ആറ് മാസത്തിനകം രാജ്യത്ത് എഥനോൾ പമ്പുകളുടെ ശൃംഖല സ്ഥാപിക്കുമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. ആദ്യഘട്ടത്തിൽ എഥനോൾ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും പിന്നീടായിരിക്കും പമ്പുകൾ സ്ഥാപിക്കുക. 'ആറ് മാസത്തിനുള്ളിൽ, ഞങ്ങൾ രാജ്യത്ത് എഥനോൾ പമ്പുകളുടെ ശൃംഖല സ്ഥാപിക്കും. എഥനോളിെൻറ ലഭ്യത ഉറപ്പുവരുത്തുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. പ്രകൃതി വാതക ഇന്ധനങ്ങളോടുള്ള ജനങ്ങളുടെ വിധേയത്വം അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്'-വാഹന നിർമാതാക്കളുടെ കൂട്ടായ്മയായ സിയാം വാർഷിക കൺവെൻഷനിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
100 ശതമാനം എഥനോളിലും ശുദ്ധമായ പെട്രോളിലും ഓടാൻ കഴിയുന്ന ഫ്ലെക്സ് എഞ്ചിനുള്ള വാഹനങ്ങൾ നിർമിക്കാൻ നിർമാതാക്കളെ നിർബന്ധിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. 2022 മുതൽ ഇന്ത്യയിലുടനീളം 10 ശതമാനം എഥനോൾ ചേർത്ത ഇന്ധനം കൊണ്ടുവരാനും ഇത് ഘട്ടംഘട്ടമായി 20 ശതമാനംവരെ വർധിപ്പിക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്.
എന്താണീ ഫ്ലെക്സ് എഞ്ചിൻ?
ഫ്ലക്സ് എഞ്ചിനുകൾ എന്നത് പുതിയൊരു ആശയമല്ല. വിവിധ രാജ്യങ്ങളിൽ ഇപ്പോൾതന്നെ ഇവ ഉപയോഗിക്കുന്നുണ്ട്. ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലെക്സ് എഞ്ചിനുകൾ. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഏത് മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ് പോലുള്ള പരിഷ്കാരങ്ങളാണ് ഇത് സാധ്യമാക്കുന്നത്.
ഫ്ലെക്സ് എഞ്ചിനുകൾ നിർബന്ധമാക്കുമെന്ന സൂചന നൽകിയത് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ്. ഫ്ലെക്സ് എഞ്ചിനുകൾ 100 ശതമാനം പെട്രോൾ അല്ലെങ്കിൽ 100 ശതമാനം എഥനോൾ എന്നിവയിലും പ്രവർത്തിക്കാൻ കഴിവുള്ളവയാണ്. ഇവ ഇതിനകം ബ്രസീൽ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ലഭ്യമാണ്. ഇന്ത്യ നിലവിൽ എഥനോൾ മിശ്രിത പെട്രോളാണ് ഉപയോഗിക്കുന്നത്. 2025 ആകുേമ്പാഴേക്ക് 20 ശതമാനം എഥനോൾ മിശ്രിത പെട്രോൾ ഉത്പാദിപ്പിക്കുകയാണ് രാജ്യം ലക്ഷ്യമിടുന്നത്.
പ്രതീക്ഷകൾ നിരവധി
ഒരുപാട് പ്രതീക്ഷകളുമായാണ് കേന്ദ്രം എഥനോൾ മിശ്രിത പെട്രോളും ഫ്ലെക്സ് എഞ്ചിനുകളുമൊക്കെ വാഹനരംഗത്ത് കൊണ്ടുവരുന്നത്. ധാന്യം, കരിമ്പ് തുടങ്ങിയ വിളകൾ പുളിപ്പിച്ചാണ് സാധാരണ എഥനോൾ ഉത്പാദിപ്പിക്കുന്നത്. അതിനാൽ, ഫ്ലെക്സ് എഞ്ചിനുകൾ നിർബന്ധമാക്കാനുള്ള നീക്കം കാർഷിക മേഖലയ്ക്കും ഗുണം ചെയ്യുമന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ രാജ്യത്തെ എണ്ണ ഇറക്കുമതി ചിലവ് കുറയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും പെട്രോളിെൻറ നിലവിലെ വില ലിറ്ററിന് 100 രൂപയ്ക്ക് പുറത്താണ്. എന്നാൽ എഥനോൾ വില ലിറ്ററിന് 60-62 രൂപയുമാണ്. കൂടാതെ, എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ മലിനീകരണ തോതും കുറവാണ്.'ഞങ്ങൾ ഇതിനകം E100 അവതരിപ്പിച്ചു. പക്ഷേ ഇത് മൂന്ന് റീട്ടെയിലിൽ മാത്രമേ ലഭ്യമാകൂ. എഥനോൾ ഒൗട്ട്ലെറ്റുകൾ ഞങ്ങൾ വിപുലീകരിക്കും'എഥനോളിെൻറ വാണിജ്യ ലഭ്യതയെക്കുറിച്ച്, സിയാം പരിപാടിയിൽ പങ്കെടുത്ത പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി തരുൺ കപൂർ പറഞ്ഞു.
നിലവിൽ ഇന്ത്യയിൽ ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുള്ള ഇരുചക്രവാഹനമോ പാസഞ്ചർ ഫോർ വീലറോ വിൽക്കുന്നില്ല. 2019 ജൂലൈയിൽ ടിവിഎസ് അപ്പാച്ചെ ആർടിആർ 200 െൻറ എഥനോൾ പവർ പതിപ്പ് പുറത്തിറക്കിയിരുന്നു. എന്നാൽ ഈ മോഡൽ പൊതുവിപണിയിൽ ലഭ്യമല്ല. എഥനോൾ വിതരണ ശൃംഖലയുടെ അഭാവമാണ് സാങ്കേതികവിദ്യ സജീവമായി കമ്പനികൾ പിന്തുടരാതിരിക്കാനുള്ള പ്രധാന കാരണം.
സിട്രോൻ സി 3
അടുത്തിടെയാണ് ഫ്രഞ്ച് വാഹന നിർമാതാവായ സിട്രോൺ ഇന്ത്യയിലെത്തിയത്. സിട്രോൺ സി 5 എയർക്രോസ് എസ്.യു.വിയാണ് ഇവരുടെ ആദ്യ വാഹനം. അടുത്തതായി കുറച്ചുകൂടി ചെറിയ കോമ്പാക്ട് എസ്.യു.വി പുറത്തിറക്കാനാണ് സിട്രോൺ ലക്ഷ്യമിടുന്നത്. സിട്രോൺ സി 3 എന്നാണ് വാഹനത്തിെൻറ പേര്. സി 3യുടെ നിരവധി പരീക്ഷണ ഒാട്ടങ്ങൾ രാജ്യത്ത് നടന്നിട്ടുണ്ട്.
വാഹനത്തെപറ്റി പുറത്തുവരുന്ന സൂചനകൾ വിശ്വസിക്കാമെങ്കിൽ ഇന്ത്യയിലെ ആദ്യ െഫ്ലക്സ് എഞ്ചിൻ വാഹനമായിരിക്കും സിട്രോൺ സി 3. സിസി 21 എന്ന കോഡ്നാമമുള്ള സിട്രോൺ സി 3 അടുത്ത വർഷം ആദ്യമാവും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. സെപ്റ്റംബർ 16 ന് സിട്രോൺ C3 ഒൗദ്യോഗികമായി പുറത്തിറക്കാനും സിട്രോണിന് പദ്ധതിയുണ്ട്. സി 3 എസ്‌യുവിയുടെ ഉത്പാദനം ഒരേസമയം ചെന്നൈയ്‌ക്കടുത്തുള്ള തിരുവള്ളൂരിലെ സിട്രോൺ ഇന്ത്യ പ്ലാൻറിലും ബ്രസീലിലെ പോർട്ടോ റിയൽ പ്ലാൻറിലും നടക്കും. റിപ്പോർട്ടുകൾ അനുസരിച്ച് ടർബോചാർജറുള്ള 1.2 ലിറ്റർ ഫ്ലക്സ്-ഫ്യുവൽ എഞ്ചിനാകും വാഹനത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.