കാടും കുന്നും മലയും കീഴടക്കാൻ 40 ലക്ഷത്തിന്‍റെ ജീപ്പ്, ഓഫ്റോഡിങ്ങിൽ 'പുലി'യാണ് ഈ ഡോക്ടർ

ചെങ്കുത്തായ കയറ്റങ്ങളും കുണ്ടും കുഴിയും മറ്റ് തടസ്സങ്ങളും നിറഞ്ഞ ട്രാക്കിനോടുള്ള അതിയായ പ്രണയമാണ് ഓഫ് റോഡെന്ന സാഹസത്തിലേക്ക് ആളുകളെ എത്തിക്കുന്നത്. കണ്ടു നില്‍ക്കുന്നവരുടെ ചങ്കിടിപ്പ് കൂട്ടുന്ന അതി ദുർഘടമായ വഴികളെ സ്വയം തിരഞ്ഞെടുക്കുന്ന കൂട്ടരാണ് ഓഫ് റോഡ് ഡ്രൈവര്‍മാര്‍. അപകടമേറിയ സകല പ്രതിബദ്ധതകളെയും അനായാസം മറികടന്ന് മികച്ച സമയം കണ്ടെത്തുന്നവനാണ് ആ ട്രാക്കിലെ വിജയി.


അധികമാരും കൈവയ്ക്കാന്‍ മടിക്കുന്ന ഈ മേഖലയിൽ സെക്കന്‍റിന്‍റെ ഒരംശത്തിന്‍റെ പിഴവ് പോലും വൻ അപകടത്തിനാണ് വഴിവെക്കുക. ബുദ്ധിയും ശ്രദ്ദയും ഡ്രൈവിംഗ് പാടവവും വേഗതയും സമ്മിശ്രമായി കോർത്തിണക്കിയുള്ള ഓഫ് റോഡ് ഡ്രൈവിംഗിൽ വിസ്മയം തീർത്തൊരു ഡ്രൈവറുണ്ട് മലപ്പുറത്ത്, ഡോ. മുഹമ്മദ് ഫഹദ്. കേരളത്തിൽ നടന്ന നിരവധി ഓഫ് റോഡ് മത്സരങ്ങളിൽ ട്രാക്കിൽ വിസ്മയം തീർത്ത് മുന്നേറുകയാണ് അദ്ദേഹം.


ഹരം പിടിപ്പിച്ച ഭൂതത്താൻകെട്ട്

ഫഹദ് ആദ്യമായി വാങ്ങിയ വാഹനം മഹീന്ദ്രയുടെ ഥാറാണ്. ജീപ്പിനോടുള്ള അതിയായ പ്രണയമാണ് ഥാറിലെത്തിച്ചത്. ഒരുപാട് പണം ചിലവഴിച്ച് സാവകാശം അത് മോഡിഫൈ ചെയ്യലായിരുന്നു പിന്നീടുള്ള പണി. ഇടക്ക് കൂട്ടുകാരോടൊത്തുള്ള ഫൺ ഡ്രൈവും യാത്രകളും പതിവായിരുന്നു.

ഇതിനിടെയാണ് പഠിച്ച കോതമംഗംലം നങ്ങേലി ആയുർവേദ മെഡിക്കൽ കോളജിലെ അധ്യാപകനായ ഡോ. ഷിബു വര്‍ഗീസ് 2015ൽ കോളജിലെ ഓണാഘോഷത്തോടനുബന്ധിച്ച് ഭൂതത്താൻകെട്ടിൽ 4*4 ചലഞ്ച് ഓഫ് റോഡ് മഡ് റൈസ് സംഘടിപ്പിക്കാമോ എന്ന് ചോദിക്കുന്നത്. ഫഹദിന്‍റെ വണ്ടി പ്രാന്ത് അറിയാമായിരുന്ന അധ്യാപകനായിരുന്നു ഷിബു വര്‍ഗീസ്.

ഓഫ് റോഡ് മത്സരത്തെക്കുറിച്ചൊന്നും വലിയ അറിവില്ലാത്ത കാലമാണ്. തുടർന്ന് കോതമംഗലത്തുള്ള സുഹൃത്ത്, ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മറ്റൊരു സുഹൃത്ത് എന്നിവരോട് വിവരം പറഞ്ഞു. അവർ പിന്തുണച്ചതോടെയാണ് മത്സരം നടത്താൻ തീരുമാനിച്ചത്. നടത്തിപ്പായിരുന്നു ഫഹദിന്‍റെ റോൾ.

ഓഫ്റോഡ് മത്സരരംഗത്ത് പരിചയമുള്ള ചിലരുടെ സഹായത്തോടെ ഥാർ ഉപയോഗിച്ചായിരുന്നു ട്രാക്കിട്ടത്. ആ ട്രാക്കിലൂടെ ഥാർ ഓടിച്ചാണ് ആദ്യമായി ഓഫ് റോഡ് മത്സര പരിശീലനം നേടുന്നത്. സംഘാടകനായതിനാൽ മത്സരിക്കാൻ സാധിച്ചില്ലെങ്കിലും നിരവധി ഡ്രൈവർമാരെയും മത്സരവും പരിചയപ്പെടാനായി എന്നാതായിരുന്നു വലിയ നേട്ടം. തുടർന്ന് 2016ലാണ് മത്സരരംഗത്ത് സജീവമാകുന്നത്. ഭൂതത്താൻകെട്ടിൽ ഥാറിൽ തന്നെയായിരുന്നു മത്സരിച്ചത്.


തോൽവികൾ തന്നെയായിരുന്നു വിജയം

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധി മത്സരങ്ങളിൽ ഇതിനകം പങ്കെടുത്തത്തിട്ടുണ്ട്. പക്ഷേ തുടക്കം 'കൊമ്പൻമാരോട്' മത്സരിച്ച് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. മത്സരങ്ങൾ പൂർത്തിയാക്കാൻ പോലും കഴിയാതെ പിൻമാറേണ്ടി വന്ന സാഹചര്യവും നിരവധിയായിരുന്നു. 2016- 17വർഷം ആകെ ലഭിച്ചത് രണ്ടു ട്രോഫികൾ മാത്രം. അത് തന്‍റെ കഴിവ്കൊണ്ടായിരുന്നില്ലെന്നാണ് ഫഹദ് പറയുന്നത്, എതിരാളികളുടെ നിർഭാഗ്യം കൊണ്ട് മാത്രം.

2017ൽ കണ്ണൂർ ഓഫ്റോഡേഴ്സ് നടത്തിയ മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. ഒന്നാം സ്ഥാനവും മൂന്നും തമ്മിൽ 200 പോയിന്‍റ് വ്യത്യാസമുണ്ടെന്ന് മാത്രം. കോ ഡ്രൈവറുടെ മിടുക്കായിരുന്നു ആ വിജയത്തിനും പിന്നിൽ. പിന്നീട് തിരൂർ ഓഫ് റോഡ് ജംബോരിയിൽ ഒന്നാം സ്ഥാനം നേടി. അത് വലിയ ആത്മവിശ്വാസമായിരുന്നു നൽകിയത്.

അതിനിടെ സഹ ഡ്രൈവറായും വിവിധ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഒരു മത്സരത്തിൽ ഫഹദിന്‍റെ 'വെള്ളം കുടി' ദേശീയ ചാനലായ എൻ.ഡി.ടി.വി ആഘോഷിച്ച സംഭവവുമുണ്ടായിരുന്നു. ഒരു സഹ ഡ്രൈവർ എങ്ങിനെ ആയിരിക്കരുതെന്ന് കാണിക്കുന്ന വിഡിയോ ആയിരുന്നു അത്. ജയിക്കാവുന്ന ആ മത്സരം കൈവിട്ടതിന് പിന്നിൽ തന്നെ തോൽപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നവരാണെന്ന് ഫഹദ് പറയുന്നു. അതിന് ബലിയാടായതാവട്ടെ ഫഹദും. പക്ഷേ തോൽവികളും തിരിച്ചടികളും തന്നെയായിരുന്നു മുന്നോട്ടുള്ള കുതിപ്പിന്‍റെ കരുത്ത്.


ഥാറിൽ നിന്ന് ജീപ്പിലേക്ക്

ഓഫ് റോഡ് മത്സരം ആവേശമായതോടെ ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും കൂടുതലറിയാന്‍ ശ്രമിച്ചു. അതിനായി സമൂഹ മാധ്യമം വഴിയും അല്ലാതെയും മത്സരങ്ങൾ കണ്ടുമനസ്സിലാക്കി ഒരുപാട് കാര്യങ്ങൾ പഠിച്ചെടുത്തു.

അതനുസരിച്ച് ഥാർ മോഡി ഫൈ ചെയ്യാൻ പല മെക്കാനിക്കുകളെയും പ്രത്യേകിച്ച് ഓഫ് റോഡ് വാഹന സ്പെഷ്യലിസ്റ്റുകളെ സമീപിച്ചെങ്കിലും ഭീമമായ തുകയായിരുന്നു പ്രതിഫലം ചോദിച്ചത്. അതോടെ പതിയെ പിൻവാങ്ങി. കാലക്രമേണ നാട്ടിലെ ചില മെക്കാനിക്കുകൾ വഴി തന്നെയാണ് ഥാർ മോഡിഫൈ ചെയ്തത്. അതിനൊക്കെ നല്ലൊരു ശതമാനം വഴികാണിച്ചത് സോഷ്യൽമീഡിയ തന്നെയാണ്.

'പ്രാന്ത് കേറി' മോഡിഫിക്കേൻ കൂടിയതോടെ ഥാറിന് ഭാരവും വർധിച്ചു, അതിനൊപ്പം പവറും കൂട്ടേണ്ടി വന്നു. പവറ് കൂട്ടിയെങ്കിലും പല മത്സരങ്ങളിലും വാഹനത്തിന്‍റെ ഭാരക്കൂടുതൽ തിരിച്ചടിയായി. ഇതിനിടെ ഥാർ ഓടിയോടി തളരുകയും ചെയ്തിരുന്നു. തുടർന്നാണ് 2018ൽ കെ.എൽ.10.ബി.1727, 1994 മോഡല്‍ CJ 500 ജീപ്പിലേക്ക് മാറുന്നത്.


ചങ്കായ കൊളോസസിന്‍റെ പിറവി

നാളുകളായി മനസ്സിൽ കോറിയിട്ട മോഡിഫിക്കേഷനുകളുടെ പൂർണ രൂപമാണ് 'കൊളോസസ്'. കരുത്തനായ ഒരു ഫിക്ഷണൽ ഹീറോ കഥാപാത്രമാണ് 'കൊളോസസ്'. CJ 500 ജീപ്പിൽ ഓഫ് റോഡിങ്ങിനു വേണ്ട മോഡിഫിക്കേഷനുകൾ വരുത്തി ആ കരുത്തിനെയാണ് കൊളോസസിലേക്ക് ആവാഹിച്ചത്. ഭാരക്കുറവ് + കൂടുതല്‍ പവര്‍ എന്ന ഓഫ് റോഡ് വാഹനത്തിന് യോജിച്ച ഫോര്‍മുല കൊളോസസിലൂടെയാണ് യാഥാര്‍ഥ്യമാകുന്നത്. പിന്നീടങ്ങോട്ട് സംസ്ഥാനത്തെ മിക്ക ഓഫ് റോഡ് മത്സരത്തിലും ആ കരുത്തനൊപ്പം ഡോ. മുഹമ്മദ് ഫഹദിന്‍റെയും സജീവ സാന്നിധ്യമുണ്ടായിരുന്നു.

ഓരോ മത്സര ശേഷവും അവിടെനിന്ന് ലഭിക്കുന്ന അനുഭവത്തിൽനിന്ന് കൊളോസസിനെ പരിഷ്കരിച്ചുകൊണ്ടിരുന്നു. ആയിടക്കാണ് മത്സരം കഴിഞ്ഞ് വര്‍ക്ക് ഷോപ്പിലേക്ക് പോകും വഴി കൊളോസസ് അപകടത്തിൽപ്പെട്ടത്. തുടര്‍ന്ന് ലോക്ഡൗണിനിടെ വയനാട് ജീപ്പേഴ്‌സിലെ വിപിന്‍ വര്‍ഗ്ഗീസും സൈഫുദീനും ചേര്‍ന്നാണ് കൊളോസസ് പുതുക്കി പണിതത്. ഫിഡില്‍ ബ്രേക്കിനെക്കുറിച്ച് ഫഹദ് ചിന്തിച്ചു തുടങ്ങിയ കാലത്തു തന്നെ വാഹനത്തില്‍ പരീക്ഷിച്ചവരായിരുന്നു അവർ. അതായത് വണ്ടിയുടെ മർമ്മം അറിയുന്ന 'പുലികൾ' എന്നും ചുരുക്കം. ഫിഡില്‍ ബ്രേക്കും ഡിഫറന്‍ഷ്യല്‍ ലോക്കേഴ്‌സും അടക്കം പുതുപുത്തനാക്കിയാണ് കൊളോസസ് പിന്നീടിറങ്ങിയത്. കൊളോസസിൽ മത്സരിച്ചതിൽ അഞ്ച് മത്സരം മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ. ബാക്കി എല്ലാത്തിലും മിക്കവാറും ഒന്നോ രണ്ടോ സ്ഥാനം നേടിയിരുന്നു.


ചങ്കല്ല, ചങ്കിടിപ്പാണ് 'സ്ലോത്ത്', ഇനിയങ്ങോട്ട് പൊളിക്കും

ഡോ. ഫഹദിന് കൂട്ടായെത്തിയ പുതിയ കരുത്തനാണ് സ്ലോത്ത്. പേര് കേട്ടിട്ട് ഞെട്ടേണ്ട. സ്ലോത്ത് എന്നാൽ വളരെ പതുക്കെ സഞ്ചരിക്കുന്ന ജീവികൾ എന്നാണർഥം. അതായത് മിക്കവാറും മരങ്ങളിൽ വസിക്കുന്ന ഈ ജീവികൾ എത്ര ഉയരത്തിലുള്ള മരത്തിലും അള്ളിപ്പിടിച്ച് കയറിപ്പോവാൻ മിടുക്കരാണ്. അക്കാര്യത്തിൽ ഫഹദിന്‍റെ സ്ലോത്തും അങ്ങനെയാണ്, പക്ഷേ ചെറിയൊരു വ്യത്യാസമുണ്ടെന്ന് മാത്രം.

ആള് ഒട്ടും തണുപ്പനല്ല, കരുത്തനാണ്, ശേഷിയിലും പ്രകടന ക്ഷമതയിലും കുതിപ്പിലും. ഏത് ചെങ്കുത്തായ കയറ്റവും പ്രതിസന്ധികളെയും നിഷ്പ്രയാസം അള്ളിപ്പിടിച്ചങ്ങ് പാഞ്ഞങ്ങ് കയറിക്കോളും. മുക്കലോ മൂളലോ മുരടലോ വലിവോ മടിയോ അക്കാര്യത്തിൽ സ്ലോത്തിനില്ല. ബാക്കിൽ ട്രിപ്പിൾ, ഫ്രണ്ടിൽ ഡബിൾ മോട്ടോർ വിഞ്ചുകളാണ് ഘടിപ്പിച്ചത്. ചെങ്കുത്തായ കയറ്റവും ഇറക്കവും വിഞ്ചിന്‍റെ സഹായത്തോടെ 'കൂളായി' കയറാനും ഇറങ്ങാനും കഴിയുമെന്ന് ചുരുക്കം.

ഫോര്‍ച്യൂണറിന്‍റെ എൻജിനും ഗിയര്‍ ബോക്‌സും, ജെ.സി.ബിയുടെ സ്റ്റയറിംഗും ആണ് ഇതിൽ, മറ്റനേകം 'സീക്രട്ട്്' സവിശേഷതകൾ വേറെയും. ഇന്ത്യയിലെ തന്നെ പ്രമുഖ ഓഫ്‌റോഡ് ബില്‍ഡറായ പഞ്ചാബിലെ സര്‍ബ്ലോഹ് മോട്ടോഴ്‌സാണ് സ്ലോത്തിന്‍റെ നിർമാതാക്കൾ. ഫഹദിന്‍റെ ആശയത്തിൽ നിർമിച്ച വാഹനത്തിന് ഏതാണ്ട് 40 ലക്ഷത്തോളമാണ് ചെലവ്. പഞ്ചാബിലെ ഗാരേജിൽനിന്ന് കണ്ടെയ്നറിലാണ് മലപ്പുറത്ത് എത്തിച്ചത്. കൂടെ രണ്ട് ദിന പരിശീലനത്തിനായി പഞ്ചാബിലെ ഓട്ടോമൊബൈൽ എൻജിനീയറും പറന്നെത്തിയിരുന്നു.


ഉപ്പക്കൊപ്പം കുട്ടിക്കാലത്തെ 'ഓഫ്റോഡ്'

'കുട്ടിക്കാലത്ത് നീ ഓട്ടിക്കൊണ്ടിരുന്ന ജീപ്പ് പോലെയുണ്ടല്ലോ ഇത്' -സ്ലോത്ത് കണ്ട് ഉമ്മയുടെ കമന്‍റാണ്. കുട്ടിക്കാലത്ത് ഫഹദിന് കൂടെപ്പിറപ്പായി ഒരു പ്ലാസ്റ്റിക് ജീപ്പ് ഉണ്ടായിരുന്നു. സദാസമയവും അത് ഉരുട്ടിക്കൊണ്ടിരിക്കുന്ന കാര്യം ഓർത്തെടുത്താണ് സ്ലോത്ത് കണ്ടപ്പോൾ ഉമ്മ പറഞ്ഞത്. കുട്ടിക്കാലം മുതൽ വണ്ടി ഭ്രാന്തുണ്ടെന്ന് ചുരുക്കം. ഫഹദിന്‍റെ ഭാഷയിൽ പറഞ്ഞാൽ 'ഓരുമാതിരി ഭ്രാന്ത്'.

ഉപ്പയാണ് വീട്ടിലുണ്ടായിരുന്ന പഴയ ഡീസൽ ജീപ്പിൽ ഡ്രൈവിംഗ് പഠിപ്പിച്ചത്. കുട്ടിക്കാലത്ത് ഉപ്പയോടൊപ്പം റബർ എസ്റ്റേറ്റിലേക്ക് കൂട്ടായി ഫഹദ് പോവാറുണ്ടായിരുന്നു. അന്നാണ് ഡ്രൈവിംഗ് വശമാക്കിയത്. പക്ഷേ ഉപ്പയില്ലാതെ വണ്ടി കൈവിട്ട് കൊടുക്കില്ലായിരുന്നു. അന്നൊക്കെ എസ്റ്റേറ്റിലേക്കുള്ള യാത്ര റോഡില്ലാത്തതിനാൽ 'ഓഫ്റോഡി'ന് സമാനമായിരുന്നു. പിന്നീട് ഉപ്പകാണാതെ എടുത്ത് ഓടിക്കാൻ തുടങ്ങി, അതിനൊക്കെ ഉമ്മയുടെ മൗനാനുവാദവും ഉണ്ടായിരുന്നു. ബൈക്കും ഏതാണ്ട് അങ്ങനെ തന്നെയാണ് പഠിച്ചത്.


കീഴടക്കിയ ആത്മവിശ്വാസം

ബെംഗളൂരുവില്‍ നടന്ന മഹീന്ദ്ര ക്ലബ് ചലഞ്ചില്‍ വിജയിച്ച വയനാട് ജീപ്പേഴ്‌സ് ടീം അംഗം, കട്ടപ്പന ഓഫ് റോഡ് ചലഞ്ച്- ഡീസല്‍ ക്ലാസ്(റണ്ണര്‍ അപ്പ്), ആര്‍ ആന്‍റ് ടി സമ്മര്‍ ചലഞ്ച്- ഡീസല്‍ ക്ലാസ്(റണ്ണര്‍ അപ്പ്), തൃക്കൂര്‍ വിങ്‌സ് ഓഫ് ഹെല്‍പ് ഓഫ്‌റോഡ് ചലഞ്ച് - ഡീസല്‍ കാറ്റഗറി (റണ്ണര്‍ അപ്പ്), കോട്ടക്കലില്‍ ചെറുവാടി ഓഫ് റോഡ് ക്ലബ് നടത്തിയ മഡ് വാറില്‍ ഡീസല്‍ ക്ലാസില്‍ റണ്ണര്‍ അപ്പ്, തിരൂരില്‍ എം.ഒ.എ.സി നടത്തിയ ഓട്ടോ ക്രോസില്‍ റണ്ണര്‍ അപ്പ്, വയനാട് ജീപ്പേഴ്‌സിന്‍റെ സമ്മര്‍ ചലഞ്ച്- എക്‌സ്ട്രീം ക്ലാസ്(വിന്നര്‍), കോഴിക്കോട് ഫ്‌ളൈ വീല്‍ ഓട്ടോ ഓഫ് റോഡ് ചലഞ്ച്(ബെസ്റ്റ് ഡ്രൈവര്‍), കട്ടപ്പനയില്‍ നടന്ന മഡ്ഡി ചലഞ്ചില്‍ ഡീസല്‍ ക്ലാസില്‍ റണ്ണര്‍ അപ്പ്, വാഗമണ്‍ മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ് മോഡിഫൈഡ് ക്ലാസില്‍ ജയം, മൂന്നാറില്‍ കെ.എ.എസ്‌.സി സംഘടിപ്പിച്ച കേരള അഡ്വെഞ്ചര്‍ ട്രോഫിയില്‍ ഡീസല്‍ വിഭാഗത്തില്‍ ജേതാവ്, കാക്കനാട് വി12 ഡീസല്‍ ക്ലാസില്‍ റണ്ണര്‍ അപ്പ്, ഏറ്റുമാനൂര്‍ വി 12 ഓഫ് റോഡ് റേജില്‍ ഓപ്പണ്‍ ക്ലാസില്‍ ജേതാവ്, വാഗമണിലെ ആദ്യ എൽ.ഓ.എന്നില്‍ ഡീസല്‍ ക്ലാസ് ജേതാവ്, 2021ലെ മൂന്നാർ കെ.എ.എസ്.സി ഡീസൽ, അഡ്വഞ്ചർ, എക്സ്ട്രീം ക്ലാസുകളിൽ ജേതാവ്, ഒപ്പം എല്ലാ വിഭാഗത്തിലേയും ഏറ്റവും മികച്ച സമയം എന്നിങ്ങനെ നീണ്ടു കിടക്കുന്നു വിജയങ്ങളുടെ പട്ടിക.


മാസ്റ്റർ ബ്രെയിനാണ് സഹ ഡ്രൈവർ

ഓഫ് റോഡ് മത്സരം കാണുന്ന പലരുടെയും സംശയമാണ് എന്തിനാണ് കൂടെ ഒരാളെന്ന്. ചുമ്മാ കയറി ഇരിക്കുന്നതാണോ അതോ ഡ്രൈവറുടെ 'പോടിക്കാണോ' എന്നുവരെ ആ സംശയം നീളുന്നു. പക്ഷേ സഹ ഡ്രൈവർ എന്നത് ഓഫ് റോഡ് മത്സരത്തിലെ ഏറ്റവും അഭിഭാജ്യഘടകമാണെന്ന് ഫഹദ് സാക്ഷ്യപ്പെടുത്തുന്നു.

കോഴിക്കോട്ടുകാരനും ഫഹദിനെ പോലെ 'വണ്ടി ഭ്രാന്ത'നുമായ രാജീവ് ലാലാണ് സഹ ഡ്രൈവർ. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ രാജീവ് തന്‍റെ ഭാഗ്യം കൂടിയാണെന്ന് ഫഹദ് പറയുന്നു. ഓരോ വിജയത്തിലും ഡ്രൈവര്‍ക്കും സഹ ഡ്രൈവര്‍ക്കും 40 ശതമാനം വീതവും ഓടിക്കുന്ന വാഹനത്തിന് 20 ശതമാനവും പങ്കുണ്ടെന്നാണ് ഫഹദിന്‍റെ പക്ഷം.


ആർ.എഫ്.സിയിലേക്ക് കണ്ണും നട്ട്

ലോകത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ഓഫ് റോഡ് ചാലഞ്ചുകളില്‍ മുന്നിലാണ് ആർ.എഫ്.സി (റെയിന്‍ ഫോറസ്റ്റ് ചലഞ്ച്). രാജ്യത്തെ ഏറ്റവും വലിയ ഓഫ് റോഡ് മത്സരം കൂടിയാണിത്. 1997ല്‍ മലേഷ്യയില്‍ ആരംഭിച്ച ആർ.എഫ്.സി ഇന്ത്യയിലെത്തുന്നത് 2014ലാണ്. പേരുപോലെ തന്നെ മഴയും കാടുമാണ് മത്സരത്തിന്‍റെ പ്രധാന ചേരുവകള്‍. മണ്‍സൂണ്‍ കാലത്ത് ഗോവയിലെ മഴക്കാടുകളാണ് വേദി.

രാജ്യാന്തര നിലവാരത്തില്‍ നടക്കുന്നതിനാല്‍ ഇതിന്‍റെ ഓരോ ഘട്ടവും കര്‍ശനവും കൃത്യവുമായ നിയമാവലി അനുസരിച്ചുള്ളതാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന വാഹനങ്ങളുടെ സുരക്ഷാ സൗകര്യങ്ങളും മലിനീകരണ തോതുമെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് മത്സരിക്കാന്‍ പോലും അനുമതി ലഭിക്കുക.

ഭക്ഷണവും ക്യാംപിങ്ങിനു വേണ്ട സൗകര്യങ്ങളും ഓടിക്കുന്ന വാഹനത്തിന്‍റെ എൻജിന്‍ അടക്കമുള്ള പാര്‍ട്‌സുമായാണ് ഓരോ സംഘവും മത്സരിക്കാനെത്തുന്നത്. മത്സരത്തിനിടെ വാഹനങ്ങള്‍ക്കു സംഭവിക്കുന്ന കേടുപാടുകള്‍ അവിടെ വച്ചു തന്നെ പരിഹരിക്കണമെന്നാണ് മറ്റൊരു സവിശേഷത. ഈ വർഷം നടക്കുന്ന ആർ.എഫ്.സിയിലേക്കാണ് ഡോ. മുഹമ്മദ് ഫഹദ് കണ്ണുനട്ടിരിക്കുന്നത്.


മികവ് സമ്മാനിച്ച പിന്തുണ

കഴിഞ്ഞ സെപ്റ്റംബറില്‍ ഏറ്റുമാനൂരില്‍ നടന്ന വി12 ഓഫ്‌റോഡ് റേജ് മത്സരമാണ് ആർ.എഫ്.സിയിലേക്ക് സ്പോൺസറെ നൽകിയത്. ജയിക്കാനായില്ലെങ്കിലും മികച്ച സമയത്തിലാണ് ഫഹദും ലാലും മത്സരം അവസാനിപ്പിച്ചത്. കോട്ടയം സ്വദേശിയും എക്സ്ട്രീം ഓഫ് റോഡ് മത്സരങ്ങളിലെ സാന്നിധ്യവുമായ ദുബൈ പ്രവാസി വ്യവസായി ഷെമി മുസ്ഥഫയുടെ ജീപ്പിലായിരുന്നു ഇരുവരും മത്സരത്തിനിറങ്ങിയത്.

നേരത്തേ ആർ.എഫ്.സിയില്‍ പങ്കെടുത്ത ജീപ്പിലായിരുന്നു മത്സരം. മികച്ച പ്രകടനത്തിലൂടെ വിസ്മയിപ്പിച്ച ഇരുവരെയും പിന്നീട് ഷെമി മുസ്തഫയുടെ ഗള്‍ഫ് ഫസ്റ്റ് എന്ന ഷിപ്പിംഗ് കമ്പനി സ്‌പോണ്‍സര്‍ ചെയ്തു. ഗൾഫ് ഫസ്റ്റ് തന്നെയാണ് സ്ലോത്തിന്‍റെ സ്പോൺസർ. ഡീസല്‍ ക്ലാസില്‍ സ്ലോത്തുമായാണ് ഡോ.ഫഹദും ലാലും ആർ.എഫ്.സിക്കിറങ്ങുക.


കരയിപ്പിച്ച ഓഫ് റോഡ്

കോട്ടയം ജീപ്പേഴ്സിനൊപ്പം 2017ൽ പഞ്ചാബിലെ ജെ.കെ ടയേഴിസിന്‍റെ എക്സ്ട്രീം ഫോർപ്ലേ മത്സരത്തിന് പങ്കെടുത്തപ്പോഴുണ്ടായ അപകടസാഹചര്യമാണ് ജീവിതത്തിൽ മറക്കാനാവാത്തത്. ഹിമാചലിലെ റോപ്പേർഡ് എന്ന സ്ഥലത്തായിരുന്നു മത്സരം. രാജ്യത്തു തന്നെ ശ്രദ്ദേയവും അപകടകരവുമായ മത്സരമായിരുന്നു. രണ്ടു ജീപ്പും ഡ്രൈവറും കോ ഡ്രൈവറും അടക്കം നാലുപേരായിരുന്നു മത്സരത്തിൽ പങ്കെടുത്തത്. വാഹനം സംഘാടകരായിരുന്നു ട്രാൻസ്പോർട്ട് ചെയ്തിരുന്നത്. യു.കെയിൽ താമസക്കാരനായ അങ്കമാലിക്കാരൻ രാജുപോളിന്‍റെ ജീപ്പും ഫഹദിന്‍റെ ഥാറുമായിരുന്നു ടീമിനൊപ്പമുണ്ടായിരുന്നത്.

മത്സരത്തിന്‍റെ ഒരു സ്റ്റേജിൽ 70 ഡിഗ്രി കുത്തനെയുള്ള കയറ്റവും 80 ഡിഗ്രി ഇറക്കവും ട്രാക്കിലുണ്ടായിരുന്നു. ഇറക്കത്തിൽ 14-15 അടി താഴ്ചയുള്ള കുണ്ടും കുഴിയും മറികടക്കണം, ചുരുക്കം ഏറ്റവും കഠിനമേറിയ ട്രാക്കായിരുന്നു. അത് ഒരിക്കലും ഡ്രൈവ് ചെയ്ത് ഇറക്കാൻ സാധിക്കില്ലായിരുന്നു. വാഹനം വിഞ്ച് ചെയ്ത് ചാടിച്ചായിരുന്നു പലരും മറികടന്നത്.

അന്ന് ഫഹദ് ഓടിച്ച ജീപ്പിൽ സാധാരണ റിക്കവറി വിഞ്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതും മുൻഭാഗത്ത് മാത്രം. എന്നാൽ കൂടെയുള്ള ജീപ്പിൽ കോംപറ്റീഷൻ വിഞ്ചുണ്ടായിരുന്നു. അക്കാലത്ത് അതിന് അന്ന് രണ്ടേമുക്കാൽ ലക്ഷമായിരുന്നു വില. മരത്തിൽ വിഞ്ചിട്ട് കൊളുത്തിയാണ് കയറ്റം കയറിയത്.

ഇറക്കം പിറകിലുള്ള വണ്ടിയുടെ വിഞ്ചിൽ കൊളുത്തിയായിരുന്നു. പതിയെ ഫഹദിന്‍റെ ജീപ്പ് വിഞ്ച് ചെയ്ത് ഇറക്കുന്നതിനിടെ റോപ് മരത്തിലും മണ്ണിലും ഉടക്കി വിഞ്ച് ലോക്കായി, ഒന്നും ചെയ്യാനില്ല. ഇനിയും പത്തടി ഇറങ്ങാനുണ്ട്. വിഞ്ച് റിലീസ് ചെയ്ത് ഫഹദിനെ താഴേക്ക് വിടാനായിരുന്നു പിറകിലെ ഡ്രൈവറുടെ പദ്ധതി. റിലീസ് ചെയ്താൽ പിന്നെ പത്തടി താഴ്ചയിലേക്ക് മൂക്കും കുത്തി വീണ് മാരക പരിക്ക് ഉറപ്പായിരുന്നു.

ജീപ്പ് 80 ഡിഗ്രി കുത്തനെ തൂങ്ങി നിൽക്കുകയാണ്. സീറ്റ് ബെൽറ്റ് ടൈറ്റ് ആയതിനാൽ അഴിക്കാനോ ഇറങ്ങാനോ പറ്റുന്നില്ല. ആ നിമിഷം കുടുംബം, കുട്ടികൾ... എല്ലാം മനസ്സിൽ മിന്നിമറഞ്ഞു. അവസാനം അതെല്ലാം കരച്ചിലിലേക്ക് എത്തി. നിസ്സഹായരായിരുന്നു എല്ലാവരും. അവസാനം റിക്കവറി വാഹനം കൊണ്ടുവന്ന് മുകളിലേക്ക് വലിച്ച് റോപ് അ‍യച്ചാണ് താഴെ ഇറക്കിയത്. വല്ലാത്തൊരു അനുഭവമായിരുന്നു, മരണം മുഖാമുഖം കണ്ട നിമിഷം.... പിന്നീട് പല തവണ അത്തരത്തിലുള്ള സാഹചര്യത്തെ അതിജീവിക്കാനായി എന്നതാണ് ആ അനുഭവം പഠിപ്പിച്ചത്.


പ്രണയം 'യന്ത്രത്തോട്' മാത്രം

മലപ്പുറം ജില്ലാ ആയുര്‍വേദ ആശുപത്രിയിൽ ശിശുരോഗ വിഭാഗം ആയുര്‍വേദ ഡോക്ടറാണ് മുഹമ്മദ് ഫഹദ്. 2016 മുതല്‍ സേവനം അനുഷ്ഠിച്ചുവരുന്നു. അപകടവും ആശങ്കയും നിറഞ്ഞ മേഖല ആയതിനാൽ വീട്ടുകാരൊക്കെ ഫഹദിന്‍റെ താത്പര്യ്തതിന് എതിരായിരുന്നു.

വാഹനത്തിന്‍റെ സുരക്ഷാ സവിശേഷതയും കപ്പാസിറ്റിയും വീട്ടുകാരെ വിഡിയോ സഹിതം പറഞ്ഞു മനസ്സിലാക്കിയതോടെയാണ് അൽപ്പമെങ്കിലും ആശ്വാസമായത്. അതിനായി താൻ മത്സരിക്കുന്ന വിഡിയോ അടക്കം വീട്ടുകാരെ കാണിച്ചു ബോധ്യപ്പെടുത്തി. അതോടെ മറിഞ്ഞാലും അപകടത്തിൽപ്പെട്ടാലും ഒന്നും സംഭവിക്കില്ലെന്ന് അവർക്ക് മനസ്സിലായി. ഇപ്പോൾ മത്സരത്തിന് പോയാൽ ഉമ്മ വരെ വിളിച്ചുചോദിക്കാൻ തുടങ്ങിയിട്ടുണ്ട്, 'എന്തായി പ്രൈസ് അടിച്ചോ എന്ന്'.

ചുരുക്കം ഉമ്മ, ഭാര്യ, സഹോദരങ്ങൾ എല്ലാവരും മികച്ച പിന്തുണയുമായി ഒപ്പമുണ്ട്. നാട്ടിൽ മത്സരം സംഘടിപ്പിച്ചതിലൂടെ ഓഫ് റോഡിനെപറ്റി അവർക്കും കൂടുതൽ കാര്യം മനസ്സിലാക്കി നൽകാനും സാധിച്ചു. നാട്ടുകാർ, ഷെമി മുസ്ഥഫ, ഡോ. ജയകൃഷ്ണൻ, കെ.എൽ 10 ഓഫ് റോഡ് ക്ലബ്ബ്, ടീം കൊളോസസ്, ശ്രീരാഗ്, ഫുഡ് ഹണ്ടർ സാബു....അങ്ങനെ 'കട്ട' സപ്പോർട്ടിന്‍റെ ട്രാക്ക് നീണ്ടുകിടക്കുന്നു.

പീഡിയാട്രിക്സിൽ മംഗലാപുരത്താണ് പി.ജി ചെയ്തത്. കോതമംഗലം സ്വദേശിയായ ഭാര്യ ഡോ. കെ.ജെ നെസ്‌നിന്‍ വീട്ടില്‍ തന്നെ ക്ലിനിക്ക് നടത്തുന്നു. അഞ്ചു വയസുള്ള ഐഗുല്‍ ഇറമും ആറു മാസം പ്രായമായ അഹദ് മദാരിയുമാണ് മക്കള്‍. മാതാവ് ഖദീജ. മൂന്ന് സഹോദരങ്ങളുണ്ട്.


പ്രളയം പഠിപ്പിച്ച ബോട്ട് ഡ്രൈവിംഗ്

2018ലെ പ്രളയത്തിൽ മൂവാറ്റുപുഴയിൽ രക്ഷാ പ്രവർത്തനത്തിന് ഫഹദ് സജീവമായുണ്ടായിരുന്നു. വെറും മത്സരത്തിന് മാത്രമല്ല രക്ഷാ പ്രവർത്തിനും തന്‍റെ 'മോഡിഫൈഡ്' ജീപ്പ് മുന്നിലായിരുന്നെന്ന് ഫഹദ് അന്ന് തെളിയിച്ചിരുന്നു. ആറടി വെള്ളത്തിലൂടെ കൂളായി കൊണ്ടു പോകാവുന്ന ബലേറോ ആയിരുന്നു അന്ന് കയ്യിലുണ്ടായിരുന്നത്. പ്രദേശത്തെ ചില ഉൾപ്രദേശങ്ങളിലേക്ക് രക്ഷാ പ്രവർത്തനത്തിന് ബോട്ടുമായെത്തിയ ലോറി കുത്തൊഴുകുന്ന വെള്ളത്തിലൂടെ പോവാൻ പ്രയാസപ്പെട്ടതോടെ ബലോറോയിലായിരുന്നു കെട്ടി വലിച്ച് അക്കരെ കടത്തിയത്.

ബൊലോറോയിൽ പരമാവധി ആളുകളെ നിറച്ച് ഉള്ളിൽ വെള്ളം കയറ്റിയായിരുന്നു രക്ഷാ പ്രവർത്തനം. മൂന്നൂറിലധികം ആളുകളെയാണ് രക്ഷിച്ചത്. രാവിലെ മുതൽ രാത്രി പത്ത് വരെ രക്ഷാ പ്രവർത്തനത്തിൽ സജീവമായിരുന്നു. ചെറിയ ബോട്ടായിരുന്നെങ്കിലും ഒാടിക്കാൻ അറിയാത്തതിൽ ഖേദിച്ചിരുന്നു. ബോട്ട് ഓടിക്കാൻ നല്ലപോലെ അറിയാമായിരുന്നെങ്കിൽ കുടുതൽ ഉൾപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനാവുമായിരുന്നു എന്ന തോന്നലാണ് പിന്നീട് ബോട്ട് ലൈസൻസ് എടുക്കുന്നതിൽ എത്തിച്ചത്. യാട്ടിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ പഠിച്ചാണ് 2019ൽ പവർബോട്ട് ലൈസൻസ് എടുത്തത്.


ദിവസത്തിന്‍റെ പകുതി വാഹനത്തിനൊപ്പം

പെരിന്തൽമണ്ണയിൽനിന്ന് കോതമംഗലത്ത് പോയി പെണ്ണ് കണ്ടപ്പോൾ തന്നെ എതിർപ്പുകൾ പല ഭാഗത്തുനിന്ന് ഉയർന്നിരുന്നു, ദൂരക്കൂടുതലായിരുന്നു പ്രശ്നം. പക്ഷേ ഫഹദിന് അന്നുമുതൽ ഇന്നുവരെ അതൊരു ദൂരമായി തോന്നിയിട്ടില്ല. കാരണം അത്രയും ദൂരം ഡ്രൈവ് ചെയ്തു പോവാമെന്നത് എപ്പോഴും ഹരം പിടിപ്പിച്ചേയുള്ളൂ. യാത്ര പോവുകയാണെങ്കിൽപോലും എത്ര ദൂരെയാണേലും ഡ്രൈവിംഗ് സീറ്റ് ആർക്കും വിട്ടു കൊടുക്കാനും ഇഷ്ടമില്ല. ഡ്രൈവ് ചെയ്യാൻ തന്നെയാണ് ഇഷ്ടം. ദൈവനുഗ്രഹത്താൽ ഇതുവരെ അപകടമൊന്നും ഉണ്ടായിട്ടില്ല. ഒപ്പം മൂന്നോറോളം മിനിയേച്ചർകാറിന്‍റെ ശേഖരവുമുണ്ട്.

ഫുള്ളി കിറ്റഡ് വണ്ടി പണിയണമെന്ന ആഗ്രഹമാണ് ഫഹദിന്‍റെ മനസ്സുനിറയെ. പിന്നെ ഒരു ഓൾ ഇന്ത്യ ട്രിപ്പും മനസ്സിൽ താലോലിക്കുന്നുണ്ട്. എല്ലാം ഭാവിയിൽ നടക്കുമെന്നുതന്നെ ഫഹദ് പറയുന്നത്. ഇക്കാലമത്രയും കൂടുതൽ പണം ചെലവഴിച്ചതും സമയം ചെലവഴിച്ചതും ജീവനായ യന്ത്രത്തിനൊപ്പം തന്നെയാണ്. നിലവിൽ കെ.ടി.എം ജീപ്പേഴ്‌സ്, കെഎല്‍10 ഓഫ്‌റോഡ് ക്ലബ് എന്നീ മോട്ടോര്‍സ്‌പോര്‍ട്‌സ് ക്ലബുകളില്‍ അംഗമാണ് ഡോ. മുഹമ്മദ് ഫഹദ്.

സ്വയം പഠിച്ച പാഠങ്ങൾ

ഓഫ് റോഡ് മത്സരത്തിനായി ഇതുവരെ പ്രൊഫഷണൽ പരിശീലനം നേടിയിട്ടില്ല. വാഹനത്തിന്‍റെയും മത്സരത്തിലെയും ട്രിക്കുകൾ കണ്ടും മനസ്സിലാക്കിയുമാണ് പഠിച്ചത്. പലതും പലരോടും ചോദിച്ച് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും പലരുടെയും 'തലയെടുപ്പ്'കാരണം ആരും തയ്യാറായിരുന്നില്ല. വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങളലെല്ലാം അവർ 'ട്രേഡ് സീക്രട്ടായി' മറച്ചുവെക്കുകയായിരുന്നു. എല്ലാം തങ്ങളുടെ കുത്തകയാണെന്നുള്ള ധാരണയായിരുന്നു കാരണമെന്ന് ഫഹദ് പറയുന്നു. മോഡിഫിക്കേഷന്‍റെ കാര്യം പോലും അങ്ങിനെയായിരുന്നു.

പക്ഷേ അക്കാര്യത്തിൽ എല്ലാം ഫഹദ് ഇന്ന് വ്യത്യസ്ഥനാണ്. 'ഓഫ് റോഡ് മത്സരം, വാഹനം തുടങ്ങി എന്ത് സംശയങ്ങൾക്കും ആർക്കും അറിയാവുന്ന കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ തയ്യാറാണ്. കൂടുതൽ ആളുകൾക്ക് ഈ മേഖലയിൽ വരാൻ താത്പര്യമുണ്ടെങ്കിൽ വരട്ടെ. മത്സരം കടുക്കട്ടെ. മത്സര രംഗത്ത് ഇറങ്ങിയ അന്നുമുതൽ പല 'പ്രമുഖരും' പല കാരണം പറഞ്ഞ് ട്രാക്കിലും അല്ലാതെയും തോൽപ്പിക്കാനാണ് ശ്രമിച്ചത്. പക്ഷേ അതെല്ലാം അറിഞ്ഞും മനസ്സിലാക്കിയും ഇപ്പോൾ അതെല്ലാം അതിജീവിച്ചു' -ഫഹദ് പറഞ്ഞു.

ചിത്രങ്ങൾക്ക് കടപ്പാട്: ശ്രീരാഗ്

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.