽ കൂടുതലായി നടന്നത്​. പതിറ്റാണ്ടുകൾ നീണ്ട പാരമ്പര്യത്തിന്‍റെ ഭാഗമായാണ്​ ഈ നടപടിയെന്നും മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം കാറുകൾ കത്തിച്ചതിന് 441 പേർക്ക് എതിരെ കേസെടുത്തിട്ടുണ്ട്​.


മുൻ വർഷങ്ങളെ അപേക്ഷിച്ച് കാർ കത്തിക്കൽ ഇത്തവണ കുറവായിരുന്നു എന്നാണ് ഫ്രഞ്ച് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. 2019ൽ 1316 കാറുകളായിരുന്നു പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അഗ്നിക്കിരയാക്കപ്പെട്ടത്. 2020ൽ ലോക്ഡൗൺ നിയന്ത്രണങ്ങളുണ്ടായിരുന്നതുകൊണ്ട് കണക്കുകൾ ലഭ്യമായിട്ടില്ല.

തൊണ്ണൂറുകളിലാണ് പുതുവർഷത്തിൽ കാർ കത്തിക്കുന്ന ആഘോഷങ്ങൾ ഫ്രാൻസിൽ തുടങ്ങുന്നത്. ന്യൂ ഇയർ ആഘോഷങ്ങൾ മറയാക്കി കുറ്റകൃത്യങ്ങൾ മറയ്ക്കുന്നതിനും ഇൻഷുറൻസ് തുക തട്ടുന്നതിനും ആളുകൾ സ്വന്തം കാർ കത്തിക്കാറുണ്ടെന്നും അധികൃതർ പറയുന്നു. 2005 ലെ പ്രക്ഷോഭങ്ങളുടെ സമയത്ത് ഏകദേശം 8810 കാറുകൾ കത്തിച്ചിരുന്നു. കാർ കത്തിക്കുന്ന വാർത്ത ഫ്രഞ്ച്​ ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാൻ തന്നെ സമ്മതിച്ചിട്ടുണ്ട്​.


രാജ്യത്ത് കോവിഡ്​ കേസുകൾ വൻതോതിൽ വർധിച്ചിട്ടും ഈ പാരമ്പര്യ പ്രകടനം നടന്നതിന്‍റെ അമ്പരപ്പിലാണ്​ ഭരണകൂടം. ഫ്രാൻസിൽ ഇപ്പോൾ 2 ലക്ഷത്തിലധികം കോവിഡ്​ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സെൻട്രൽ ഫ്രാൻസിലെ യോനെ ഡിപ്പാർട്ട്‌മെന്റിൽ കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, 1,500 ഓളം പേർ പ​ങ്കെടുത്ത നിയമവിരുദ്ധ പാർട്ടി നടന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. പോലീസ് സേന സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - People in France burn 874 cars on New Year's Eve. Here's why

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.