ചെന്നൈ: ദീർഘദൂര സർവീസുകൾക്കായി നിർമിക്കുന്ന ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ ഇന്‍റീരിയർ ചിത്രങ്ങൾ വൈറൽ. അടുത്തവർഷം ഫെബ്രുവരിയിലായിരിക്കും ട്രെയിനുകൾ സർവ്വീസ്​ ആരംഭിക്കുക. നിലവിലെ വന്ദേ ഭാരതിനു സമാനമായി യാത്രക്കാർക്ക് പരമാവധി സുഖകരമായ യാത്ര ഉറപ്പാക്കുന്ന തരത്തിലാണ് കോച്ചുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ ബി.ഇ.എം.എലിൻ്റെ സഹകരണത്തോടെയാണ്​ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കുന്നത്​.

ഉള്ളിലേക്ക്​ കയറാൻ റാമ്പുകൾ

ട്രെയിനിന്‍റെ രേഖാചിത്രങ്ങളാണ് ഇപ്പോൾ​ പുറത്തുവന്നത്​. ആദ്യ പ്രോട്ടോടൈപ്പ് ട്രെയിനിൻ്റെ നിർമാണം ചെന്നൈയിൽ പുരോഗമിക്കുകയാണ്. പ്രോട്ടോടൈപ്പ് ട്രെയിൻ ഈ വർഷം ഡിസംബറിൽ പുറത്തിറങ്ങുമെന്നും ഫെബ്രുവരിയിൽ സർവീസ് ആരംഭിക്കുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

പുതിയ ട്രെയിനുകൾ എത്തുന്നതോടൊപ്പം വീൽചെയറിൽ എത്തുന്ന യാത്രക്കാർക്ക് ട്രെയിനിന് ഉള്ളിലേക്ക് കയറാൻ റാംപുകൾ ഉൾപ്പെടെ സജ്ജീകരിക്കാനും റെയിൽവേ ഒരുങ്ങുന്നുണ്ട്. ബിഇഎംഎൽ തയ്യാറാക്കിയ കോച്ചിൻ്റെ രൂപകൽപന ഐസിഎഫ് അംഗീകരിച്ചിട്ടുണ്ട്. ഇതിൽ ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ടെന്നാണ് റെയിൽവേ മന്ത്രി പറയുന്നത്. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇൻ്റീരിയറിൻ്റെ ഘടനയിലും മാറ്റം വരുത്തിയത്. പ്രധാനമായും രാത്രി സർവീസുകൾക്ക് ഉപയോഗിക്കുന്ന ഈ ട്രെയിനുകളിലൂടെ യാത്രക്കാർക്ക് ഏറെ ദൂരം പിന്നിടാമെന്നും റെയിൽവേയിൽ ഇത് വലിയൊരു മാറ്റം കൊണ്ടുവരുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.


മൊത്തം 857 ബെർത്തുകൾ

പുറംകാഴ്ചയിൽ നിലവിലെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽനിന്ന് അധികം വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ എളുപ്പത്തിൽ തിരിച്ചറിയാനായി പുതിയ നിറം നൽകിയേക്കും. ട്രെയിനിന് ഉള്ളിലാണ് പുതുമകളെല്ലാം. മൊത്തം 857 ബെർത്തുകളാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ ഉണ്ടാകുക. ഇതിൽ 823 ബെർത്തുകൾ യാത്രക്കാർക്ക് അനുവദിക്കും. ശേഷിക്കുന്നത് ജീവനക്കാർക്കുള്ളതാണ്. ഇത്തരത്തിൽ 10 ട്രെയിനുകളാണ് ഐസിഎഫ് നിർമിക്കുന്നത്.

വിമാനത്തിലേതുപോലുള്ള ശുചിമുറികൾ

പൂർണമായും ശീതീകരിച്ച ട്രെയിനിൽ ത്രീ ടയർ, ടൂ ടയർ എ.സി കോച്ചുകളും ഫസ്റ്റ് ക്ലാസ് കോച്ചും ഉണ്ടാകും. മൊത്തം 16 കോച്ചുകളാണ് ഒരു ട്രെയിനിൽ ഉണ്ടാകുക. ആവശ്യത്തിന് വെളിച്ചവും വായൂസഞ്ചാരവും ഉറപ്പുവരുത്തുന്ന കോച്ചുകളിൽ മുകളിലെ ബെർത്തിലെ യാത്രക്കാർക്കുവരെ എളുപ്പത്തിൽ പ്രവേശിക്കാവുന്ന തരത്തിലുള്ള ഗോവണികളുമുണ്ടാകും. വിമാനത്തിലേതുപോലുള്ള ശുചിമുറികളും കോച്ചുകളിൽ സി.സി.ടി.വി ക്യാമറകൾ അടക്കമുള്ള സുരക്ഷാസംവിധാനവുമുണ്ടാകും. എല്ലാ കോച്ചുകളിലും മിനി പാൻട്രിയും സജ്ജീകരിക്കും.

ഇന്‍റീരിയറിൽ ത്രീസ്റ്റാർ ആഡംബരം

നിലവിലെ സ്ലീപ്പർ കോച്ചുകളിൽനിന്ന് ഏറെ വ്യത്യസ്തമാണ് പുതിയ വന്ദേ ഭാരത് കോച്ചുകളുടെ ഇന്‍റീരിയർ. ബീജും ചാരനിറവും വെളുപ്പും ചേർന്ന ഇന്‍റീരിയറിൽ എൽഇഡി ലൈറ്റുകളാണ് പ്രകാശം ചൊരിയുന്നത്. പുറത്തുവന്ന രേഖാചിത്രങ്ങൾ അനുസരിച്ച്, നീളത്തിലുള്ള ലൈറ്റുകൾ പാനലുകളിൽനിന്ന് പുറത്തേക്ക് തള്ളി നിൽക്കില്ല. നിലവിലെ തവിട്ടുനിറത്തിനു പകരം ഇളം ബീജ് നിറത്തിലാണ് ബെർത്തുകൾ. ടു ടയർ എസി കോച്ചിൽ മുകളിലെ ബെർത്തിലേക്ക് കയറാനുള്ള ഗോവണികളിൽ അഞ്ച് ചവിട്ടുപടികളുണ്ടാകും. പ്രായമായ യാത്രക്കാർക്കുവരെ എളുപ്പത്തിൽ ബെർത്തിൽ കയറാൻ ഇത് സഹായിക്കും.

ശബ്ദവും വിറയലും തീരെ കുറവാണെന്നതാണ് വന്ദേ ഭാരത് കോച്ചുകളുടെ പ്രധാന മേന്മ. ഇതിനാൽ യാത്രക്കാർക്ക് സുഖകരമായ ഉറക്കവും ലഭിക്കും. ബെർത്തുകളുടെ നിലവാരം അടക്കമുള്ളവ ട്രെയിനുകൾ പുറത്തിറങ്ങിയ ശേഷം മാത്രമേ വ്യക്തമാകൂ. ഓരോ കോച്ചുകളിലും മൂന്ന് ശുചിമുറികൾ വീതമാകും ഉണ്ടാകുക. സാധാരണ വന്ദേ ഭാരത് എക്സ്പ്രസിന് ഒരു കോച്ചിൽ രണ്ട് ശുചിമുറികളും എൽഎച്ച്ബി കോച്ചിൽ നാല് ശുചിമുറികളുമാണ് ഉള്ളത്. പുതിയ വന്ദേ ഭാരത് സ്ലീപ്പറിൽ നാലാമത്തെ ശുചിമുറിക്കു പകരം മിനി പാൻട്രിയായിരിക്കും ഉണ്ടാകുക. ഓരോ കോച്ചിലുമുള്ള യാത്രക്കാർക്കുള്ള ഭക്ഷണവിതരണം ഇവിടെ നിന്നായിരിക്കും.

Tags:    
News Summary - First look of Vande Bharat sleeper train coaches out! See Images

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.