ഇന്ത്യക്കാരുടെ ചെറുകാറെന്ന സ്വപ്നം ഒരുകാലത്ത് സാക്ഷാത്കരിച്ച വാഹനമാണ് ടാറ്റ നാനോ. വിപണിയിൽ ഒരു പരാജയം ആയിരുന്നെങ്കിലും നാനോകളെ ഒരിക്കലും ചരിത്രത്തിൽ നിന്ന് പുറത്താക്കാനാവില്ല. നാനോ ഒരു ഇലക്ട്രിക് കാറായി പുനരവതരിപ്പിക്കാൻ ടാറ്റ ഒരുങ്ങുന്നു എന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ഇതിന് സ്ഥിരീകരണമൊന്നും ലഭിച്ചതുമില്ല. ഇപ്പോൾ നാനോയെപ്പറ്റി പറയാൻ കാരണം ഒരു വാഹന പരിണാമത്തിന്റെ കഥ പറയാനാണ്.
തന്റെ ടാറ്റ നാനോ ഹെലിക്കോപ്ടറായി പരിവർത്തിപ്പിച്ചിരിക്കുകയാണ് ഒരു യു.പിക്കാരൻ. ഉത്തർപ്രദേശിലെ അസംഗഢിൽ നിന്നുള്ള യുവാവാണ് തന്റെ ടാറ്റ നാനോ കാർ ഒരു ഹെലിക്കോപ്ടർ രൂപത്തിലേക്ക് മാറ്റിയിരിക്കുന്നത്. തൊഴിൽപരമായി മരപ്പണിക്കാരനായ സൽമാൻ ആണ് ഈ കരവിരുതിന്റെ ഉടമ. 3 ലക്ഷത്തിലധികം രൂപ ചിലവഴിച്ച് നാല് മാസമെടുത്താണ് തന്റെ സ്വപ്നമായ കാർ-കം-ഹെലികോപ്റ്റർ ഇയാൾ നിർമ്മിച്ചത്.
‘എന്റെ ഗ്രാമവും ജില്ലയും ജനകീയമാക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇത് ചെയ്തത്. സർക്കാരിൽ നിന്നും വൻകിട കമ്പനികളിൽ നിന്നും ഞങ്ങൾ ആഗ്രഹിക്കുന്നത് ഞങ്ങളെ സഹായിക്കുകയും നമ്മുടെ സ്വപ്നങ്ങൾ പറക്കാൻ അനുവദിക്കുകയും ചെയ്യുക എന്നതാണ്. ഭാവിയിൽ വെള്ളത്തിലും കരയിലും വായുവിലും ഓടാൻ കഴിയുന്ന ഒരു വാഹനം നിർമ്മിക്കുകയാണ് എന്റെ സ്വപ്നം’-സൽമാൻ മാധ്യമങ്ങളോട് പറഞ്ഞു.
സൽമാന്റെ നാനോ ഹെലികോപ്റ്ററിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അസംഗഡിലുള്ള ബഹുഭൂരിപക്ഷം മനുഷ്യരും ഇതുവരെ വിമാനത്തിലോ ഹെലികോപ്ടറിലോ ഒന്നും കയറാത്തവരാണ്. അതിനുള്ള സാമ്പത്തികശേഷിയുള്ളവർ വളരെ കുറവാണ്. സൽമാൻ നിർമ്മിച്ചിരിക്കുന്ന ഈ കാർ-ഹെലികോപ്ടർ നാട്ടുകാർക്ക് വലിയ അത്ഭുതമായി മാറിയിട്ടുണ്ട്. പറക്കില്ലെങ്കിലും ഒരു ഹെലിക്കോപ്ടർ രൂപം കാണാനായതിന്റെ സന്തോഷമാണ് ഇവർക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.