ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വന്നതോടെ ലോകത്തെ ഏറ്റവും പ്രധാന ഉത്പ്പന്നമായി ഡേറ്റ മാറിയിട്ടുണ്ട്. ഫോണുകളും കംപ്യൂട്ടറുകളും മാത്രമല്ല നാം ഓടിക്കുന്ന കാറുകളും നമ്മിൽനിന്ന് ഡേറ്റ മോഷ്ടിക്കുന്നുണ്ടെന്ന വിവരമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലോകത്തെ പ്രധാനപ്പെട്ട 25 കാര്‍ നിര്‍മാതാക്കള്‍ ഉപഭോക്താക്കളുടെ ഏറ്റവും സ്വകാര്യമായ വിവരങ്ങള്‍ വരെ ചോര്‍ത്തുന്നുവെന്നാണ് ആരോപണം. മോസില്ല ഫൗണ്ടേഷനു കീഴില്‍ ഒരുകൂട്ടം ഗവേഷകരാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ലോകത്തെ പ്രമുഖ വാഹന നിർമാതാക്കൾ തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്. അതിൽ ആരോഗ്യപരവും ലൈംഗികപരവുമായി വിവരങ്ങളും ഉൾപ്പെടുന്നു എന്നതാണ് ഞെട്ടിക്കുന്നത്. കാറുകളിൽ ഉപയോഗിക്കുന്ന ആപ്പുകളും സെൻസറുകളും മറ്റ് സംവിധാനങ്ങളും വഴിയാണ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നത്. ചോർത്തുക മാത്രമല്ല ഈ വിവരങ്ങൾ പല ടെക് ഭീമൻമാർക്കും സർക്കാറുകൾക്കും കൈമറുന്നതായും പഠന റിപ്പോർട്ട് പറയുന്നു. സ്വകാര്യ വിവരങ്ങൾക്കൊപ്പം ഡ്രൈവിങ് ശീലങ്ങളും ഡ്രൈവറുടെ ബൗദ്ധിക നിലവാരവും മുഖ ഭാവങ്ങളും ജനിതക വിവരങ്ങളും വരെ കവരുന്നുണ്ട് എന്നാണ് ആരോപണം.
‘നമ്മളില്‍ പലരും സ്വകാര്യ സ്ഥലമായാണ് കാറുകളെ കാണുന്നത്. അതുകൊണ്ടുതന്നെ ഡോക്ടറെ കാണാനായി ഫോണ്‍ ചെയ്യുന്നതും മക്കളും ഭാര്യയുമൊത്തുള്ള സ്വകാര്യ സംഭാഷണങ്ങള്‍ക്കും പ്രതിസന്ധികളില്‍ ഒന്നുറക്കെ കരയാനുമൊക്കെ പലരും കാറുകളെ ഉപയോഗിക്കാറുണ്ട്. പുറം ലോകം അറിയരുതെന്ന് ആഗ്രഹിക്കുന്ന പല സ്ഥലങ്ങളിലൂടെയും കാറുകളെ കൊണ്ടുപോവുകയും ചെയ്യാറുണ്ട്. നമ്മളെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്രയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്’ പഠനത്തിന് നേതൃത്വം നല്‍കിയ ജെന്‍ കാള്‍ട്രൈഡര്‍ പറയുന്നു.
കാറുകളെ പ്രത്യേകം പരിശോധിക്കുന്നതിനു പകരം കാര്‍ കമ്പനികളുടെ സ്വകാര്യതാ നയങ്ങളും കാറുകളുമായി ബന്ധിപ്പിച്ച ആപ്ലിക്കേഷുകളുടെ പ്രവര്‍ത്തനവുമാണ് മോസില്ല ഫൗണ്ടേഷന്‍ പരിശോധിച്ചത്. കാർ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ദൂരെ നിന്ന് കാർ സ്റ്റാർട്ട് ചെയ്യാനും എസി ഓൺ ആക്കാനും സാധിക്കും. എന്നാല്‍ നാമറിയാതെ നമ്മുടെ പല വിവരങ്ങളും ഈ ആപ്പ് ശേഖരിക്കുന്നുണ്ട്. ഫീച്ചറുകൾ കൂടുംതോറും ഡാറ്റ മോഷണം കൂടുമെന്നും റിപ്പോർട്ട് പറയുന്നു.
എന്നാൽ തങ്ങൾ പരിശോധിച്ച കമ്പനികളുടെ പേരുകൾ മോസില്ല ഫൗണ്ടേഷൻ പുറത്തുവിട്ടിട്ടില്ല. വൈദ്യുത കാര്‍ കമ്പനികളിലെ മുന്‍ നിരക്കാരായ ടെസ്‌ല ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു.
കാർ നിർമ്മാതാക്കൾ തങ്ങളുടെ നൂതന ഫീച്ചറുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വർഷങ്ങളായി തങ്ങളുടെ കാറുകളെ ‘കമ്പ്യൂട്ടർ ഓൺ വീൽസ്’ എന്നാണ് വിളിക്കുന്നത്. ഇത്തരം നിർമാതാക്കളാണ് തങ്ങൾ ഇതുവരെ പരിശോധിച്ച ഡേറ്റ മോഷണക്കേസുകളിലെ ഏറ്റവും വലിയ പുളളികളെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.