രാജ്യത്ത്​ ഇലക്​ട്രിക്​ വാഹനങ്ങളുടെ വിൽപ്പന കുത്തനേ ഇടിയുന്നു; കാരണം ഇതാണ്​

രാജ്യത്ത്​ ഇലക്​ട്രിക്​ വാഹനങ്ങളുടെ വിൽപ്പന മന്ദഗതിയിലായതായി പഠന റിപ്പോർട്ട്​. കെയർ റേറ്റിങ്​സ്​ നടത്തിയ പഠനത്തിലാണ്​ ക​െണ്ടത്തലുള്ളത്​. ഇതിനുള്ള കാരണവും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. വിൽപ്പന മാന്ദ്യം നിരവധി സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയതായും റിപ്പോർട്ടിലുണ്ട്​.

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്​ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ്​ ഫാസ്റ്റര്‍ അഡാപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) 2. ​ 2023 ജൂണ്‍ ഒന്ന് മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഫെയിം 2 പദ്ധതിക്ക് കീഴില്‍ നല്‍കി വന്നിരുന്ന സബ്‌സിഡി വെട്ടിക്കുറച്ചതാണ്​ നിലവിലെ വിൽപ്പന പ്രതിസന്ധിക്ക്​ പ്രധാന കാരണം. സർക്കാറിന്‍റെ കയ്യിൽ പണലഭ്യത കുറഞ്ഞതാണ്​ സബ്​സിഡി വെട്ടിക്കുറക്കാൻ കാരണമെന്നാണ്​ റിപ്പോർട്ട്​.

ജൂണ്‍ ഒന്നുമുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്സിഡി കിലോവാട്ടിന് 15,000 രൂപയില്‍ നിന്ന് 10,000 രൂപയായും എക്സ്-ഫാക്ടറി വിലയുടെ 40 ശതമാനത്തില്‍ നിന്ന് 15 ശതമാനമായും കുറക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ 2015-ലാണ്​ ഫെയിം പദ്ധതി ആരംഭിച്ചത്. ഉപഭോക്താക്കളെ ഇ.വികളിലേക്ക് അടുപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇത്​ ഫലം കണ്ടിരുന്നെങ്കിലും പെട്ടെന്നാണ്​ സബ്​സിഡി കുറയ്ക്കാൻ തീരുമാമുണ്ടായത്​. ചില ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ പൂർണമായും തടഞ്ഞുവെക്കുക കൂടി ചെയ്തതോടെ 2023-2024 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ വില്‍പ്പന ഗണ്യമായി കുറഞ്ഞു. ഇന്‍സെന്റീവുകള്‍ നേടാനായി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചായിരുന്നു സര്‍ക്കാറിന്റെ ഇത്തരമൊരു നീക്കം.

2020 ഏപ്രിലിലാണ് ഫെയിം IIപദ്ധതി കൊണ്ടുവന്നത്. ബജറ്റില്‍ 10,000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുന്നിയത്. 2022 മാര്‍ച്ച് 31 വരെ ആയിരുന്നു പദ്ധതിയുടെ കാലാവധിയെങ്കിലും പിന്നാലെ 2024 മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു. കേന്ദ്ര സബ്‌സിഡികള്‍ക്കൊപ്പം വിവിധ സംസ്ഥാന സര്‍ക്കാറുകളും ഇ.വികള്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചു. സബ്സിഡിക്കൊപ്പം ചില സംസ്ഥാനങ്ങള്‍ റോഡ് നികുതി മൊത്തമായി ഒഴിവാക്കുകയോ കിഴിവുകള്‍ നല്‍കുകയോ ചെയ്തു.

സംസ്ഥാന സബ്സിഡികള്‍ക്കും ഇന്‍സെന്റീവുകള്‍ക്കും പുറമെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഫെയിം II-ന് കീഴില്‍ 60,000 രൂപ വരെ സബ്സിഡിയും ലഭിച്ചതോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ നിരത്തിലെത്തിക്കാന്‍ പെട്രോള്‍ ടൂവീലയറുകളുടെ വില മതിയെന്നായി. അതോടെ വില്‍പ്പന കൂടുകയും ചെയ്തു. ഇതിനിടെയായിരുന്നു മുന്നറിയിപ്പില്ലാതെ കേന്ദ്രം സബ്‌സിഡി വെട്ടിക്കുറച്ചത്​.

സബ്‌സിഡി കുറച്ചതോടെ ഇലക്ട്രിക് ഇ.വികളുടെ വിലയും കൂടി. സര്‍ക്കാറിന്റെ ഈ നടപടി ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ ഉടനടി സ്വാധീനം ചെലുത്തിയതായി കെയർ റേറ്റിങ്​സ്​ പറയുന്നു. കുറഞ്ഞ വിലയിൽ പുതിയ മോഡലുകൾ അവതരിപ്പിച്ച്​ പ്രതിസന്ധി നേരിടാനൊരുങ്ങുകയാണ്​ ഇപ്പോൾ നിർമാതാക്കൾ.

Tags:    
News Summary - Demand for electric two wheelers slowing down due to reduced govt subsidy: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.