ന്യൂഡൽഹി: ടാറ്റയുടെ വൈദ്യുത വാഹനമായ നെക്സോൺ ഇ.വിക്കെതിരേ പരാതിയുമായി ഉപഭോക്താവ്. കമ്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച് വാഹനം നൽകുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുമായി ബന്ധപ്പെട്ട് ഡൽഹി ഗതാഗത വകുപ്പ് ടാറ്റാ മോട്ടോഴ്‌സിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. 2020 ഡിസംബർ മൂന്നിന് രജിസ്റ്റർ ചെയ്ത നെക്സൺ ഇവിയാണ് പരാതിക്ക് കാരണം.
സഫ്ദർജംഗിലെ ഡീലർഷിപ്പിൽ നിന്ന് വാങ്ങിയ വാഹനം ഒറ്റ ചാർജിൽ 312 കിലോമീറ്റർ സഞ്ചരിക്കുമെന്നായിരുന്നു നിർമാതാക്കൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ വാഹനം 200 കിലോമീറ്റർ പോലും സഞ്ചരിക്കുന്നില്ലെന്ന് പരാതിക്കാരൻ പറയുന്നു. മൈലേജിനായി ഡീലർ നൽകിയ വിവിധ ഉപദേശങ്ങൾ കൃത്യമായി പാലിച്ചെങ്കിലും ഒരു പുരോഗതിയും കണ്ടില്ലെന്ന് നജഫ്ഗഡ് സ്വദേശിയായ വാഹന ഉടമയുംപറയുന്നു.
ഫെബ്രുവരി 15 ന് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്‍റ് ഓഫീസർക്ക് മുന്നിൽ ഹാജരാകണമെന്ന് കാട്ടിയാണ് ടാറ്റക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് ലഭിച്ചതായും ഉപഭോക്താവിന്റെ ആശങ്ക പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് വക്താവ് പറഞ്ഞു. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) ൽ നിന്ന് ലഭിച്ച സർട്ടിഫിക്കേഷന്‍റെ അടിസ്ഥാനത്തിലാണ് നെക്‌സൺ ഇവിക്കായി ഫുൾ ചാർജിൽ 312 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നത്.
എയർ കണ്ടീഷന്‍റെ ഉപയോഗം, വ്യക്തിഗത ഡ്രൈവിംഗ് രീതി, റോഡിന്‍റെ അവസ്ഥ എന്നിവയെ ആശ്രയിച്ച് റേഞ്ച് മാറിമറിയും. ഡൽഹി ഇലക്ട്രിക് വെഹിക്കിൾ (ഇവി) പോളിസി പ്രകാരം 1,50,000 രൂപയുടെ മൂലധനമുള്ള ഇലക്ട്രിക് ഫോർ വീലർ വാങ്ങുന്നതിന് ഒരു കിലോവാട്ട് ബാറ്ററി ശേഷിക്ക് 10,000 രൂപ പ്രോത്സാഹനം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.