വോൾവോ, ജാഗ്വാർ തുടങ്ങി ആഗോള വമ്പന്മാർക്ക് പിന്നാലെ ആൾ ഇലക്ട്രിക് സ്വപ്നങ്ങൾ പങ്കുവച്ച് ഫിയറ്റും. 2030 മുതൽ വൈദ്യുത വാഹനങ്ങൾ മാത്രം നിർമിക്കുകയെന്ന പദ്ധതിയാണ് ഫിയറ്റ് നടപ്പാക്കാനൊരുങ്ങുന്നത്. ഒരുവർഷം മുമ്പാണ് ഫിയറ്റ് തങ്ങളുടെ ആദ്യ ഇ.വി ആയ 500 ഇ പുറത്തിറക്കുന്നത്. പിന്നീട് അബാർത് ഇ.വിയും കമ്പനി നിർമിച്ചു. വരും വർഷങ്ങളിൽ കൂടുതൽ വൈദ്യുത വാഹനങ്ങൾ അവതരിപ്പിക്കാനും പൂർണമായും ഇ.വികളിലേക്ക് മാറാനുമാണ് ഇറ്റാലിയൻ വാഹന നിർമാതാവിെൻറ പുതിയ പദ്ധതി.
ഫിയറ്റ് സിഇഒ ഒലിവിയർ ഫ്രാങ്കോയിസും ആർക്കിടെക്റ്റ് സ്റ്റെഫാനോ ബോറിയും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം. 500 ഇ പുറത്തിറക്കാനുള്ള തീരുമാനം കോവിഡ് കാലത്തിന് മുമ്പാണ് എടുത്തതെന്നും ഇപ്പോൾ വൈദ്യുത വാഹനങ്ങൾ കൂടുതലായി നിർമിക്കേണ്ട സാഹചര്യമാണെന്നും ഫ്രാങ്കോയിസ് പറയുന്നു. 'ഞങ്ങൾക്ക് ഒരു ഐക്കൺ ഉണ്ട്. മോഡൽ 500 ആണത്. ഒരു ഐക്കൺ രൂപപ്പെടുന്നതിന് എല്ലായ്പ്പോഴും അതിേൻറതായ കാരണങ്ങളുണ്ട്. 500 ഉം അതിന് അപവാദമല്ല. 1950 കളിൽ ഇത് എല്ലാവരുടേയും വാഹനമായിരുന്നു. പുതിയ സാഹചര്യത്തിൽ, എല്ലാവർക്കും സുസ്ഥിരമായ ചലനാത്മകത സൃഷ്ടിക്കുന്നതിനുള്ള ദൗത്യമാണ് ഞങ്ങൾക്കുള്ളത്. ബാറ്ററികളുടെ വില കുറയുന്നതിനനുസൃതമായി, ആന്തരിക ജ്വലന എഞ്ചിനുള്ളതിനേക്കാൾ കൂടുതൽ വില ഈടാക്കാത്ത ഇലക്ട്രിക് കാറുകൾ വിപണിയിലെത്തിക്കുകയെന്നത് ഞങ്ങളുടെ കടമയാണ്'-അദ്ദേഹം പറഞ്ഞു.
ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നായിരുന്നു ഫിയറ്റ് 500. ഇതിനെ പുനരുജ്ജീവിപ്പിച്ചാണ് കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കിയത്. ഇറ്റലിയിലെ ടൂറിനിൽ നിർമ്മിച്ച 500 ഇക്ക് 42 കിലോവാട്ട്സ് ബാറ്ററിയാണ് കരുത്തുപകരുന്നത്. 118 കുതിരശക്തി ഉത്പാദിപ്പിക്കുന്ന വാഹനമാണിത്. എല്ലാവർക്കും ഇ.വിയെന്ന ഫിയറ്റിെൻറ മുദ്രാവാക്യമാണ് 500 ഇവിയുടെ നിർമാണത്തിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.