രാജ്യെത്ത സമ്പദ്‍വ്യവസ്ഥയിൽ നിർണായക സ്വാധീനം ചെലുത്താൻ ശേഷിയുള്ള അതിവേഗ പാതയായ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഒന്നാംഘട്ടം പൂർത്തിയായി. 12,150 കോടി ചെലവിൽ നിർമിച്ച 246 കിലോമീറ്റർ സോഹ്‌ന-ദൗസ സ്‌ട്രെച്ച് ആണ് പ്രവർത്തന സജ്ജമായത്. ഡൽഹിയും മുംബൈയും തമ്മിൽ ബന്ധിപ്പിക്കുകയും യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയ്ക്കുകയും ചെയ്യുന്ന എക്സ്പ്രസ് വേ നിരവധി സവിശേഷതകൾ ഉള്ളതാണ്.
1386 കിലോമീറ്റർ നീളത്തിൽ രാജ്യത്തെ ഏറ്റവും വലിയ എക്സ്പ്രസ് വേയാണ് ഡൽഹി-മുംബൈ അതിവേഗ പാത. പാത പൂർണമാകുന്നതോടെ ഇരു നഗരങ്ങൾക്കുമിടയിലെ ആകെ ദൂരം 1424 കി.മീറ്ററിൽ നിന്ന് 1242 കിലോമീറ്ററായി കുറയും. എന്നാൽ കിലോമീറ്ററിൽ അധികം കുറവുവരുന്നില്ലെങ്കിലും യാത്രാസമയത്തിൽ വൻ വ്യത്യാസമാകും പാത വരുത്തുക.എക്സ്പ്രസ്സ് ഹൈവേയിലൂടെയുള്ള യാത്ര ഡൽഹി-മുംബൈ യാത്രാ സമയം 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി ചുരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആദ്യ സ്ട്രച്ച് തുറക്കുന്നതോടെ ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കുള്ള യാത്രാസമയം അഞ്ച് മണിക്കൂറിൽ നിന്ന് 3.5 ആയി കുറയും. ഡല്‍ഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങി ആറ് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. പ്രധാന നഗരങ്ങളായ കോട്ട, ഇൻഡോർ, ജയ്പൂര്‍, ഭോപ്പാൽ, വഡോദര, സൂറത്ത് തുടങ്ങിയ നഗരങ്ങളെ പാത ബന്ധിപ്പിക്കും.
13 തുറമുഖങ്ങൾ, 8 പ്രധാന വിമാനത്താവളങ്ങൾ, 8 മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കുകൾ (MMLP) എന്നിവയ്‌ക്കൊപ്പം വരാനിരിക്കുന്ന ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളായ ജെവാർ, നവി മുംബൈ, ജെഎൻപിടി പോർട്ട് എന്നിവയ്ക്കും എക്സ്പ്രസ് വേയുടെ സേവനം ലഭിക്കും. നാൽപ്പതിലധികം പ്രധാന ഇന്റർചേഞ്ചുകളും ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, പൈപ്പ് ലൈനുകൾ, സോളാർ വൈദ്യുതി ഉൽപ്പാദനം എന്നിവയുൾപ്പെടെ യൂട്ടിലിറ്റി ലൈനുകൾ സ്ഥാപിക്കുന്നതിന് മൂന്ന് മീറ്റർ വീതിയുള്ള ഇടനാഴിയും എക്സ്പ്രസ്സ് വേയിൽ ഉണ്ടാകും.
2,000-ലധികം വാട്ടർ റീചാർജ് പോയിന്റുകളിൽ 500 മീറ്റർ ഇടവേളയിൽ മഴവെള്ള സംഭരണം കൂടാതെ ഓട്ടോമേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സംവിധാനവും ഇതിനുണ്ട്. ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ നിർമാണത്തിന് 50 ഹൗറ പാലങ്ങൾക്ക് തുല്യമായ 12 ലക്ഷം ടൺ സ്റ്റീൽ ഉപയോഗിക്കും. 15,000 ഹെക്ടർ ഭൂമിയാണ് റോഡിനായി ഏറ്റെടുത്തത്. എക്‌സ്പ്രസ് വേയിൽ യാത്രാനുഭവം മെച്ചപ്പെടുത്താൻ 94 വഴിയോര കേന്ദ്രങ്ങളുമുണ്ടാകും.
അനിമൽ ഓവർപാസുകളും അണ്ടർപാസുകളും ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് വേയാണിത്. രൺതംഭോർ വന്യജീവി സങ്കേതത്തിലൂടെയും ഹൈവേ കടന്നുപോകുന്നുണ്ട്. 10 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതാണ് പദ്ധതിയെന്നും. 21 മീറ്റർ മീഡിയനിൽ വികസിപ്പിച്ച ആദ്യ എക്‌സ്പ്രസ് വേയാണിതെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.