ചെന്നൈ : വാഹനയുടമകളെ ലക്ഷ്യമിട്ട് വ്യാജ ചലാൻ സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന മുന്നറിയിപ്പുമായി അധികൃതർ. ഇ-ചലാന്‍ ലിങ്കുകള്‍ അയച്ചും സര്‍ക്കാര്‍ വെബ്സൈറ്റുകളുടെ വ്യാജന്‍ നിര്‍മിച്ചും തട്ടിപ്പുസംഘങ്ങൾ വിലസുന്നതായാണ് റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്തരം തട്ടിപ്പുകളെ കുറിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. ചെന്നൈ പൊലീസ് ഇതേക്കുറിച്ച് പരസ്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അൽപ്പം ശ്രദ്ധിക്കാം
അൽപ്പം ശ്രദ്ധിച്ചാൽ വ്യാജ ചലാൻ കണ്ടുപിടിക്കാമെന്നാണ് മോട്ടോർ വെഹിക്കിൾ അധികൃതർ പറയുന്നത്. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ലഭിക്കുന്ന യഥാർഥ ഇ-ചലാനും വ്യാജനും തമ്മിലുള്ള മാറ്റം കണ്ടെത്താന്‍ എളുപ്പമാണ്. യഥാർഥ ചലാനില്‍ വാഹനം ഏതെന്നും അതിന്റെ പൂര്‍ണ ഉടമസ്ഥാവകാശം സംബന്ധിച്ചും നിയമ ലംഘനം സംബന്ധിച്ചുമുള്ള മുഴുവന്‍ വിവരങ്ങളും ഉണ്ടാകും. എന്നാല്‍ വ്യാജ ഇ-ചലാനില്‍ ചലാന്‍ നമ്പറും പേയ്മെന്റ് ലിങ്കും മാത്രമായിരിക്കും ഉണ്ടാകുക.
വ്യാജ ഇ-ചലാന്‍ ലഭിച്ചാൽ
ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുന്നത് ശ്രദ്ധിച്ചുവേണം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കം ചോർത്തിയെടുത്ത് പണം തട്ടിയെടുക്കാൻ സാധ്യതയുണ്ട്. ലഭിച്ച ചലാൻ വ്യാജമെന്ന് സംശയമുണ്ടെങ്കിൽ പരിവാഹന്‍ വെബ്സൈറ്റിലേക്ക് പോയി ചലാന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുക. യഥാർഥ ചലാന്‍ ആണെങ്കില്‍ അത് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ചലാന്‍ വിശദാംശങ്ങള്‍ ഇല്ലെങ്കില്‍ അത് വ്യാജമാണെന്ന് മനസ്സിലാക്കാം.
ലഭിച്ച ചലാനില്‍ വന്ന പേയ്‌മെന്റ് ലിങ്ക് പരിശോധിക്കുകയാണ് മറ്റൊരു മാര്‍ഗം.ഗതാഗതവകുപ്പിന്റെ ചലാനുമായി സാമ്യമുള്ള സന്ദേശമായിരിക്കും ലഭിക്കുക. എന്നാൽ സാധാരണ സർക്കാർ ചലാന്റെ ലിങ്ക് ആയിരിക്കില്ല. സർക്കാർ ചലാന്റെ ലിങ്കിന്റെ ഒടുവിൽ gov.in എന്നുണ്ടായിരിക്കും. എന്നാൽ വ്യാജ ചലാന് അങ്ങനെയുണ്ടാകില്ല. സംശയകരമായ സന്ദേശം ലഭിച്ചാൽ cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേന പരാതിപ്പെടണമെന്നും ട്രാഫിക് പോലീസ് അറിയിച്ചു.
‘ഇ-ചലാന്‍ എസ്എംഎസിന്റെ അവസാനം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. ചലാന്‍ പരിശോധിക്കാന്‍ ഹെല്‍പ്പ് ലൈനിലെ പൊലീസുകാരെ വിളിക്കുക. മെസേജുകളോടൊപ്പം ഞങ്ങള്‍ ലിങ്കുകളൊന്നും പങ്കുവെക്കാറില്ല. മുമ്പ് ഇ-ചലാന്‍ ലഭിച്ച ചില വാഹന ഉടമകള്‍ക്ക് ഇതുകണ്ട മാത്രയില്‍ തന്നെ വ്യാജന്‍ ആണെന്ന് മനസ്സിലായി. അവര്‍ ട്രാഫിക് പൊലീസ് ഓഫീസര്‍മാരെ വിളിച്ച് കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തു’-പഞ്ച്ഗുല ട്രാഫിക് പൊലീസ് ഡിഎസ്പിയായ സുരേന്ദര്‍ സിങ് പറഞ്ഞു.
ഹരിയാനയിലെ പഞ്ച്ഗുല പ്രദേശത്ത് നാല് പേരെങ്കിലും ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സൈബര്‍ ക്രൈം വിഭാഗം ഈ കേസുകള്‍ അനേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. ഏതെങ്കിലുമൊരു ചലാന്‍ നമ്പറും പേയ്മെന്റ് ലിങ്കും വെച്ചുകൊണ്ടാണ് വാഹന ഉടമകള്‍ക്ക് മെസേജ് വരുന്നത്. രജിസ്‌ട്രേഷന്‍ നമ്പറുമായി ലിങ്ക് ചെയ്ത ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് സന്ദേശം വരുന്നതിനാല്‍ ഇത് ഒരു യഥാർഥ ചലാന്‍ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടവരാണ് അധികവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.