മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്നവര്‍ക്ക് സാമൂഹികസേവനം നിര്‍ബന്ധമാക്കി സർക്കാർ. ഗുരുതരമായ വാഹന അപകടങ്ങളില്‍ പ്രതികളാവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രോമാകെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ദിവസത്തില്‍ കുറയാത്ത നിര്‍ബന്ധിത സാമൂഹിക സേവനം ഏര്‍പ്പെടുത്താനാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്. അതിവേഗത്തിലും അലക്ഷ്യമായും മറ്റുള്ളവരെ അപകടത്തില്‍പ്പെടുത്തുന്നതുമായി ഡ്രൈവിങ് ചെയ്യുന്നവർക്കെല്ലാം ശിക്ഷയ്ക്ക് പുറമേ സാമൂഹികസേവനവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്റ് റിസര്‍ച്ചില്‍ (IDTR) മൂന്ന് ദിവസ പരിശീലനവും നിര്‍ബന്ധമാക്കാനും തീരുമാനിച്ചു. മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് ക്യാരിയേജുകള്‍, റൂട്ടുകളില്‍ ഓടുന്ന സ്റ്റേജ് ക്യാരിയേജുകള്‍, ഗുഡ്‌സ് ക്യാരിയേജുകള്‍ എന്നിവയിലെ ഡ്രൈവര്‍മാരായിരിക്കും ആദ്യ ഘട്ടത്തില്‍ ഇത്തരം സേവന-പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുക.
നിയമവിരുദ്ധമായി ഹോണ്‍ ഘടിപ്പിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്യുന്ന ഇരുചക്രവാഹനങ്ങള്‍ക്കുനേരെയും നടപടി കര്‍ശനമാക്കും. അപകടകരമായ ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുംവിധം പ്രചാരണം നടത്തുന്ന വ്‌ളോഗര്‍മാരുടെപേരില്‍ നടപടിയെടുക്കും. കോണ്‍ട്രാക്ട്, സ്റ്റേജ് ക്യാരിയേജുകളുടെ നിയമ ലംഘനം കണ്ടെത്തുന്നതിനായി ഒക്ടോബര്‍ 8- ന് ആരംഭിച്ച 'ഫോക്കസ്-3' സ്‌പെഷ്യല്‍ ഡ്രൈവില്‍ ഒക്ടോബര്‍ 12 വരെ 253 വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയതായും 414 എണ്ണത്തിലെ സ്പീഡ് ഗവേര്‍ണറില്‍ അനധികൃത മാറ്റം വരുത്തിയതായും 2792 വാഹനങ്ങളില്‍ അനധികൃത ലൈറ്റുകള്‍ ഘടിപ്പിച്ചതായും കണ്ടെത്തി 75,73,020 രൂപ പിഴ ചുമത്തി.
ശബ്ദ / വായു മലിനീകരണം ഉള്‍പ്പെടെ 4472 കേസുകളാണ് എടുത്തത്. 263 വാഹനങ്ങളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും 7 വാഹനങ്ങളുടെ രജിസ്‌ട്രേഷനും 108 ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്. യോഗത്തില്‍ ഗതാഗത കമ്മിഷണര്‍ എസ്. ശ്രീജിത്ത്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, അഡീഷണല്‍ ഗതാഗത കമ്മിഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.