ടെസ്‍ലയിൽ ഇലോൺ മസ്ക് വാങ്ങുന്ന പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കം നിയമപോരാട്ടത്തിലേക്ക്. കേസിലെ വിചാരണ നവംബർ 14ന് തുടങ്ങും. കമ്പനിയിൽ മുഴുവൻ സമയ സേവനമനുഷ്ഠിക്കാതെ 5600 കോടി ഡോളർ (4.58 ലക്ഷം കോടിയിലേറെ രൂപ) ശമ്പളം മസ്കിനു നൽകുന്ന പാക്കേജ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടെസ്‍ലയുടെ ഓഹരിയുടമകളിലൊരാളാണ് കേസ് കൊടുത്തത്.
ട്വിറ്റർ ഏറ്റെടുത്തശേഷം നടത്തുന്ന പരിഷ്കാരങ്ങളുടെ തിരക്കിൽ നിൽക്കുന്ന ഇലോൺ മസ്കിന് ടെസ്‍ല കേസ് തലവേദനയാകും. ടെസ്‍ല സ്ഥാപകൻ കൂടിയാണ് ഇലോൺ മസ്ക്. ചൊവ്വയിൽ മനുഷ്യവാസമെന്ന സ്പേസ് എക്സ് സ്വപ്നപദ്ധതിക്കു പണം കണ്ടെത്താനാണ് ടെസ്‍ലയിൽനിന്നു മസ്ക് വൻ തുക പ്രതിഫലം പറ്റുന്നത്. ട്വിറ്റർ ഏറ്റെടുക്കുന്നതിനായി ചെലവഴിച്ച 4400 കോടി ഡോളർ (3.60 ലക്ഷം കോടി രൂപ) മസ്ക് കണ്ടെത്തിയതും ടെസ്‍ല ഓഹരികളിൽനിന്നാണ്.
2018 ലാണ് മസ്കിന്റെ ശമ്പള കരാർ നിലവിൽ വന്നത്. ഡെലവെയറിലെ ചാൻസറി കോടതിയിൽ കാതലീൻ മക്കോർമിക് ആണ് കേസ് കേൾക്കുന്നത്. ടെസ്‌ല ഷെയർഹോൾഡർ റിച്ചാർഡ് ടൊർനെറ്റയാണ് കേസ് കൊടുത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മൂല്യവത്തായ സ്വകാര്യ കമ്പനികളിലൊന്നായ സ്‌പേസ് എക്‌സിന്റെ സ്ഥാപകനും സി.ഇ.ഒയുമാണ് ഇലോൺ മസ്ക്. കൂടാതെ ടണലിങ് സംരംഭമായ ദി ബോറിംഗ് കോ, ഓപ്പൺഎഐ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ ലാബ്, ബ്രെയിൻ ഇംപ്ലാന്റുകൾ നിർമിക്കുന്ന ന്യൂറലിങ്ക് എന്നിവയുടെയെ ല്ലാം സ്ഥാപകനോ സഹസ്ഥാപകനോ ആണ് മസ്ക്. ഇതിനെല്ലാം പുറമേ ട്വിറ്റർ ഏറ്റെടുത്ത അദ്ദേഹം അതിന്റെ സി.ഇ.ഒ കൂടിയാണ്.
റിച്ചാർഡ് ടൊർനെറ്റോ പറയുന്നത് മസ്ക് ടെസ്‍ലയിൽ പാർട്ട് ടൈം സി.ഇ.ഒ ആണെന്നാണ്. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ താൻ ടെസ്ലയിലും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സിലും ജോലി ചെയ്തിരുന്നുവെന്ന മസ്കിന്റെ തന്നെ പ്രസ്താവനയാണ് കേസിന് ആധാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.