ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി റോഡപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലെ കാരണങ്ങൾ അക്കമിട്ടുനിരത്തുന്ന ഫോറൻസിക് റിപ്പോർട്ട്. പുറകിലുണ്ടായിരുന്ന മിസ്ത്രി ഉൾപ്പെടെയുള്ളവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ ആകെയുള്ള ഏഴ് എയർ ബാഗുകളിൽ രണ്ടെണ്ണം അപകടസമയത്ത് പ്രവർത്തിച്ചിരുന്നില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കാറിന്റെ അമിത വേഗത, തെറ്റായ ഓവർടേക്കിങ്, അഹമ്മദാബാദ്- മുംബൈ ഹൈവേയിലെ റോഡടയാളങ്ങളുടെ കുറവ് എന്നിവയെല്ലാം അപകടത്തിന് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവറിർ ഉറങ്ങിപ്പേയതുകാരണമാകാം അപകടമുണ്ടായതെന്ന വാദങ്ങളെയും അന്വേഷണ റിപ്പോർട്ട് തള്ളുന്നു.
മെഴ്‌സിഡസ് ബെൻസ് ജിഎൽസി എസ്‌യുവിയിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ പെട്ടായിരുന്നു മിസ്ത്രിയുടെ മരണം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. എന്താണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്നത് സംബന്ധിച്ച് വലിയ അന്വേഷണവും നടന്നിരുന്നു. ഇപ്പോഴാണ് അപകടത്തിന്റെ ഫോറൻസിക് റിപ്പോർട്ടുകൾ പുറത്തുവന്നണ്.
'അമിതവേഗം, ഇടതുവശത്തുകൂടിയുള്ള ഓവർ ടേക്കിങ്, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, ഏഴ് എയർബാഗുകളിൽ രണ്ടെണ്ണം തുറക്കാത്തത് എന്നിവയെല്ലാമാണ് അപകടത്തിന് കാരണമായത്'- ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കാർ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലായിരുന്നു. അപകടസമയത്തെ ആഘാതത്തിന്റെ തോത് മണിക്കൂറിൽ 89 കിലോമീറ്ററായിരുന്നു, അതേസമയം ഹൈവേയുടെ ഈ ഭാഗത്ത് വേഗത പരിധി 40 കിലോമീറ്റർ മാത്രമാണ്.അപകടം നടന്ന സ്ഥലത്തെ റോഡ് റീ-അലൈൻമെന്റ് ചെയ്യാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സിവിൽ എഞ്ചിനീയറിംഗുമായി ബന്ധപ്പെട്ട പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഇവ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും നിർദേശങ്ങളുണ്ട്.
'പ്രതിദിനം 1.6 ലക്ഷം പാസഞ്ചർ കാറുകൾ റോഡിലൂടെ പോകുന്നുണ്ട്. എന്നാൽ റോഡ് വീതി കൂട്ടാനുള്ള സാധ്യത കുറവാണ്. വലിയ മാറ്റങ്ങൾ നടത്താൻ പരിമിതികളുണ്ട്. വാഹനത്തിരക്ക് കൂടുതലായതിനാൽ ഒറ്റവരി അടച്ചാലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കും ഉണ്ടാകും. ഈ പാതയിലെ ഗതാഗത വളർച്ച കണക്കിലെടുത്ത്, ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ഭാഗമായി ഞങ്ങൾ വഡോദരയ്ക്കും മുംബൈയ്ക്കും ഇടയിൽ ഗ്രീൻഫീൽഡ് സ്ട്രെച്ച് നിർമ്മിക്കുകയാണ്. അത് പ്രവർത്തനക്ഷമമായിക്കഴിഞ്ഞാൽ, ഈ ഭാഗത്ത് ട്രാഫിക് കുറയും'-കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് സെക്രട്ടറി ഗിരിധർ അരമന പറഞ്ഞു.
'അന്വേഷണത്തിൽ, അമിത വേഗതയാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്ത് സംസ്ഥാനം ഹൈവേ പട്രോളിങ് പാർട്ടികളെ വിന്യസിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളുമായി അടുത്തിടെ നടത്തിയ യോഗത്തിൽ, ഹൈവേ പട്രോളിംഗും എൻഫോഴ്‌സ്‌മെന്റും ശക്തിപ്പെടുത്താൻ അഭ്യർത്ഥിച്ചിട്ടുണ്ട്'' - അദ്ദേഹം പറഞ്ഞു. എയർബാഗുകളെ സംബന്ധിച്ചിടത്തോളം, ഡ്രൈവറുടെ വശത്ത് മുൻഭാഗം, കാൽമുട്ട്, കർട്ടൻ എയർബാഗുകൾ പ്രവർത്തനക്ഷമമായെങ്കിലും ഇടതുവശത്തുള്ള മുൻ കർട്ടനും പിൻ കർട്ടൻ യൂണിറ്റിലും അവ പ്രവർത്തനക്ഷമമായില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.