വ്യജ ഉത്പന്നങ്ങളുടെ പറുദീസ എന്നാണ് ചൈന അറിയപ്പെടുന്നത്. വയാഗ്ര മുതൽ റോൾസ് റോയ്സ് വരെ വിവിധ പേരുകളിൽ നിർമിച്ച് ചൈനക്കാർ ലോക വിപണിയിൽ ഇറക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ റോൾസ് റോയ്സിന്റെ ഡ്യൂപ്ലിക്കേറ്റും ചൈനക്കാർ നിർമിക്കുന്നുണ്ട്. കണ്ടാൽ റോൾസിനോട് സാമ്യമുള്ള ഈ ആഢംബര സെഡാന്‍റെ പേര് ഹോൺക്വി എച്ച് 9 എന്നാണ്. ഒരു റോൾസ്റോയ്സ് സ്വന്തമാക്കാൻ ശരാശരി അഞ്ച് മുതൽ 10 കോടിവരെ ചിലവാകുമെങ്കിൽ ചൈനീസ് ഡ്യൂപ്ലക്കേറ്റിന്‍റെ വില 309,800 മുതൽ 539,800 യുവാൻ വരെയാണ്. എന്നുവച്ചാൽ ഏകദേശം 35 ലക്ഷം മുതൽ 61 ലക്ഷംവരെ മാത്രം. സ്റ്റൈൽ ഫീച്ചറുകൾ ലക്ഷ്വറി തുടങ്ങിയവയിൽ മുമ്പനുമാണ് ഹോൺക്വി എച്ച് 9.
ആഢംബരത്തികവാർന്ന ഉൾവശം
ഹോൺക്വി എച്ച് 9 ന്‍റെ ക്യാബിൻ ആഢംബരം നിറഞ്ഞതാണ്. എൽ.സി.ഡി ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, വലുപ്പമേറിയ പ്രധാന ഡിസ്പ്ലേ യൂണിറ്റ്, 12 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്പ്ലേ, വീഡിയോ സ്ട്രീമിംഗ് റിയർവ്യൂ മിറർ എന്നിവ വാഹനത്തിലുണ്ട്. നാലുപേർക്കാണ് സുഖമായി സഞ്ചരിക്കാനാവുന്നത്. ക്യാബിനിലേക്കുള്ള ശബ്ദം കുറയ്ക്കുന്നതിന് ധകരാളം സൗണ്ട് പ്രൂഫിങ് മെറ്റീരിയലുകൾ ഉപയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത വേരിയന്‍റിന് ആനുസരിച്ച് പ്രത്യേക സുഗന്ധ സംവിധാനം, റഫ്രിജറേറ്റർ, മസാജ് സീറ്റുകൾ എന്നിവയും ലഭ്യമാണ്.
എഞ്ചിൻ
രണ്ട് എഞ്ചിൻ ഓപ്ഷനുകൾ വാഹനത്തിന് ലഭ്യമാണ്. 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് ഒന്ന്. 241 ബിഎച്ച്പി കരുത്തും 380 എൻഎം ടോർക്കും വാഹനം ഉത്പാദിപ്പിക്കും. കൂടുതൽ കരുത്ത് വേണ്ടവർക്ക് 3.0 ലിറ്റർ സൂപ്പർചാർജ്ഡ് വി 6 എഞ്ചിനും ഉണ്ട്. അത് 269 ബിഎച്ച്പിയും 400 എൻഎം ടോർക്കും പുറത്തെടുക്കും. രണ്ട് എഞ്ചിനുകളും ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി യോജിക്കുന്നു. നിരവധി സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം സറൗണ്ട്-വ്യൂ മോനിറ്റർ സിസ്റ്റവും വാഹനത്തിലുണ്ട്. വാഹനം ചൈനക്ക് പുറത്ത് വിൽക്കുന്ന കാര്യത്തിൽ തീരുമാനമൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.